രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനും നിർണ്ണായകം: രാജ്യ രക്ഷാ മന്ത്രി

Posted On: 21 APR 2022 12:50PM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ഏപ്രിൽ 21, 2022

'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ നയപരിപാടികൾ പ്രയോജനപ്പെടുത്താനും, ഇരുരാജ്യങ്ങളും സഹകരിച്ച് ഗവേഷണ-വികസന പ്രവർത്തനങ്ങളും പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും സാധ്യമാക്കാനും രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് യുഎസ് കമ്പനികളോടാവശ്യപ്പെട്ടു. ഇന്ന് (2022 ഏപ്രിൽ 21 ന്) അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ഇന്ത്യ (AMCHAM India) യുടെ 30-ാമത് വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത പ്രതിനിധികളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്യരക്ഷാ മന്ത്രി. സംയുക്ത-ഉത്പാദനം, സംയുക്ത-വികസനം, നിക്ഷേപം, ഇന്ത്യയിൽ നവീകരണ-അറ്റകുറ്റപ്പണി സൗകര്യങ്ങൾ ഒരുക്കുക എന്നിവയ്ക്കായി അദ്ദേഹം യുഎസ് കമ്പനികളെ ക്ഷണിച്ചു.

വ്യാവസായിക സുരക്ഷാ ഉടമ്പടി പൂർണമായി പ്രയോജനപ്പെടുത്തി, പ്രതിരോധ സാങ്കേതിക വിദ്യ വികസനത്തിൽ സഹകരണവും സ്വദേശിവത്കരണവും സുഗമമാക്കുകയും പ്രതിരോധ വിതരണ ശൃംഖലയിൽ യുഎസ്, ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ ഉത്പാദന സൗകര്യങ്ങൾ സ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ സ്വാഗതം ചെയ്യുന്നതായി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉപഭോക്തൃ-വ്യാപാരി ബന്ധത്തിൽ നിന്ന് തുല്യ പങ്കാളിത്തത്തിലേക്കും വ്യാപാര പങ്കാളികൾ എന്ന നിലയിലേക്കും മാറേണ്ടതിന്റെ ആവശ്യകത രാജ്യ രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുകയും എല്ലാവർക്കും സമാധാനവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്ന നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം ഇരു രാജ്യങ്ങളും വിഭാവനം ചെയ്യുന്നതിനാൽ തന്ത്രപരമായ താത്പര്യങ്ങളുടെ സമന്വയം വർദ്ധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രവും സുതാര്യവും പരസ്പരം ഉൾക്കൊള്ളുന്നതുമായ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖല എന്ന പൊതു കാഴ്ചപ്പാട് ഇന്ത്യയും യുഎസും പങ്കിടുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനും നിർണ്ണായകമാണെന്നും ശ്രീ രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

 
RRTN/SKY
 

(Release ID: 1818657) Visitor Counter : 175