പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ദാഹോദിലും പഞ്ച്മഹലിലും 22000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു


'ഇരട്ട എഞ്ചിനുള്ള ഗവണ്‍മെന്റ് ആദിവാസി സമൂഹങ്ങളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നു'


'പുരോഗതിയുടെ യാത്രയില്‍ നമ്മുടെ അമ്മമാരും പെണ്‍മക്കളും പിന്തള്ളപ്പെടുന്നില്ലെന്ന് നാം ഉറപ്പാക്കണം'

'തീവണ്ടി എൻജിന്റെ നിര്‍മ്മാണത്തിലൂടെ, ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചാരണ പരിപാടിക്കു ദാഹോദ് സംഭാവന നല്‍കും'

Posted On: 20 APR 2022 5:58PM by PIB Thiruvananthpuram

ഗുജറാത്തിലെ ദാഹോദില്‍ ആദിവാസി മഹാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടെ ഇന്ന് ഏകദേശം 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. 1400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏകദേശം 840 കോടി രൂപ ചെലവില്‍ നര്‍മ്മദാ നദീതടത്തില്‍ നിര്‍മ്മിച്ച ദഹോദ് ജില്ലാ ഉത്തരമേഖലാ ജലവിതരണ  പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദാഹോദ് ജില്ലയിലെ 280 ഗ്രാമങ്ങളിലെയും ദേവഗഡ് ബാരിയ നഗരത്തിലെയും ജലവിതരണ ആവശ്യങ്ങള്‍ ഇത് നിറവേറ്റും. 335 കോടി രൂപയുടെ ദഹോദ് സ്മാര്‍ട്ട് സിറ്റിയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  ഈ പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ (ഐസിസിസി) കെട്ടിടം, മഴക്കാല മലിനജല നിര്‍മാര്‍ജ്ജന സംവിധാനം, മലിനജല സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനം, മഴവെള്ള സംഭരണ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, 120 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പഞ്ച്മഹല്‍, ദാഹോദ് ജില്ലകളിലെ 10,000 ആദിവാസികള്‍ക്ക് അനുവദിച്ചിരുന്നു. 66 കെവി ഘോഡിയ സബ്സ്റ്റേഷന്‍, പഞ്ചായത്ത് ഹൗസുകള്‍, അങ്കണവാടികള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 9000 കുതിരശക്തി (എച്ച്പി) ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടലും  ദാഹോദിലെ ഉല്‍പ്പാദന യൂണിറ്റില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.  ഏകദേശം 20,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സ്റ്റീം ലോക്കോമോട്ടീവുകളുടെ കാലാനുസൃതമായ നവീകരണത്തിനായി 1926-ല്‍ സ്ഥാപിതമായ ദഹോദ് വര്‍ക്ക്‌ഷോപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഇലക്ട്രിക് ലോക്കോമോട്ടീവ് നിര്‍മ്മാണ യൂണിറ്റായി നവീകരിക്കുകയാണ്. പതിനായിരത്തിലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ 550 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.  ഏകദേശം 300 കോടി രൂപയുടെ ജലവിതരണവുമായി ബന്ധപ്പെട്ട പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ദാഹോദ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഏകദേശം 175 കോടി രൂപയുടേതാണ്. ദുധിമതി നദി പദ്ധതി, ഘോഡിയയിലെ ഗെറ്റ്കോ സബ്സ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടുന്നു.  കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീമതി ദര്‍ശന ജര്‍ദോഷ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ വിവിധ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പ്രാദേശിക ആദിവാസി സമൂഹവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിക്കുകയും, രാഷ്ട്രസേവനം ഏറ്റെടുക്കാന്‍ തന്നെ പ്രചോദിപ്പിച്ചതിന് അവരുടെ അനുഗ്രഹങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ആദിവാസി സമൂഹങ്ങളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു സാഹചര്യത്തിന് അവരുടെ പിന്തുണയെയും അനുഗ്രഹത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.  ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഒന്ന് കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതിയും മറ്റൊന്ന് ദഹോദിനെ സ്മാര്‍ട് സിറ്റിയാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.  ഇത് പ്രദേശത്തെ അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും ജീവിതം എളുപ്പമാക്കും. ദാഹോദിലെ ഉല്‍പ്പാദന യൂണിറ്റില്‍  ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ വരുന്നത് ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചാരണത്തിന് ദഹോദിന്റെ സംഭാവയാകുമെന്ന് അദ്ദേഹം പറഞ്ഞു.  