വാണിജ്യ വ്യവസായ മന്ത്രാലയം

ശ്രീ പിയൂഷ് ഗോയൽ അഞ്ച് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനം ആരംഭിച്ചു

Posted On: 05 APR 2022 2:31PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 5, 2022    

കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ, അഞ്ച് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനത്തിനായി ഇന്ന് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെട്ടു.  ഏപ്രിൽ 2 ശനിയാഴ്ച, ഇന്ത്യയും ഓസ്‌ട്രേലിയയും സാമ്പത്തിക സഹകരണവും വ്യാപാര കരാറും (IndAus ECTA) ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം.

സന്ദർശന വേളയിൽ, ശ്രീ ഗോയൽ ഓസ്‌ട്രേലിയയുടെ വ്യാപാര, വിനോദ സഞ്ചാര, നിക്ഷേപ മന്ത്രി ഡാൻ ടെഹനുമായി ഇ.സി.ടി.എ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്തും.

ഒരു ദശാബ്ദത്തിനിപ്പുറം, ഒരു വികസിത രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യത്തെ വ്യാപാര കരാറാണ് ഇ സി ടി എ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വ്യവസ്ഥാപിത സംവിധാനം ഇത് ഉറപ്പുനൽകുന്നു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രത്യേക വാണിജ്യ പ്രതിനിധി ടോണി ആബട്ട്, നിരവധി മന്ത്രിമാർ എന്നിവരുമായും ശ്രീ ഗോയൽ ചർച്ച നടത്തും.

ഇന്ത്യയുടെ 17-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഓസ്‌ട്രേലിയ. അതേസമയം, ഓസ്‌ട്രേലിയയുടെ 9-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇ സി ടി എ കരാർ വഴി അടുത്ത 5 വർഷത്തിനുള്ളിൽ  ഉഭയകക്ഷി വ്യാപാരം 27.5 ബില്യൺ ഡോളറിൽ നിന്ന് (2021) 45 മുതൽ 50 ബില്യൺ ഡോളർ വരെ, ഏകദേശം ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ സി ടി എ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്തുലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നും പ്രതീക്ഷിക്കുന്നു.



(Release ID: 1813763) Visitor Counter : 265