പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബജറ്റ് അവതരണത്തെത്തുടര്‍ന്നു നടന്ന 'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്ന വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 04 MAR 2022 1:37PM by PIB Thiruvananthpuram

നമസ്‌കാരം!

'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്നത് നമ്മുടെ പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദിതമാണ്. മാത്രമല്ല ഭാവിയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള മാര്‍ഗവുമാണ്. സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാധ്യമാകൂ എന്ന വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. ഗ്ലാസ്ഗോയില്‍, 2070-ഓടെ നെറ്റ്-സീറോ (എമിഷന്‍സ്) സാധ്യമാകുമെന്നു നാം വാഗ്ദാനം ചെയ്തു.

സി.ഒ.പി.26-ലും പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലൈഫ് മിഷനെ കുറിച്ച് ഞാന്‍ സംസാരിച്ചു. രാജ്യാന്തര സൗരോര്‍ജ സഖ്യം പോലുള്ള ആഗോള സഹകരണത്തിനും നാം നേതൃത്വം നല്‍കുന്നു. ഫോസില്‍ ഇതര ഊര്‍ജ ശേഷിക്കുള്ള നമ്മുടെ ലക്ഷ്യം 500 ജിഗാവാട്‌സ് ആണ്. 2030 ആകുമ്പോഴേക്കും നമ്മുടെ സ്ഥാപിത ഊര്‍ജ ശേഷിയുടെ 50 ശതമാനവും ഫോസില്‍ ഇതര ഊര്‍ജത്തില്‍ നിന്ന് നേടേണ്ടതുണ്ട്. ഇന്ത്യയുടെ ലക്ഷ്യങ്ങളെ വെല്ലുവിളിയായിട്ടല്ല, അവസരമായാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ ഈ കാഴ്ചപ്പാടുമായി തുടരുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ഇത് നയപരമായ തലത്തില്‍ മുന്നോട്ട് കൊണ്ടുപോയി.

സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ ബജറ്റില്‍, സൗരോര്‍ജത്തിന്റെ ദിശയില്‍ ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണത്തിനായി 19,500 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സോളാര്‍ മൊഡ്യൂളുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണത്തിലും ഗവേഷണ-വികസനത്തിലുമുള്ള ആഗോള ഹബ്ബാക്കി ഇന്ത്യയെ മാറ്റാന്‍ ഇത് സഹായിക്കും.

സുഹൃത്തുക്കളെ,
ദേശീയ ഹൈഡ്രജന്‍ ദൗത്യവും നാം പ്രഖ്യാപിച്ചിട്ടുണ്ട്. സമൃദ്ധമായ പുനരുപയോഗ ഊര്‍ജ ഊര്‍ജ്ജത്തിന്റെ രൂപത്തില്‍ ഇന്ത്യയ്ക്ക് അന്തര്‍ലീനമായ ഒരു നേട്ടമുണ്ട്. ലോകത്തിലെ ഗ്രീന്‍ ഹൈഡ്രജന്റെ ഹബ്ബ് ആകാന്‍ ഇന്ത്യക്ക് കഴിയും. ഹൈഡ്രജന്‍ ആവാസവ്യവസ്ഥ വളം, റിഫൈനറി, ഗതാഗത മേഖലകളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ സ്വകാര്യമേഖല നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട രംഗമാണ് ഇത്.

സുഹൃത്തുക്കളെ,
പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിനൊപ്പം ഊര്‍ജ്ജ സംഭരണം ഒരു വലിയ വെല്ലുവിളിയാണ്. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി സംഭരണ ശേഷിയിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ ുന്‍ഗണന നല്‍കിയിട്ടുണ്ട്. ബാറ്ററി സ്വാപ്പിംഗ് നയം, ഇന്റര്‍ ഓപ്പറബിലിറ്റി മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും. പ്ലഗ്-ഇന്‍ ചാര്‍ജിംഗ് കൂടുതല്‍ സമയമെടുക്കും കൂടാതെ ചെലവേറിയതുമാണ്. ഒരു ഇലക്ട്രിക് വാഹനത്തിന്റെ മൊത്തം മൂല്യത്തിന്റെ 40-50% ബാറ്ററിക്ക് ചെലവ് വരുന്നതിനാല്‍, സ്വാപ്പിംഗ് ഒരു ഇലക്ട്രിക് വാഹനത്തിന്റെ മുന്‍കൂര്‍ ചെലവ് കുറയ്ക്കും. അതുപോലെ, മൊബൈല്‍ ബാറ്ററിയായാലും സൗരോര്‍ജ സംഭരണി ആയാലും ഈ മേഖലയില്‍ നിരവധി സാധ്യതകളുണ്ട്. ഇക്കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

