ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാജ്യത്ത് ജനിതക രോഗങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 14 JUL 2022 1:25PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജൂലൈ 14, 2022  

തലസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങൾ മൂലം രാജ്യത്ത് ഉണ്ടാകുന്ന    പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ്  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു. ജനിതക വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനങ്ങൾ കുട്ടികളുടെ കൂട്ട പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ന് ഹൈദരാബാദിലെ തലസീമിയ ആൻഡ് സിക്കിൾ സെൽ സൊസൈറ്റിയിൽ (ടിഎസ്‌സിഎസ്) റിസർച്ച് ലബോറട്ടറി, അഡ്വാൻസ്‌ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, രണ്ടാം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കവെ, ജനിതക രോഗങ്ങളെ ചെറുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ പൂർത്തീകരിക്കാൻ സ്വകാര്യമേഖലയോടും എൻജിഒകളോടും ഉപരാഷ്ട്രപതി അഭ്യർഥിച്ചു.

ഈ ജനിതക അവസ്ഥകൾക്കുള്ള ലഭ്യമായ ചികിൽസാ മാർഗ്ഗങ്ങൾ -- മജ്ജ മാറ്റിവയ്ക്കൽ അല്ലെങ്കിൽ സാധാരണ രക്തപ്പകർച്ച -  ചെലവേറിയതും കുട്ടികൾക്ക് വിഷമകരവുമാണെന്ന് ശ്രീ നായിഡു പറഞ്ഞു. അതിനാൽ, ആരോഗ്യപരിരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുന്നതിന്, സ്വകാര്യമേഖല കൂടുതൽ രോഗനിർണയ-ചികിത്സാ സൗകര്യങ്ങൾ, പ്രത്യേകിച്ച് റ്റിയർ രണ്ട്, മൂന്ന് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 10 മുതൽ 15 ആയിരം കുഞ്ഞുങ്ങൾ തലസീമിയയുമായി ജനിക്കുന്നുണ്ടെന്ന് പരാമർശിച്ച ഉപരാഷ്ട്രപതി, ഈ ജനിതക രോഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് അവയുടെ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും വലിയ തടസ്സമെന്ന് പറഞ്ഞു. അതിനാൽ, തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നിവയെക്കുറിച്ച്  ബോധവൽക്കരണം നടത്താൻ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനിതക വൈകല്യങ്ങൾ കുടുംബങ്ങളിൽ കനത്ത സാമ്പത്തികവും വൈകാരികവുമായ ഭാരം അടിച്ചേൽപ്പിക്കുന്നതായി ശ്രീ വെങ്കയ്യ നായിഡു പറഞ്ഞു. ഇന്ത്യയിൽ ബീറ്റാ-തലാസീമിയയുടെ വ്യാപനം 2.9 മുതൽ 4.6% വരെയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, അതേസമയം സമൂഹത്തിലെ താഴ്ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ സിക്കിൾ സെൽ അനീമിയ കൂടുതലായി കാണപ്പെടുന്നു, ഗോത്രവർഗ ജനസംഖ്യയിൽ 5 മുതൽ 40% വരെയാണ് ഇത്.

ജനിതക വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നത് രോഗികളെ കൗൺസിലിംഗ് ചെയ്യാൻ സഹായിക്കുമെന്നും, അതിലൂടെ കുട്ടികളിൽ ഗുരുതരമായ ജനിതക വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന വികലമായ ജീനുകളുടെ നിശബ്ദ വാഹകരായ രണ്ട് വ്യക്തികൾ തമ്മിലുള്ള   വിവാഹം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
RRTN/SKY

(Release ID: 1841471) Visitor Counter : 145