പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
''നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ പരിവര്‍ത്തനം സുസ്ഥിരമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി''
''ഏകഭാരതം ശ്രേഷ്ഠഭാരതമെന്ന സങ്കല്‍പ്പത്തില്‍ ഹനുമാന് സുപ്രധാന സ്ഥാനമുണ്ട്''
''നമ്മുടെ വിശ്വാസവും സംസ്‌കാരവും സാഹോദര്യത്തിന്റേതും തുല്യതയുടേയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ്''
''രാമകഥ 'ഏവര്‍ക്കുമൊപ്പം-കൂട്ടായ പരിശ്രമം' എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണവും ഹനുമാന്‍ അതിന്റെ പ്രധാന ഭാഗവുമാണ്''
Posted On:
16 APR 2022 1:00PM by PIB Thiruvananthpuram
ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ഉദ്ഘാടനം ചെയ്തു. വിദൂരദൃശ്യസംവിധാനത്തിലൂടെ നടന്ന പരിപാടിയില്‍ മഹാമണ്ഡലേശ്വര്‍ മാതാ കങ്കേശ്വരി ദേവി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഹനുമാന്‍ ജയന്തി ദിനത്തില്‍ ഭക്തര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി 108 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദനം ലോകം മുഴുവനുള്ള ഹനുമാന്‍ ഭക്തര്‍ക്ക് ആഹ്ലാദകരമായ നിമിഷമാണ് സമ്മാനിച്ചതെന്ന് പറഞ്ഞു. അടുത്ത കാലത്തായി ഭക്തര്‍ക്കും ആത്മീയ നേതാക്കള്‍ക്കുമിടയില്‍ ചെലവഴിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഉനിയ മാതാ, മാതാ അംബ, അന്നപൂര്‍ണ ധാം തുടങ്ങിയവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഇതു ദൈവകൃപയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഹനുമാന്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് 'ഏകഭാരതം ശ്രേഷ്ഠ ഭാരതം' എന്ന പ്രതിജ്ഞ പാലിക്കുന്നതിനുള്ള ചുവടുവയ്പാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹനുമാന്‍ തന്റെ സേവനമനോഭാവത്തിലൂടെ എല്ലാവരേയും ഒരുമിപ്പിച്ചു. എല്ലാവരും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഹനുമാന്‍ കരുത്തിന്റെ പ്രതീകമാണ്. ''ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന സങ്കല്‍പ്പത്തില്‍ ഹനുമാന് സുപ്രധാന സ്ഥാനമുണ്ട്''- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് എല്ലായിടത്തും വിവിധ ഭാഷകളിലും പ്രദേശങ്ങളിലുമുള്ള രാമകഥയുടെ പ്രചാരണം എല്ലാവരേയും ദൈവത്തിന്റെ മുമ്പില്‍ സമന്‍മാരായി നിലനിര്‍ത്തുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കരുത്താണ്. ഇത് നമ്മെ അടിമത്തത്തിന്റെ ഇരുണ്ട കാലത്ത് പോലും ഒരുമിച്ച് ചേര്‍ത്തിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തിനായുള്ള കൂട്ടായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തി. ''നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ പരിവര്‍ത്തനം സുസ്ഥിരമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി''- അദ്ദേഹം പറഞ്ഞു.
''നമ്മുടെ വിശ്വാസവും സംസ്‌കാരവും സാഹോദര്യത്തിന്റേതും തുല്യതയുടേയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ്''- പ്രധാനമന്ത്രി പറഞ്ഞു. എന്തും ചെയ്യാന്‍ പ്രാപ്തിയുണ്ടായിട്ടും എല്ലാവരുടേയും സഹായം സ്വീകരിച്ച ശ്രീരാമനില്‍ ഇതു മികച്ച രീതിയില്‍ പ്രതിഫലിച്ചിരുന്നു. ''രാമകഥ 'ഏവര്‍ക്കുമൊപ്പം-കൂട്ടായ പരിശ്രമം' എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണവും ഹനുമാന്‍ അതിന്റെ പ്രധാന ഭാഗവുമാണ്''- അദ്ദേഹം പറഞ്ഞു.
ഗുജറാത്തി ഭാഷയില്‍ സംസാരിക്കവെ കേശവാനന്ദ് ബാപ്പുവിന് മോര്‍ബിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. മച്ചു ഡാം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹനുമാന്‍ ധാമിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ അപകടത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ കച്ച് ഭൂകമ്പത്തെ നേരിടുന്നതിന് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. മോര്‍ബി ഇന്ന് വ്യവസായ നഗരമായി ശ്രദ്ധ നേടുന്നു. ജാംനഗറിലെ പിച്ചള, രാജ്കോട്ടിലെ എന്‍ജിനീയറിംഗ്, മോര്‍ബിയിലെ ക്ലോക്ക് വ്യവസായം എന്നിവ ''മിനി ജപ്പാന്‍'' എന്ന പ്രതീതി നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
യാത്രാ ധാം, കത്യാവാറിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. മോര്‍ബിക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്ന മാധവ്പൂര്‍ മേളയെക്കുറിച്ചും രണ്‍ ഉത്സവത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ശുചിത്വ പരിപാടികളും ആഗോള വിപണി ലക്ഷ്യമിട്ട് തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കലും വഴി നേട്ടം കൈവരിക്കാന്‍ അദ്ദേഹം വിശ്വാസികളോടും സന്ത് സമാജത്തിനോടും അഭ്യര്‍ത്ഥിച്ചു.
#Hanumanji4dham പ്രോജക്ടിന്റെ ഭാഗമായി രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ നിര്‍മിക്കുന്ന ഹനുമാന്‍ പ്രതിമകളില്‍ രണ്ടാമത്തേതാണ് ഇന്ന് അനാച്ഛാദനം ചെയ്തത്. പടിഞ്ഞാറുദിക്കില്‍, മോര്‍ബിയിലെ പരമപൂജ്യ ബാപ്പു കേശവാനന്ദയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഈ ശ്രേണിയിലെ ആദ്യ പ്രതിമ 2010ല്‍ വടക്ക്, ഷിംലയിലാണു സ്ഥാപിച്ചത്. തെക്ക് രാമേശ്വരത്തുള്ള പ്രതിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
********
-ND-
(Release ID: 1817295)
Visitor Counter : 159
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Odia
,
Tamil
,
Telugu
,
Kannada