വളരെക്കാലം മുമ്പ് താന്‍ പ്രദേശത്തെ റെയില്‍വേ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. അന്ന് റെയില്‍വേ ഇവിടെ മൃതാവസ്ഥയിലായിരുന്നു. പ്രദേശത്തെ റെയില്‍വേ സജ്ജീകരണം പുനരുജ്ജീവിപ്പിക്കുമെന്ന് അന്ന് ഉറപ്പു നല്‍കിയിരുന്നു. ആ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വലിയ നിക്ഷേപം പ്രദേശത്തെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  റെയില്‍വേ, എല്ലാ മേഖലകളിലും നവീകരിക്കപ്പെടുകയാണ്. അത്തരം നൂതന ലോക്കോമോട്ടീവുകളുടെ നിര്‍മ്മാണം ഇന്ത്യയുടെ മികവിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''വിദേശ രാജ്യങ്ങളില്‍ ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  ഈ ആവശ്യം നിറവേറ്റുന്നതില്‍ ദാഹോദ് വലിയ പങ്ക് വഹിക്കും. 9,000 കുതിരശക്തിയുള്ള ശക്തമായ ലോക്കോ നിര്‍മ്മിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പുരോഗതിയുടെ യാത്രയില്‍ നമ്മുടെ അമ്മമാരും പെണ്‍മക്കളും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗുജറാത്തിയിലേക്കു മാറി സംസാരിച്ച അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളുടെയും കേന്ദ്രബിന്ദു സ്ത്രീകളുടെ ജീവിത സൗകര്യവും ശാക്തീകരണവുമാണ്. ജലക്ഷാമം ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണ്, അതിനാല്‍ എല്ലാ വീട്ടിലും ടാപ്പ് വെള്ളം നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 6 കോടി കുടുംബങ്ങള്‍ക്ക് ടാപ്പ് വെള്ളം ലഭിച്ചു. ഗുജറാത്തില്‍ 5 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് ടാപ്പ് വെള്ളം ലഭിച്ചു. വരും ദിവസങ്ങളില്‍ ഈ പ്രചാരണം ത്വരിതപ്പെടുത്തുകയാണ്. പകര്‍ച്ചവ്യാധിയുടെയും യുദ്ധങ്ങളുടെയും പ്രയാസകരമായ കാലഘട്ടത്തില്‍, എസ്ടി, എസ്സി, ഒബിസി, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബലരായ സമുദായങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാവപ്പെട്ട കുടുംബവും പട്ടിണി കിടന്നുറങ്ങുന്നില്ലെന്നും 80 കോടിയിലധികം ആളുകള്‍ക്ക് രണ്ട് വര്‍ഷത്തിലേറെയായി സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തി.  എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ശൗചാലയം, ഗ്യാസ് കണക്ഷന്‍, വൈദ്യുതി, ജലവിതരണം എന്നിവയുള്ള ഒരു ഉറപ്പുള്ള വീട് വേണമെന്ന തന്റെ പ്രതിജ്ഞ അദ്ദേഹം ആവര്‍ത്തിച്ചു.  ഗ്രാമത്തില്‍ ആരോഗ്യ-ക്ഷേമ കേന്ദ്രം, വിദ്യാഭ്യാസം, ആംബുലന്‍സ്, റോഡുകള്‍ എന്നിവ ഉണ്ടായിരിക്കണം.  അതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഗുണഭോക്താക്കള്‍ പ്രകൃതിദത്ത കൃഷി പോലുള്ള രാഷ്ട്രസേവന പദ്ധതികളിലേക്ക് കടക്കുന്നത് കാണുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു. അരിവാള്‍ കോശ രോഗത്തിന്റെ പ്രശ്‌നവും ഗവണ്‍മെന്റ് അഭിസംബോധന ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്‍ ബിര്‍സ മുണ്ടയെപ്പോലുള്ള ആദരണീയരായ പോരാളികള്‍ക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.  ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല പോലെ ദാഹോദിലെ കൂട്ടക്കൊലയെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കാന്‍ അദ്ദേഹം പ്രാദേശിക അധ്യാപകരോട് ആവശ്യപ്പെട്ടു. ഒരു ശാസ്ത്ര് സ്‌കൂള്‍ പോലുമില്ലാത്ത നാളുകളെ അപേക്ഷിച്ച് മേഖലയിലെ പുരോഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.  ഇപ്പോള്‍ മെഡിക്കല്‍, നഴ്‌സിംഗ് കോളേജുകള്‍ വരുന്നു, യുവാക്കള്‍ പഠനത്തിനായി വിദേശത്തേക്ക് പോകുന്നു, ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നു. ആദിവാസി ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 108 സൗകര്യത്തിന് കീഴില്‍ പാമ്പുകടിക്കുള്ള കുത്തിവയ്പ്പ് നല്‍കുന്നതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു.

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ജില്ലയില്‍ 75 സരോവരങ്ങള്‍ നിര്‍മ്മിക്കാനുള്ള തന്റെ അഭ്യര്‍ത്ഥന അദ്ദേഹം ആവര്‍ത്തിച്ചു.

--ND--

 

 

 

 



(Release ID: 1818512) Visitor Counter : 125