സുഹൃത്തുക്കളെ,
ഊര്‍ജ്ജ ഉല്‍പ്പാദനത്തോടൊപ്പം, ഊര്‍ജ്ജ സംരക്ഷണവും സുസ്ഥിരതയ്ക്ക് ഒരുപോലെ പ്രധാനമാണ്. കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള എ.സികള്‍, ഹീറ്ററുകള്‍, ഗീസറുകള്‍, ഓവനുകള്‍ തുടങ്ങിയവ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. വൈദ്യുതി ഉപഭോഗം കൂടുതലുള്ളിടത്തെല്ലാം ഊര്‍ജ-കാര്യക്ഷമമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായിരിക്കണം നമ്മുടെ മുന്‍ഗണന.

ഞാന്‍ നിങ്ങളോട് ഒരു ഉദാഹരണം പറയാം. 2014ല്‍ നമ്മുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ രാജ്യത്ത് എല്‍ഇഡി ബള്‍ബുകളുടെ വില 300-400 രൂപയായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് എല്‍ഇഡി ബള്‍ബുകളുടെ ഉത്പാദനം കൂട്ടുകയും സ്വാഭാവികമായും അതിന്റെ വില 70-80 രൂപയായി കുറയുകയും ചെയ്തു. ഉജാല സ്‌കീമിന് കീഴില്‍ ഞങ്ങള്‍ രാജ്യത്ത് ഏകദേശം 37 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. ഇതിന്റെ ഫലമായി ഏകദേശം നാല്‍പ്പത്തി എണ്ണായിരം ദശലക്ഷം കിലോവാട്ട് മണിക്കൂര്‍ വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു. നമ്മുടെ ദരിദ്രരും ഇടത്തരക്കാരും പ്രതിവര്‍ഷം 20,000 കോടി രൂപ വൈദ്യുതി ബില്ലില്‍ ലാഭിക്കുന്നു. കൂടാതെ, കാര്‍ബണ്‍ പുറംതള്ളുന്നത് ഏകദേശം 40 ദശലക്ഷം ടണ്‍ പ്രതിവര്‍ഷം കുറഞ്ഞു. ഞങ്ങള്‍ പരമ്പരാഗത തെരുവ് വിളക്കുകള്‍ക്ക് പകരം 125 കോടി സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചു. നമ്മുടെ തദ്ദേശ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നിവ എല്‍ഇഡി ബള്‍ബുകളോടുകൂടിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ പ്രതിവര്‍ഷം 6,000 കോടി രൂപ വൈദ്യുതി ബില്ലില്‍ ലാഭിച്ചു. ഇത് വഴി വൈദ്യുതി ലാഭിക്കുക മാത്രമല്ല, ഏകദേശം അഞ്ച് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുകയും ചെയ്തു. എങ്ങനെയാണ് ഒരു പദ്ധതി പരിസ്ഥിതിയെ ഇത്രയും വലിയ തോതില്‍ സംരക്ഷിച്ചതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്.

