ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

അടിയന്തര വായ്പാസഹായപദ്ധതിയുടെ (ഇസിഎല്‍ജിഎസ്) പരിധി വര്‍ധിപ്പിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം


നടപടി അതിഥിസല്‍ക്കാര- അനുബന്ധമേഖലകള്‍ക്ക് ഉണര്‍വേകാൻ ലക്ഷ്യമിട്ട്

ഇസിഎല്‍ജിഎസിനുകീഴില്‍ ഇതുവരെ അനുവദിച്ചത് ഏകദേശം 3.67 ലക്ഷം കോടി രൂപ വായ്പ

Posted On: 17 AUG 2022 3:20PM by PIB Thiruvananthpuram

അടിയന്തര വായ്പാസഹായപദ്ധതിയുടെ (ഇസിഎല്‍ജിഎസ്) പരിധി 4.5 ലക്ഷം കോടി രൂപയില്‍ നിന്ന് 50,000 കോടി രൂപ വർധിപ്പിച്ച് 5 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.  കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് അതിഥിസല്‍ക്കാര-അനുബന്ധ മേഖലകളിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് നടപടി.


നടപ്പാക്കല്‍ പ്രക്രിയ:

ഇസിഎല്‍ജിഎസ് ഒരു തുടര്‍പദ്ധതിയാണ്. 2023 മാര്‍ച്ച് 31 വരെയുള്ള പദ്ധതികാലാവധിവരെ അതിഥിസല്‍ക്കാര- അനുബന്ധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് അധികമായി 50,000 കോടി രൂപ പുതിയ തീരുമാനത്തിന്റെ ഫലമായി ലഭിക്കും.


അനന്തരഫലം:

ഇസിഎല്‍ജിഎസ് ഇപ്പോൾത്തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ്. അതിഥിസല്‍ക്കാര-അനുബന്ധ മേഖലകളില്‍ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ കാരണം ഈ മേഖലകളിലെ സംരംഭങ്ങള്‍ക്കായി ഗവണ്മെന്റ് പ്രത്യേകമായി 50,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ 50,000 കോടി രൂപ വരെ അധിക വായ്പ നല്‍കുന്നതിന് വായ്പനല്‍കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ മേഖലകളിലെ സംരംഭങ്ങള്‍ക്ക് ആവശ്യമായ ഉണർവേകാൻ ഈ വർധനയ്ക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. അതുവഴി ഈ വ്യവസായസംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനബാധ്യതകള്‍ നിറവേറ്റാനും അവരുടെ വ്യവസായം തുടരാനും  കഴിയും.

2022 ഓഗസ്റ്റ് അഞ്ചുവരെ ഇസിഎല്‍ജിഎസ് പ്രകാരം ഏകദേശം 3.67 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.

പശ്ചാത്തലം:

കോവിഡ് മഹാമാരി, പ്രത്യേകിച്ച് അതിഥിസല്‍ക്കാര- അനുബന്ധ മേഖലകളെ, കൂടുതല്‍ ഗുരുതരമായി ബാധിച്ചു. മറ്റു മേഖലകള്‍ താരതമ്യേന വേഗത്തില്‍ തിരിച്ചെത്തിയപ്പോള്‍, ഈ മേഖലകളിലെ പ്രതിസന്ധി നീണ്ടുനിന്നു. ഇത് ഈ മേഖലകളുടെ അതിജീവനത്തിനും തിരിച്ചുവരവിനും ഇടപെടലുകള്‍ അനിവാര്യമാക്കി. കൂടാതെ, ഈ മേഖലകളിലെ ഉയര്‍ന്ന തൊഴില്‍ശക്തിയും മറ്റു മേഖലകളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍, മൊത്തത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിന് അവയുടെ പുനരുജ്ജീവനം ആവശ്യമായി വന്നു. ഇത് അംഗീകരിച്ചുകൊണ്ട്, 2022-23ലെ കേന്ദ്രബജറ്റില്‍, ഇസിഎല്‍ജിഎസിന്റെ സാധുത 2023 മാര്‍ച്ചുവരെ നീട്ടുകയും അതിഥിസൽക്കാര-അനുബന്ധ മേഖലകൾക്കു മാത്രമായി ഇസിഎല്‍ജിഎസ് പരിധി 50,000 കോടി രൂപ വർധിപ്പിച്ച് 5  ലക്ഷം കോടിരൂപയാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഉയർന്നതോതിലുള്ള പ്രതിരോധ കുത്തിവയ്പ്പ്, നിയന്ത്രണങ്ങൾ പിൻവലിക്കൽ, മൊത്തത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ എന്നിവയ്ക്കൊപ്പം, ഈ മേഖലകൾക്കും ആവശ്യകതയിൽ സുസ്ഥിരമായ വളർച്ചയ്ക്കു സാഹചര്യങ്ങൾ നിലവിലുണ്ട്. ഈ അധിക ഗ്യാരന്റി പരിരക്ഷ ഈ മേഖലകളുടെ വീണ്ടെടുക്കലിനും സഹായകമാകുമെന്നാണു പ്രതീക്ഷ.

-ND-


(Release ID: 1852592) Visitor Counter : 135