പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദിയോഗര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

Posted On: 13 APR 2022 10:59PM by PIB Thiruvananthpuram

ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ ജി, ആഭ്യന്തര സെക്രട്ടറി, കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡിജിപി ജാര്‍ഖണ്ഡ്, ഡി ജി എന്‍ഡിആര്‍എഫ്, ഡി ജി ഐടിബിപി, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, നമ്മളുമായി ബന്ധപ്പെട്ട മുഴുവന്‍ ധീര സൈനികര്‍, കമാന്‍ഡോകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റെല്ലാ സുഹൃത്തുക്കളേ,

നമസ്‌കാരം!

തുടര്‍ച്ചയായി മൂന്ന് ദിവസം നിങ്ങള്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കുകയും നിരവധിപ്പേരുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് പ്രയാസകരമായ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ നിങ്ങളുടെ ധീരതയെ അഭിനന്ദിച്ചു. ബാബ ബൈദ്യനാഥ് ജിയുടെ കൃപയായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്നിരുന്നാലും, ചിലരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതില്‍ നാം അങ്ങേയറ്റം ദുഃഖിതരാണ്. ഒപ്പമുണ്ടായിരുന്ന നിരവധിപ്പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

സുഹൃത്തുക്കളേ

ടിവിയിലും മറ്റ് മാധ്യമങ്ങളിലും ഈ ഓപ്പറേഷന്‍ കണ്ടവരെല്ലാം സംഭവത്തില്‍ വേദനിക്കുകയും അസ്വസ്ഥരാകുകയും ചെയ്തു. നിങ്ങള്‍ എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. ആ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, നമ്മുടെ കരസേന, വ്യോമസേന, എന്‍ഡിആര്‍എഫ് ജവാന്‍മാര്‍, ഐടിബിപി ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സുരക്ഷിതമായി കരകയറ്റാന്‍ പ്രാപ്തരായ ഒരു വിദഗ്ധ സേനയുണ്ട് എന്നതില്‍ രാജ്യം അഭിമാനിക്കുന്നു.  ഈ പ്രതിസന്ധിയില്‍ നിന്നും ഈ രക്ഷാദൗത്യത്തില്‍ നിന്നും ഞങ്ങള്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. നിങ്ങളുടെ അനുഭവങ്ങള്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകും. ദൂരെ നിന്ന് ഈ ഓപ്പറേഷനുമായി ഞാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിനാലും എല്ലാ വിവരങ്ങളും ശേഖരിച്ചതിനാലും നിങ്ങളോട് എല്ലാവരോടും സംസാരിക്കാന്‍ ഞാനും കാത്തിരിക്കുകയായിരുന്നു. എങ്കിലും ഇന്ന് എനിക്ക് ഈ കാര്യങ്ങളെല്ലാം നിങ്ങളില്‍ നിന്ന് നേരിട്ട് അറിയേണ്ടത് അത്യാവശ്യമാണ്. നമുക്ക് ആദ്യം എന്‍ഡിആര്‍എഫിന്റെ ധീരരിലേക്ക് പോകാം; ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: എന്‍ഡിആര്‍എഫ് അതിന്റേതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചിട്ടുണ്ട്. കഠിനാധ്വാനം, പരിശ്രമം, കരുത്ത് എന്നിവയിലൂടെയാണ് അതു സാധ്യമാക്കിയത്. ഇന്ത്യയില്‍ എവിടെ നിയോഗിച്ചാലും, എന്‍ഡിആര്‍എഫ് നിര്‍വഹിക്കുന്ന കഠിനാധ്വാനത്തിനും വ്യക്തിത്വത്തിനും അഭിനന്ദനം അര്‍ഹിക്കുന്നു.

