ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മാതൃഭാഷ സംരക്ഷിക്കാനുള്ള യത്‌നങ്ങൾ ജനകീയ മുന്നേറ്റമായി മാറണം - ഉപ രാഷ്‌ട്രപതി

Posted On: 22 FEB 2022 1:23PM by PIB Thiruvananthpuram

മാതൃഭാഷകളെ സംരക്ഷിക്കുന്നതിനുള്ള യജ്ഞം രാജ്യത്ത് ജനകീയ മുന്നേറ്റമായി മാറണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു.

അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഭൗമശാസ്ത്ര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയെ ചെന്നൈയിൽ നിന്ന് വിർച്യുൽ ആയി അഭിസംബോധന ചെയ്തുകൊണ്ട്, നമ്മുടെ കാലത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഭാഷകൾ ക്രമീകരിക്കാനും യുവതലമുറയ്‌ക്കിടയിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിന് ക്രിയാത്മകവും നൂതനവുമായ വഴികൾ കണ്ടെത്താനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

ഭാഷകൾ, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ വാഹകരാണെന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് ഭാഷയെന്ന് പറഞ്ഞു.

ഇന്ത്യയിൽ നൂറുകണക്കിന് വർഷങ്ങളായി പരസ്പരം സഹവർത്തിച്ചു പോരുന്ന നിരവധി ഭാഷകൾ ഉണ്ട് എന്ന് നിരീക്ഷിച്ച ഉപരാഷ്ട്രപതി അവയുടെ തുല്യ പദവിയും വ്യതിരിക്തമായ സ്വത്വവും കണക്കിലെടുത്തു അവയെ 'പ്രാദേശിക ഭാഷകൾ' എന്നതിനുപകരം 'ഇന്ത്യൻ ഭാഷകൾ' എന്ന് വിളിക്കാൻ നിർദ്ദേശിച്ചു.

നൂറുകണക്കിന് ഭാഷകളുടേയും ആയിരക്കണക്കിന് ഭാഷ ഭേദങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ഈ ഭാഷാ സമ്പന്നതയെ നമ്മുടെ സർഗ്ഗാത്മകതയ്ക്കും ആവിഷ്‌കാരത്തിനുമുള്ള താക്കോലായി വിശേഷിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 ൽ സ്കൂളുകളിലും കോളേജുകളിലും മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

വിദ്യാഭ്യാസം യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതാകുന്നതിന് ഇന്ത്യൻ ഭാഷകളിൽ സാങ്കേതിക കോഴ്‌സുകൾ നൽകേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ആവർത്തിച്ചു. ജനങ്ങൾക്ക് നീതിന്യായപ്രക്രിയ നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കോടതി നടപടികളും ഇന്ത്യൻ ഭാഷകളിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

കഴിയുന്നത്ര ഭാഷകൾ പഠിക്കണമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ആദ്യം മാതൃഭാഷയിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

 

***


(Release ID: 1800298) Visitor Counter : 294