ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് കേസുകളിലും പോസിറ്റിവിറ്റിയിലും വർദ്ധനയുള്ള കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലെ 115 ജില്ലകളിലെ കോവിഡ്-19 സ്ഥിതിഗതികൾ കേന്ദ്രം അവലോകനം ചെയ്തു

Posted On: 20 JUL 2022 2:58PM by PIB Thiruvananthpuram

കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, ആസാം, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, മിസോറാം, അരുണാചൽ പ്രദേശ് എന്നീ 9 സംസ്ഥാനങ്ങളിലെ കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു. ഈ സംസ്ഥാനങ്ങളിൽ പുതിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ അല്ലെങ്കിൽ പോസിറ്റിവിറ്റി നിരക്കിൽ വർദ്ധന റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് നിയന്ത്രണവും പരിപാലനവും ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ പ്രധാനപ്പെട്ട നിർദേശങ്ങൾ:

1. ഉയർന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്ന എല്ലാ ജില്ലകളും പരിശോധനകൾ വർധിപ്പിക്കണം. RTPCR ടെസ്റ്റുകളുടെ അനുപാതവും വർധിപ്പിക്കണം

2. ഹോം ഐസൊലേഷൻ കേസുകൾ കർശനമായും ഫലപ്രദമായും നിരീക്ഷിക്കണം

3. 2022 ജൂൺ 9-ന് പുറപ്പെടുവിച്ച പുതുക്കിയ നിരീക്ഷണ മാർഗനിർദേശം അനുസരിച്ച്, നിരീക്ഷണം നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ല തിരിച്ചുള്ള SARI, ILI കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി. കൂടാതെ, തെരഞ്ഞെടുത്തിട്ടുള്ള INSACOG ലാബുകളിലേക്ക് ജീനോം സീക്വൻസിംഗിനായി ഇവ അയയ്‌ക്കാനും ആവശ്യപ്പെട്ടു.

4. അന്താരാഷ്‌ട്ര യാത്രക്കാരുടെ കോവിഡ് പരിശോധന നിശ്ചിത അനുപാതം അനുസരിച്ഛ് നടത്തുകയും, എല്ലാ കോവിഡ് കേസുകളുടെ ജീനോം സീക്വൻസിങ് നടത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സമ്പൂർണ ജീനോം സീക്വൻസിംഗിനായി സാമ്പിളുകൾ അയയ്‌ക്കുന്നതിന് INSACOG ശൃംഖലയിലെ സെന്റിനൽ സൈറ്റുകൾ തിരിച്ചറിയണം.

5. സമൂഹത്തിലെ വലിയ ക്ലസ്റ്ററുകൾ / വ്യാപന തോത് കൂടിയ ഇടങ്ങൾ, അസാധാരണ സംഭവങ്ങൾ എന്നിവയിൽ നിന്ന് പോസിറ്റീവ് സാമ്പിളുകൾ സമ്പൂർണ ജീനോം സീക്വൻസിംഗിനായി അയയ്‌ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

6. ക്ലിനിക്കൽ പരിപാലനം ആവശ്യമുള്ള കേസുകൾ സമയബന്ധിതമായി തിരിച്ചറിയുന്നതിനായി, RAT വഴി ഹോം ടെസ്റ്റ് കിറ്റുകൾ തിരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച റിപ്പോർട്ട് നല്കന്നതിനെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് അവബോധം നൽകി. അത്തരത്തിലുള്ള എല്ലാ പോസിറ്റീവ് രോഗികളും സമൂഹത്തിൽ രോഗ ബാധ പടരുന്നത് തടയുന്നതിന് ഹോം ഐസൊലേഷനായി നിർദ്ദേശിക്കപ്പെടണം.

7. 1, 2, മുൻകരുതൽ ഡോസുകൾക്ക് നിലവിലുള്ള സൗജന്യ കോവിഡ്-19 വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. 2022 സെപ്തംബർ 30 വരെ നടത്തുന്ന ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ്’ വഴി 18-വയസ്സിലധികം പ്രായമുള്ള ആളുകൾക്ക് സൗജന്യ മുൻകരുതൽ ഡോസുകൾ നൽകുന്നത് വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

8. അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ഉചിതമായ കോവിഡ് പ്രതിരോധ ശീലങ്ങൾ നടപ്പാക്കേണ്ടത് നിർണായകമാണെന്ന് സംസ്ഥാനങ്ങളോട് 

ആവർത്തിച്ചു വ്യക്തമാക്കി. സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ അനുപാതം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും വാക്സിനേഷന്റെ വേഗത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്ന എല്ലാ ജില്ലകളിലും കർശന നിരീക്ഷണം ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
 
പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), മിഷൻ ഡയറക്ടർ (എൻഎച്ച്എം), സംസ്ഥാനങ്ങളിൽ നിന്നുള്ള സർവൈലൻസ് ഓഫീസർമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
***


(Release ID: 1843179) Visitor Counter : 135