സുഹൃത്തുക്കളെ,
കല്‍ക്കരിക്ക് ബദലായി കല്‍ക്കരി വാതകവല്‍ക്കരണം നമുക്ക് പരിഗണിക്കാം. ഈ വര്‍ഷത്തെ ബജറ്റില്‍, കല്‍ക്കരി വാതകവല്‍ക്കരണത്തിനായി നാല് പൈലറ്റ് പദ്ധതികള്‍ അവതരിപ്പിച്ചു, ഇത് സാങ്കേതികവും സാമ്പത്തികവുമായ ലാഭം ശക്തിപ്പെടുത്തും. അതിന് നവീകരണം ആവശ്യമാണ്. ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കല്‍ക്കരി ഗ്യാസിഫിക്കേഷനില്‍ പുതുമ കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അതുപോലെ, ഗവണ്‍മെന്റ് ഒരു ദൗത്യ മാതൃകയില്‍ എത്തനോള്‍ മിശ്രിതം പ്രോത്സാഹിപ്പിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ മിശ്രിതമില്ലാത്ത ഇന്ധനത്തിന് എക്സ്ട്രാ ഡിഫറന്‍ഷ്യല്‍ എക്സൈസ് ഡ്യൂട്ടി വകയിരുത്തിയിട്ടുണ്ട്. നമ്മുടെ പഞ്ചസാര മില്ലുകളും ഡിസ്റ്റിലറികളും നവീകരിക്കേണ്ടതുണ്ട്, അവ സാങ്കേതികവിദ്യ നവീകരിക്കേണ്ടതുണ്ട്. പൊട്ടാഷ്, കംപ്രസ്ഡ് ബയോഗ്യാസ് തുടങ്ങിയ അധിക ഉപോല്‍പ്പന്നങ്ങളും ലഭിക്കുന്ന ഇത്തരം വാറ്റിയെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു നാം പഠിക്കേണ്ടതുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വാരണാസിയിലും ഇന്‍ഡോറിലും ഗോബര്‍-ധന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയ്ക്ക് ഇത്തരത്തിലുള്ള 500 അല്ലെങ്കില്‍ 1000 ഗോബര്‍-ധന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമോ? ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായം നൂതന നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ ഊര്‍ജ്ജ ആവശ്യം വര്‍ദ്ധിക്കാന്‍ പോകുന്നു. അതിനാല്‍, പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള മാറ്റം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനമാണ്. ഇന്ത്യയില്‍ 24-25 കോടി വീടുകള്‍ ഉണ്ടെന്നാണ് കണക്ക്. ശുചിത്വമാര്‍ന്ന പാചകം എങ്ങനെ മെച്ചപ്പെടുത്താനാകും? നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വളരെ എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ശുദ്ധമായ പാചക പ്രസ്ഥാനത്തിന് ആവശ്യമായ സൗരോര്‍ജ സ്റ്റൗവിന് വലിയ വിപണിയും ഉണ്ട്. വിജയകരമായ ഒരു പരീക്ഷണം ഗുജറാത്തില്‍ നടത്തി. അവിടെ ഞങ്ങള്‍ കനാല്‍-ടോപ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. ഇത് ഭൂമിക്കു വേണ്ടിവരുന്ന വില കുറയുകയും വെള്ളം ലാഭിക്കുകയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചു. ചുരുക്കത്തില്‍, ഒന്നിലധികം നേട്ടങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിലെ നദികളിലും തടാകങ്ങളിലും സമാനമായ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. നമ്മള്‍ ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കണം.

