സാംസ്‌കാരിക മന്ത്രാലയം

'ആസാദി കാ അമൃത് മഹോൽസവ്’ ദേശീയ സമിതിയുടെ മൂന്നാം യോഗത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


‘ആസാദി കാ അമൃത് മഹോൽസവ്’ ഇന്നത്തെ തലമുറയുടെ ‘സംസ്കാർ ഉത്സവ്’ ആണ്: പ്രധാനമന്ത്രി



നമ്മുടെ രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ‘സങ്കൽപ്പ് സേ സിദ്ധി’യുടെ കാലഘട്ടമാകും അമൃതകാലം: പ്രധാനമന്ത്രി



നാം നമ്മുടെ ഐക്യം ഊട്ടിയുറപ്പിക്കുകയും ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സത്ത മുന്നോട്ടുകൊണ്ടുപോകുകയും വേണം: പ്രധാനമന്ത്രി



ഐക്യത്തിന്റെ പ്രതീകമാണ് ‘തിരംഗ’; രാജ്യത്തിനു പുരോഗതിയും സമൃദ്ധിയും നൽകുന്ന ഐക്യത്തിന്റെ പ്രതീകം: പ്രധാനമന്ത്രി

Posted On: 06 AUG 2022 8:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ‘ആസാദി കാ അമൃത് മഹോൽസവു’മായി  ബന്ധപ്പെട്ട ദേശീയ സമിതിയുടെ മൂന്നാം യോഗത്തെ അഭിസംബോധനചെയ്തു. ലോക്‌സഭാ സ്പീക്കർ, ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ആത്മീയനേതാക്കൾ, കലാകാരന്മാർ, ചലച്ചിത്രപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുൾപ്പെടെ ദേശീയ സമിതിയിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. നിരവധി പേർ ഓൺലൈനിലൂടെയും യോഗത്തിൽ പങ്കെടുത്തു. സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ ‘ആസാദി കാ അമൃത് മഹോൽസവി’ന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.

2021 മാർച്ച് 12നാണു പ്രധാനമന്ത്രി ‘ആസാദി കാ അമൃത് മഹോൽസവി’നു തുടക്കംകുറിച്ചത്. അതിനുമുമ്പായി 2021 മാർച്ച് 8നാണു ദേശീയസമിതിയുടെ ആദ്യയോഗം ചേർന്നത്. സമിതിയുടെ രണ്ടാമത്തെ യോഗം 2021 ഡിസംബർ 22നു നടന്നു.

‘ആസാദി കാ അമൃത് മഹോൽസവി’ന്റെ വിജയം രാജ്യത്തെ ഓരോ പൗരന്റെയും സംഭാവനയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോൽസവ്’ ജനങ്ങളിലെത്തിക്കുന്നതിനായി ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിലെ സമിതികൾ രാപ്പകൽ ഭേദമെന്യേ പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആസാദി കാ അമൃത് മഹോൽസവി’ന്റെ വൈകാരികതലമാണു പ്രചാരണത്തിന്റെ കാതലെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തു ദൃശ്യമായ ദേശസ്നേഹം അഭൂതപൂർവമായിരുന്നു. അതേ ആവേശം തന്നെയാണു നമ്മുടെ ഇന്നത്തെ തലമുറയിൽ നാം ഉൾക്കൊള്ളിക്കേണ്ടതും രാഷ്ട്രനിർമാണത്തിനായി അതു പരിവർത്തനം ചെയ്യേണ്ടതും- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘ആസാദി കാ അമൃത് മഹോൽസവ്’ രാജ്യത്തു തീക്ഷ്ണമായ ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും രാഷ്ട്രനിർമാണവുമായി നമ്മുടെ യുവാക്കൾക്കു വൈകാരിക ബന്ധം സ്ഥാപിക്കാനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ പശ്ചാത്തലത്തിൽ, രാജ്യത്തിനുവേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം യുവാക്കളിൽ നിറയ്ക്കുന്ന സംസ്കാര‌ികോത്സവമാണ് എകെഎഎം- പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ തലമുറയാണു നാളെയുടെ നേതാക്കളാകുന്നത്. അതിനാൽ ഇന്ത്യ@100ന്റെ സ്വപ്നങ്ങളും ദർശനങ്ങളും സാക്ഷാത്കരിക്കാനുള്ള കടമയും ഉത്തരവാദിത്വവും നാം അവരിൽ വളർത്തിയെടുക്കണം. സാങ്കേതികവിപ്ലവം മാറ്റത്തിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തലമുറകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതു പതിറ്റാണ്ടുകൾകൊണ്ടിപ്പോൾ സാധ്യമാക്കാം. നമ്മുടെ രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്കു പഴയ സാങ്കേതിക വിദ്യകളെ ആശ്രയിക്കാനാകില്ല. അതിനാൽ യുവാക്കളുടെ കഴിവു വളർത്തിയെടുക്കണം. വരുംകാലങ്ങളിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ ആവശ്യമായ വൈദഗ്ധ്യം അവർക്ക് ഒരുക്കിക്കൊടുക്കേണ്ടതു പ്രാധാന്യമർഹിക്കുന്നു.

