വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്യാം ബനഗല്‍ ചിത്രം 'മുജീബ് - ദ മേക്കിങ് ഓഫ് എ നേഷന്റെ' ട്രെയിലര്‍ കാന്‍ ചലച്ചിത്ര മേളയില്‍ പുറത്തിറക്കി
Posted On:
19 MAY 2022 10:58PM by PIB Thiruvananthpuram
ബംഗ്ലാദേശ് രാഷ്ട്ര പിതാവ് 'ബംഗബന്ധു' ഷേഖ് മുജീബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി ശ്രീ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത 'മുജീബ് - ദ മേക്കിങ് ഓഫ് എ നേഷന്‍' സിനിമയുടെ ട്രെയിലര്‍ കാന്‍ ചലച്ചിത്ര മേളയില്‍ പുറത്തിറക്കി. കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂര്‍, ബംഗ്ലാദേശ് വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രി ഡോ. ഹസന്‍ മഹ്‌മൂദ് എന്നിവര്‍ ചേര്‍ന്ന് മെയ് 19 ന് 'ഫെസ്റ്റിവല്‍ ഡി കാന്‍സ് 2022' ലെ 'മാര്‍ച്ചെ ഡു ഫിലിംസി'ലെ ഇന്ത്യ പവലിയനിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ശ്രീ ശ്യാം ബെനഗല്‍ വീഡിയോ സന്ദേശത്തിലൂടെ ട്രെയിലറിനെ കുറിച്ചു വിവരിച്ചു.

ചരിത്രത്തിന്റെ ഭാഗമായ ഒരു നേതാവിന്റെ (മുജീബ്) ഇതിഹാസ ചരിത്രം വിവരിക്കുന്ന ഒരു ട്രെയിലറിനാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിച്ചതെന്ന് ശ്രീ അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. ചിത്രം ആഗോള തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജീവിതവും പാരമ്പര്യവും, യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തി മികച്ച രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രി ഡോ. ഹസന്‍ മഹ്‌മൂദ് പറഞ്ഞു. ചിത്രം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഇന്ത്യ - ബംഗ്ലാദേശ് ഗവണ്‍മെന്റുകള്‍ക്ക് സംവിധായകന്‍ ശ്രീ ശ്യാം ബെനഗല്‍ നന്ദി അറിയിച്ചു.
ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ജാവേദ് അഷ്‌റഫ്, ഫ്രാന്‍സിലെ ബംഗ്ലാദേശ് അംബാസഡര്‍ ഖോണ്ഡ്കര്‍ മൊഹമ്മദ് തല്‍ഹ, കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണ വകുപ്പ് സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്ര, എന്‍ എഫ് ഡി സി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ശ്രീ. രവീന്ദര്‍ ഭാകര്‍, ബംഗ്ലാദേശ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ നുസ്ഹത് യാസ്മിന്‍, ചലച്ചിത്ര താരങ്ങളായ ആരിഫിന്‍ ഷുവൂ, നസ്രത് ഇംറോസ് ടിഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

'ബംഗബന്ധു' എന്ന പേരില്‍ അറിയപ്പെടുന്ന മഹാനായ നേതാവിന്റെ ജന്മ ശതാബ്ദിയില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് 'മുജീബ് - ദ മേക്കിങ് ഓഫ് എ നേഷന്‍' എന്ന ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എന്‍ എഫ് ഡി സി ഇന്ത്യയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കാണാം. ബംഗ്ലാദേശ് ചലച്ചിത്ര താരം ആരിഫിന്‍ ഷുവൂ ആണ് ഷേഖ് മുജീബുര്‍ റഹ്‌മാനായി വേഷമിടുന്നത്. അദ്ദേഹത്തിന്റെ പാതി മെയ്യായ ഷേഖ് ഫസിലത്തുന്നീസയായി (രേണു) നസ്രത് ഇംറോസ് ടിഷയും അഭിനയിക്കുന്നു. രാജ്യ സ്‌നേഹത്തിന്റെ പ്രതീകമായ മുജീബ് എന്ന വികാരത്തിനായി പ്രതിഫലം പറ്റാതെയാണ് ഇരു താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചത്. സ്‌നേഹ സൂചകമായി ഒരു ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് നാണയം - ഇന്ത്യയിലെ ഏകദേശം 88 പൈസ) മാത്രമാണ് ഇരുവരും സ്വീകരിച്ചത്.
<iframe width="531" height="400" src="https://www.youtube.com/embed/qtTQh0F2Fq4" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
-ND-
(Release ID: 1826785)
Visitor Counter : 215