മറ്റൊരു കാര്യം വീട്ടില്‍ തന്നെ ചെയ്യാം. കുടുംബങ്ങള്‍ക്ക് അവരുടെ പൂന്തോട്ടങ്ങളിലും ബാല്‍ക്കണികളിലും 10-20 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു സൗരവൃക്ഷം സ്ഥാപിക്കാന്‍ കഴിയുന്ന ഒരു പൂന്തോട്ട ആശയം വികസിപ്പിക്കാമോ? ആ വീട് ഒരു സൗരോര്‍ജ ഭവനം എന്ന നിലയില്‍ സ്വന്തം സ്ഥാനം സൃഷ്ടിക്കുകയും പരിസ്ഥിതി ബോധമുള്ള പൗരന്മാരുടെ വീട് എന്നറിയപ്പെടുകയും ചെയ്യും. അങ്ങനെ, നമുക്ക് വിശ്വസനീയമായ പ്രത്യേക സമൂഹം വികസിപ്പിക്കാന്‍ കഴിയും. മാത്രമല്ല ഇത് വളരെ എളുപ്പത്തിലും ഭംഗിയിലും ഉണ്ടാക്കാം. അതിനാല്‍, വീടുകളുടെ നിര്‍മ്മാണത്തില്‍ സൗരോര്‍ജ വൃക്ഷ സങ്കല്‍പ്പത്തെക്കുറിച്ച് ചിന്തിക്കാന്‍ കെട്ടിടനിര്‍മാണം നടത്തുന്നവരോടും രൂപകല്‍പന ചെയ്യുന്നവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മൈക്രോ ഹൈഡല്‍ ഗാഡ്ജറ്റുകളും നമ്മുടെ രാജ്യത്ത് ധാരാളമായി കാണപ്പെടുന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും 'ഘരത്' എന്ന് വിളിക്കപ്പെടുന്ന ധാരാളം ജലചക്രങ്ങള്‍ നമുക്ക് കാണാം. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മൈക്രോ ഹൈഡല്‍ ഗാഡ്ജെറ്റുകളില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ലോകം പ്രകൃതി വിഭവങ്ങളുടെ അഭാവം നേരിടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചാക്രിക സമ്പദ്വ്യവസ്ഥ കാലഘട്ടത്തിന്റെ ആവശ്യമാണ്, അത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കേണ്ടതുണ്ട്. എല്ലാ മേഖലയിലും നവീകരണം നമുക്കു 
വളരെ പ്രധാനമാണ്, പുതിയ ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ശ്രമങ്ങളില്‍ ഗവണ്‍മെന്റ് നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു.
ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെ, ഈ ദിശയിലുള്ള നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുക മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെയും നയിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് സാധാരണയായി ധാരാളം ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ടിവി ചാനലുകളും മറ്റ് മാധ്യമങ്ങളും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നു, കൂടാതെ ബജറ്റ് തയ്യാറാക്കുന്നതില്‍ നല്ല ചര്‍ച്ചയും നടക്കുന്നുണ്ട്. ബജറ്റ് തയ്യാറാക്കുമ്പോള്‍ പല നല്ല ആശയങ്ങളും ഉയര്‍ന്നുവരുന്നു. എന്നാല്‍ ഇപ്പോള്‍ ബജറ്റ് നടപ്പിലാക്കുന്നതില്‍ നാം ശ്രദ്ധ പുലര്‍ത്തുന്നു. ബജറ്റ് അവതരിപ്പിച്ചു, മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അത് ഇപ്പോള്‍ പാര്‍ലമെന്റിന്റെ സ്വത്താണ്. കാര്യങ്ങള്‍ പാര്‍ലമെന്റ് തീരുമാനിക്കും. ഏപ്രില്‍ 1 മുതല്‍ ബജറ്റ് നടപ്പിലാക്കാന്‍ നമുക്കു രണ്ട് മാസമുണ്ട്. ബജറ്റ് നടപ്പിലാക്കുന്നതിനുള്ള റോഡ്മാപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ സാധ്യമായ രീതിയില്‍ നടപ്പിലാക്കാനും ഈ രണ്ട് മാസങ്ങള്‍ എങ്ങനെയാണു നാം ഉപയോഗിക്കുക?

ഗവണ്‍മെന്റിന്റെ ചിന്താഗതിയും ഈ മേഖലയില്‍ ബിസിനസ്സ് ലോകം പ്രവര്‍ത്തിക്കുന്ന രീതിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ സെമിനാറില്‍ ആ വിടവ് നികത്താന്‍ ശ്രമിക്കണം. ഗവണ്‍മെന്റിന്റെ  തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരും തല്പരകക്ഷികളും തമ്മില്‍ ചിന്താ പ്രക്രിയയില്‍ വൈരുദ്ധ്യം ഉണ്ടാകരുത്. അതില്‍ ഒരു വിടവും പാടില്ല. ഇത് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍, പല പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ചിലപ്പോള്‍, ഫയല്‍ കുറിപ്പുകളിലെ ചില അപാകതകള്‍ ശരിയാക്കാന്‍ ആറ് മുതല്‍ എട്ട് വരെ മാസം എടുക്കും, അപ്പോഴേക്കും ബജറ്റ് കാലയളവ് അവസാനിക്കും.
ഈ തെറ്റുകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സെമിനാറുകള്‍ക്ക് പിന്നിലെ ഗവണ്‍മെന്റിന്റെ ലക്ഷ്യം നിങ്ങളെ പഠിപ്പിക്കുകയോ ബജറ്റിന്റെ രൂപരേഖയെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കുകയോ അല്ല. ഞങ്ങളേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ വെബിനാറുകള്‍ നടത്തുന്നു. ഇതിനകം തയ്യാറാക്കിയ ബജറ്റിനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. മികച്ച ഫലങ്ങള്‍ക്കായി നമുക്ക് എങ്ങനെ ഇത് വേഗത്തിലും മികച്ച രീതിയിലും നടപ്പിലാക്കാന്‍ കഴിയും? അനാവശ്യമായ കാലതാമസം പാടില്ല. അതിനാല്‍, കൃത്യമായ പ്രായോഗിക ഉദാഹരണങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ ഈ വെബിനാര്‍ വിജയിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നേരുന്നു. വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

-ND-


(Release ID: 1803197) Visitor Counter : 192