വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

 ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര ഉടമ്പടിയിലൂടെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറായി ഉയരും   : ശ്രീ പിയൂഷ് ഗോയൽ

Posted On: 06 APR 2022 3:45PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 6 , 2022    


ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര ഉടമ്പടിയിലൂടെ ഉഭയകക്ഷി വ്യാപാരം നിലവിലെ 26-27 ബില്യൺ ഡോളറിൽ നിന്ന് 2030-ഓടെ 100 ബില്യൺ ഡോളറായി ഉയരുമെന്ന് വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ  ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറായി ഉയരുമെന്ന മുൻ പ്രതീക്ഷയേക്കാൾ അധികമാണിത്. കരാർ സൃഷ്ടിച്ച ആവേശം ഇരുരാജ്യങ്ങളിലെയും വ്യാപാരമേഖലയിൽ  ശുഭാപ്തിവിശ്വാസം വർദ്ധിപ്പിച്ചു. ഇന്ന് മെൽബണിൽ ഓസ്‌ട്രേലിയൻ വാണിജ്യ, വിനോദസഞ്ചാര, നിക്ഷേപ മന്ത്രി ഡാൻ ടെഹാനോടൊപ്പം മെൽബൺ സർവകലാശാലയിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഓസ്‌ട്രേലിയൻ വ്യവസായികളെ മന്ത്രി ക്ഷണിച്ചു. “ഞങ്ങൾ നിങ്ങൾക്ക് സുതാര്യത വാഗ്ദാനം ചെയ്യുന്നു, വിശ്വാസ്യതയും നിയമവാഴ്ചയും ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നാം രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളാണ്, സ്പോർട്സിനെ സ്നേഹിക്കുന്ന കോമൺവെൽത്ത്  അംഗങ്ങളായ രാജ്യങ്ങളുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും, ”അദ്ദേഹം പറഞ്ഞു.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരു രാജ്യങ്ങളിലെയും വ്യവസായ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്രദമായ  പരസ്പര പൂരക ഘടകങ്ങൾ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും  ഉണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ വിശാലമായ വിപണിയും ഓസ്‌ട്രേലിയയുടെ നിക്ഷേപ ശേഷിയും ഇരു രാജ്യങ്ങൾക്കും ഗുണപ്രദമാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാറും (IndAus ECTA) ഇന്ത്യയിലെ ഏകദേശം 140 കോടി  ഉപഭോക്താക്കളുടെ വിശാലമായ വിപണി ഓസ്‌ട്രേലിയൻ വ്യവസായങ്ങൾക്ക് തുറന്നു നൽകുമെന്ന്  അദ്ദേഹം പറഞ്ഞു.

തുണിത്തരങ്ങൾ, ഔഷധങ്ങൾ, അതിഥിസല്‍ക്കാരം, രത്നങ്ങളും ആഭരണങ്ങളും, ഐടി, സ്റ്റാർട്ടപ്പുകൾ, അക്കൗണ്ടൻസി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലും വൻ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നും ശ്രീ ഗോയൽ പറഞ്ഞു.

സേവനമേഖലയിൽ വലിയ വ്യാപാര സാധ്യതയുണ്ടെന്ന് ശ്രീ ഗോയൽ കൂട്ടിച്ചേർത്തു . ഒട്ടുമിക്ക ഇന്ത്യക്കാർക്കും ഉന്നത വിദ്യാഭ്യാസത്തിന് ഓസ്‌ട്രേലിയ ഇഷ്ടപ്പെട്ട സ്ഥലമാണെങ്കിലും ചില തടസ്സങ്ങൾ നിലനിന്നിരുന്നു. ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ഐടി മേഖലയുടെ വളർച്ചയ്ക്ക് വിഘാതമായിരുന്ന വലിയ തടസ്സം പരിഹരിക്കുന്നതിന് IndAus ECTA വഴിയൊരുക്കി.

പിന്നീട്, മെൽബണിൽ ഓസ്‌ട്രേലിയ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് (AICC) സംഘടിപ്പിച്ച ലഞ്ച് വിത്ത് ബിസിനസ് ലീഡേഴ്‌സ് എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ ഗോയൽ, ബഹു-മേഖലാ സാമ്പത്തിക മൂല്യ ശൃംഖലകളുടെ വ്യാപകമായ വികസനത്തിന് സംഭാവന നൽകുന്ന സുപ്രധാന നാഴികക്കല്ലാണ് IndAus ECTA എന്ന് വിശേഷിപ്പിച്ചു. രണ്ട് സമ്പദ്‌വ്യവസ്ഥകളിലും ഇത് സാമ്പത്തികമായി  ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുമെന്ന്  ശ്രീ ഗോയൽ പറഞ്ഞു.

 
IE/SKY

(Release ID: 1814130) Visitor Counter : 213