നിങ്ങളെല്ലാവരും വേഗത്തിലും ഏകോപിപ്പിച്ചും ആസൂത്രിതമായും പ്രവര്‍ത്തിച്ചു എന്നത് വലിയ കാര്യമാണ്. ഹെലികോപ്റ്ററിന്റെ ഇരമ്പലും അതില്‍ നിന്നുയരുന്ന കാറ്റും കമ്പികള്‍ ചലിക്കുമ്പോള്‍ ആളുകള്‍ട്രോളിയില്‍ നിന്ന് പുറത്തേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഹെലികോപ്റ്റര്‍ എടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആദ്യ ദിവസം വൈകുന്നേരം തന്നെ ഞങ്ങളെ അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതിനാല്‍ അതും ആശങ്കാജനകമായിരുന്നു. അതേക്കുറിച്ചുള്ള ചര്‍ച്ച രാത്രി മുഴുവന്‍ നീണ്ടു.  ഇതൊക്കെയാണെങ്കിലും, നിങ്ങള്‍ എല്ലാവരും നിര്‍വഹിച്ച ഏകോപനം എനിക്ക് കാണാന്‍ കഴിഞ്ഞു. അത്തരം പ്രതിസന്ധികളില്‍ പ്രതികരണ സമയം വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ വേഗമാണ് അത്തരം പ്രവര്‍ത്തനങ്ങളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്.  യൂണിഫോമില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്.

ദുരിതത്തിലായ ആളുകള്‍ക്ക് നിങ്ങളെ കാണുമ്പോഴെല്ലാം് ആശ്വാസം തോന്നുന്നു. എന്‍ഡിആര്‍എഫ് യൂണിഫോം ഇപ്പോള്‍ പരിചിതമാണ്.  ആളുകള്‍ക്ക് ഇതിനകം നിങ്ങളെ പരിചയമായിരിക്കുന്നു. അതുകൊണ്ട് അവര്‍ സുരക്ഷിതരാണെന്ന് അവര്‍ക്ക് തോന്നുന്നു; അവരുടെ ജീവന്‍ രക്ഷിക്കപ്പെടുമെന്നും. അവരില്‍ ഒരു പുതിയ പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നു. നിങ്ങളുടെ സാന്നിധ്യം അവരില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ സൃഷ്ടിക്കുന്നു.അത്തരം സമയങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ആസൂത്രണത്തിലും പ്രവര്‍ത്തന പ്രക്രിയയിലും നിങ്ങള്‍ ഈ വിഷയത്തിന് വളരെയധികം മുന്‍ഗണന നല്‍കുകയും അത് വളരെ നന്നായി ചെയ്യുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്.  നിങ്ങളുടെ പരിശീലനം അങ്ങേയറ്റം പ്രശംസനീയമാണ്!  ഈ മേഖലയില്‍ നിങ്ങളുടെ പരിശീലനം എത്ര അത്ഭുതകരമാണെന്നും നിങ്ങള്‍ എത്ര ധൈര്യശാലിയാണെന്നും ഞങ്ങള്‍ കണ്ടു!  ഈ ലക്ഷ്യത്തിനായി നിങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ നിങ്ങള്‍ തയ്യാറാണ്.  ഓരോ അനുഭവത്തിലും നിങ്ങള്‍ സ്വയം പരിണമിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.  എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള എല്ലാ രക്ഷാപ്രവര്‍ത്തനം സംഘങ്ങളെയും ആധുനിക ശാസ്ത്രവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് സജ്ജമാക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. മുഴുവന്‍ പ്രവര്‍ത്തനവും സംവേദനക്ഷമത, ധാരണ, ധൈര്യം എന്നിവയുടെ പര്യായമാണ്.  ഇത്രയും വലിയ പ്രതിസന്ധിക്ക് ശേഷവും ശാന്തമായി പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധിയെ അതിജീവിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ആളുകള്‍ മണിക്കൂറുകളോളം തൂങ്ങിക്കിടക്കുന്നുവെന്ന് എന്നോട് പറഞ്ഞു; അവര്‍ക്ക് രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഈ ഓപ്പറേഷനിലുടനീളം അവര്‍ക്ക് ക്ഷമയും ധൈര്യവും നഷ്ടപ്പെട്ടില്ല, ഇത് വളരെ വലിയ കാര്യമാണ്!

