കല്‍ക്കരി മന്ത്രാലയം
താപ കൽക്കരി ഇറക്കുമതി പരമാവധി കുറയ്ക്കുകയും ഈ മേഖലയിൽ രാജ്യത്തെ സ്വാശ്രയമാക്കുകയുമാണ് കൽക്കരി മന്ത്രാലയത്തിന്റെ ലക്ഷ്യം: കേന്ദ്ര കൽക്കരി മന്ത്രി
Posted On:
06 MAY 2022 4:06PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) അതിന്റെ അടച്ച/നിർത്തലാക്കിയ 20 ഭൂഗർഭ കൽക്കരി ഖനികൾ വീണ്ടും തുറക്കുന്നതിനും വരുമാനം പങ്കിടൽ മാതൃകയിൽ ഉൽപ്പാദനം നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് അവസരം നൽകുന്നു. ഇതിനെക്കുറിച്ച് സ്വകാര്യ മേഖലയെ ബോധവത്കരിക്കുന്നതിനായി ഇന്ന് മുംബൈയിൽ ഒരു നിക്ഷേപക സംഗമം സംഘടിപ്പിച്ചു.
താപ കൽക്കരി ഇറക്കുമതി പരമാവധി കുറക്കാനും ഈ മേഖലയിൽ രാജ്യത്തെ സ്വാശ്രയം ആക്കാനുമാണ് കൽക്കരി മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ നിക്ഷേപകരെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി പറഞ്ഞു. അടച്ച/നിർത്തലാക്കിയ കൽക്കരി ഖനികളിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന കരുതൽ ശേഖരം ഏകദേശം 380 ദശലക്ഷം ടൺ ആണെന്ന് ശ്രീ ജോഷി പറഞ്ഞു. ഖനികളിൽ നിന്ന് 30-40 ദശലക്ഷം ടൺ കൽക്കരി എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുമെന്നും ഇത് തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിൽ ഗവണ്മെന്റ് ഊന്നൽ നൽകുമ്പോൾ, ഊർജ ഉൽപ്പാദനത്തിൽ കൽക്കരിയും പ്രധാന സംഭാവന നൽകുന്ന ഒരു വിഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗവണ്മെന്റിനും വ്യവസായത്തിനും വിജയം ഉറപ്പുനൽകുന്ന എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കാൻ കൽക്കരി മന്ത്രാലയം സന്നദ്ധമാണെന്ന് ശ്രീ ജോഷി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കൽക്കരി ശേഖരമാണ് ഇന്ത്യക്കുള്ളതെന്ന് കൽക്കരി, ഖനി സഹമന്ത്രി ശ്രീ റാവുസാഹേബ് പാട്ടീൽ ദാൻവെ പറഞ്ഞു. 23-24 സാമ്പത്തിക വർഷത്തോടെ ആഭ്യന്തര കൽക്കരി ഉൽപ്പാദനം 1.2 ശതകോടി മെട്രിക് ടണ്ണായി ഉയർത്തുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ശ്രീ ജോഷിയും ശ്രീ ദാൻവേയും ചേർന്ന് കൽക്കരി മന്ത്രാലയം തയ്യാറാക്കിയ "കൽക്കരി മേഖലയ്ക്കുള്ള സാങ്കേതിക കർമ്മ പദ്ധതി" പുറത്തിറക്കി.
***
(Release ID: 1823296)
Visitor Counter : 322