പ്രാദേശിക ഗോത്ര മ്യൂസിയങ്ങൾ നിർമിച്ചു ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികൾക്കു നാം ആദരമർപ്പിക്കണമെന്ന് അവരുടെ സംഭാവനകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിൽ വസിക്കുന്നവരുടെ ജീവിതം യുവാക്കൾക്കു പരിചയപ്പെടുത്താൻ അതിർത്തിഗ്രാമം പരിപാടി ഏറ്റെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതുപോലെ, എല്ലാ ജില്ലയിലും 75 സരോവരങ്ങൾ നിർമിക്കാനുള്ള പരിപാടിയും സമാനമായി ജല-പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന പരിപാടികളും താഴെത്തട്ടിൽ രൂപപ്പെടുത്തണം. യുവാക്കൾ ഈ പദ്ധതികളിൽ ഇടപഴകണമെന്നും ഇത്തരം പദ്ധതികൾ രാജ്യത്തിന്റെ അടിസ്ഥാന യാഥാർഥ്യങ്ങൾ മനസിലാക്കാൻ യുവാക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ഐക്യമുള്ള രാഷ്ട്രം പുരോഗമന രാഷ്ട്രമാകും എന്നതിനാൽ, നാം നമ്മുടെ ഐക്യം ഊട്ടിയുറപ്പിക്കുകയും ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സത്ത മുന്നോട്ടുകൊണ്ടുപോകുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ‘തിരംഗ’ ദേശീയ പതാക (ത്രിവർണ പതാക) ഐക്യത്തിന്റെ പ്രതീകമാണ്. രാജ്യത്തിനു പുരോഗതിയും സമൃദ്ധിയും നൽകുന്ന ഐക്യത്തിന്റെ പ്രതീകം- അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്തെ വിജയത്തിന്റെ പരകോടി‌യിൽ എത്തിക്കുന്ന ‘സങ്കൽപ്പ് സേ സിദ്ധി’യുടെ (നിശ്ചയദാർഢ്യത്താൽ നേടിയെടുക്കൽ) ചൈതന്യം അടയാളപ്പെടുത്തുന്ന അമൃതകാലത്തിലൂടെയാണു നാം കടന്നുപോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോൽസവ്’ കൂടുതൽ സമൃദ്ധമാക്കുന്നതിനായുള്ള നിർദേശങ്ങൾ അയക്കാൻ സമിതി അംഗങ്ങളോട് അദ്ദേഹം ഒരിക്കൽകൂടി അഭ്യർഥിച്ചു.

‘ആസാദി കാ അമൃത് മഹോൽസവ്’ സംഘടിപ്പിച്ചതിനു സമിതി അംഗങ്ങൾ പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു. അമൃത മഹോൽസവത്തിനു കീഴിൽ അവർ ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ക്യാമ്പെയ്‌ൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. ‘ആസാദി കാ അമൃത് മഹോൽസവ്’ ദേശീയ സമിതിയുടെ മൂന്നാം യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ സ്വാഗതം പറഞ്ഞു. രാജ്യത്തു നാളിതുവരെ 60,000ത്തിലധികം പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും എകെഎഎം പരിപാടി ദേശീയതലംമുതൽ സംസ്ഥാനം, ജില്ല തുടങ്ങി താഴെത്തട്ടിൽവരെ വ്യാപിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ വിശദീകരിച്ചു. വിലയേറിയ നിർദേശങ്ങളും സമയവും നൽകിയതിനു പ്രധാനമന്ത്രിക്കും ദേശീയ സമിതി അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

‘ആസാദി കാ അമൃത് മഹോൽസവ്’ ജനപങ്കാളിത്തത്താലും സമൂഹത്തിന്റെ സമഗ്രസമീപനത്താലും ഉന്നതനിലവാരം പുലർത്തുന്നുവെന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും പരിപാടി എത്തിച്ചേർന്നുവെന്നും സെക്രട്ടറി ഗോവിന്ദ് മോഹൻ പറഞ്ഞു.

--ND--

 



(Release ID: 1849338) Visitor Counter : 199