ഉരുക്ക് മന്ത്രാലയം
കേന്ദ്ര ഉരുക്ക് മന്ത്രി, സ്റ്റീൽ സിപിഎസ്ഇകളുടെ മൂലധന ചെലവും (കാപെക്സ്) ദേശീയ ഉരുക്ക് നയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികളും അവലോകനം ചെയ്തു
Posted On:
19 APR 2022 4:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 19, 2022
കേന്ദ്ര ഉരുക്ക് മന്ത്രി ശ്രീ രാം ചന്ദ്ര പ്രസാദ് സിംഗ്, 2021-22 സാമ്പത്തിക വർഷത്തിൽ ഈ രംഗത്തെ കേന്ദ്ര പൊതു മേഖലാ സംരംഭങ്ങളുടെ (സിപിഎസ്‌ഇ) മൂലധന ചെലവ് (കാപെക്‌സ്) അവലോകനം ചെയ്യുന്നതിനും 2022-23 വർഷത്തേക്കുള്ള കാപെക്‌സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികൾ വിലയിരുത്തുന്നതിനുമായി ഇന്ന് ചേർന്ന ഒരു യോഗത്തിൽ അധ്യക്ഷത വഹിച്ചു. SAIL, NMDC, RINL, KIOCL MOIL, MECON എന്നീ കേന്ദ്ര പൊതു മേഖലാ സംരംഭങ്ങളുടെ സി എം ഡി മാരും സ്റ്റീൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഉരുക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും, പഴയ പ്ലാന്റ് ഉപകരണങ്ങൾ നവീകരിക്കുന്നതിനും, ഭാവിയിൽ പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യകൾ ഏറ്റെടുക്കുന്നതിനും മൂലധനച്ചെലവിന്റെ സമയബന്ധിതമായ വിനിയോഗത്തിന്റെ പ്രാധാന്യം സ്റ്റീൽ മന്ത്രി ഊന്നിപ്പറഞ്ഞു. അത്തരം ചെലവുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ആക്കം നൽകുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ സ്റ്റീൽ സിപിഎസ്ഇകളുടെ മൂലധന ചെലവ് 10,038 കോടി രൂപ ആണ്. ഇത് 2020-21 സാമ്പത്തിക വർഷത്തിലെ 7,266.70 കോടി രൂപയെക്കാൾ 38% കൂടുതലാണ്. സ്റ്റീൽ സിപിഎസ്‌ഇകളുടെ 2022-23 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് ലക്ഷ്യം 13,156.46 കോടി രൂപയാണ്.
അവലോകന വേളയിൽ, ദേശീയ ഉരുക്ക് നയം (NSP) 2017 ന് കീഴിലുള്ള പൊതു മേഖലാ സംരംഭങ്ങളുടെ പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു. 300 ദശലക്ഷം ടൺ (MT) സ്റ്റീൽ നിർമ്മാണ ശേഷിയും, 158 കിലോഗ്രാം പ്രതിശീർഷ ഉപഭോഗവും വിഭാവനം ചെയ്യുന്നതാണ് 2017 ലെ ദേശീയ ഉരുക്ക് നയം. മഹാമാരിക്കിടയിലും രാജ്യത്തെ ഉരുക്ക് മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രതിവര്ഷം 16.29 ദശലക്ഷം ടൺ ശേഷി കൂട്ടി, പ്രതിവര്ഷം 154.27 ദശലക്ഷം ടൺ ശേഷിയിലെത്തി.
RRTN/SKY
(Release ID: 1818086)
Visitor Counter : 142