കുടുങ്ങിയവരെല്ലാം ധൈര്യം കൈവിട്ടിരുന്നെങ്കില്‍, ഇത്രയധികം സൈനികരെ വിന്യസിച്ചിട്ടും നമുക്ക് ഈ ഫലങ്ങള്‍ ലഭിക്കില്ലായിരുന്നു. അതിനാല്‍ ഒറ്റപ്പെട്ടുപോയ ആ പൗരന്മാരുടെ ധൈര്യത്തിനും വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ സ്വയം ശ്രദ്ധിച്ചു, ജനങ്ങളില്‍ ധൈര്യം പകര്‍ന്നു, ബാക്കി നമ്മുടെ രക്ഷാപ്രവര്‍ത്തകര്‍ ചെയ്തു.  കൂടാതെ, ആ പ്രദേശത്തെ പൗരന്മാര്‍, സാഹചര്യത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന അറിവും ധാരണയും ഉപയോഗിച്ച് രാപ്പകലില്ലാതെ ജോലി ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ നാട്ടുകാരുടെ സമര്‍പ്പണം വളരെ വലുതായിരുന്നു!  ആ ആളുകളെയെല്ലാം അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നോക്കൂ, രാജ്യത്ത് ഏത് പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ പോരാടാനും ആ പ്രതിസന്ധിയില്‍ നിന്ന് നമ്മെ കരകയറ്റാനും നാമെല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്ന് ഈ പ്രതിസന്ധി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ പ്രതിസന്ധിയിലും എല്ലാവരുടെയും പ്രയത്നങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എല്ലാ സഹായവും നല്‍കിയ ബാബാ ധാമിലെ നാട്ടുകാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ ഓപ്പറേഷനില്‍ പങ്കെടുത്തവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. വെള്ളപ്പൊക്കത്തിലോ മഴയിലോ ഉള്ള ഓപ്പറേഷനുകള്‍ മിക്കവാറും പതിവാണ്; എന്നാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ വളരെ വിരളമാണ്. അതിനാല്‍, ഈ പ്രവര്‍ത്തനത്തിനിടയില്‍ നിങ്ങള്‍ നേടിയ എല്ലാ അനുഭവങ്ങളും ദയവായി രേഖപ്പെടുത്തുക.

ഒരു വിധത്തില്‍, നമ്മുടെ എല്ലാ ശക്തികളും അതില്‍ പ്രവര്‍ത്തിച്ചതിനാല്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കാം.  എല്ലാ്ത്തിനും രേഖപ്പെടുത്തല്‍ ഉണ്ടായിരിക്കണം. അതുവഴി ഭാവിയില്‍ മുക്ക് അത് പരിശീലനത്തിന്റെ ഭാഗമായി ഉപയോഗിക്കാനും അത്തരം സമയങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായി എന്തുചെയ്യണമെന്നും മനസ്സിലാക്കാനും കഴിയും.  കാരണം, ആദ്യ ദിവസം തന്നെ വൈകുന്നേരം അവര്‍ എന്റെ അടുത്ത് വന്നപ്പോള്‍ പറഞ്ഞു - 'സര്‍ ഹെലികോപ്റ്ററില്‍ കയറാന്‍ പ്രയാസമാണ്, കാരണം ആ വയറുകള്‍ക്ക് ഇത്രയും വൈബ്രേഷന്‍ താങ്ങാന്‍ കഴിയില്ല'. അതുകൊണ്ട് ആ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണും എന്നറിയാതെ ഞാനും വിഷമിച്ചു. അതായത്, ഓരോ ഘട്ടങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിയാം; നിങ്ങള്‍ അത് അനുഭവിച്ചിട്ടുണ്ട്. എത്രയും വേഗം അത് ശരിയായി രേഖപ്പെടുത്തുന്നുവോ അത്രയും മെച്ചമായി നമ്മുടെ എല്ലാ സംവിധാനങ്ങളെയും തുടര്‍ പരിശീലനത്തിന്റെ ഭാഗമാക്കാം. ഓരോ തവണയും നമുക്ക് ഇത് ഒരു കേസ് സ്റ്റഡി ആയി ഉപയോഗിക്കാം. കാരണം നമ്മള്‍ നിരന്തരം നവീകരിക്കേണ്ടതുണ്ട്. മാത്രമല്ല, മാത്രമല്ല, റോപ് വേ അപകടത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സമിതി രൂപീകരിച്ചിട്ടുണ്ട്.  എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയില്‍ രാജ്യത്തുടനീളം ഈ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ വീര്യത്തിനും പ്രയത്‌നത്തിനും നിങ്ങള്‍ ജനങ്ങളോട് കാണിച്ച അനുകമ്പയ്ക്കും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു.  എല്ലാവര്‍ക്കും വളരെ വളരെ നന്ദി!

--ND--


(Release ID: 1817105) Visitor Counter : 157