രാഷ്ട്രപതിയുടെ കാര്യാലയം
ഫ്ലീറ്റ് റിവ്യൂ -2022 രാഷ്ട്രപതി അവലോകനം ചെയ്തു
Posted On:
21 FEB 2022 2:19PM by PIB Thiruvananthpuram
സമുദ്രത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും, സഹകരണത്തിലൂന്നിയുള്ള സുസ്ഥിര ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ‘മേഖലയിലെ എല്ലാവർക്കും സുരക്ഷയും സമൃദ്ധിയും’ എന്ന ആശയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (ഫെബ്രുവരി 21, 2022) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രസിഡൻഷ്യൽ ഫ്ലീറ്റ് റിവ്യൂ-2022 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വ്യാപാരത്തിന്റെ വലിയൊരു പങ്കും നടക്കുന്നത് ഇന്ത്യൻ മഹാസമുദ്ര മേഖലയെ ആശ്രയിച്ചാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ വ്യാപാര-ഊർജ്ജ ആവശ്യങ്ങളുടെ ഗണ്യമായ പങ്കും സമുദ്രങ്ങളിലൂടെയാണ് നിറവേറ്റപ്പെടുന്നത്. ഇക്കാരണങ്ങൾ കൊണ്ട്, സമുദ്രത്തിന്റെയും നാവികമേഖലയുടെയും സുരക്ഷ ഒരു നിർണായക ആവശ്യകതയാണ്. ഇന്ത്യൻ നാവികസേനയുടെ നിരന്തര ജാഗ്രത, സംഭവങ്ങളോടുള്ള സത്വര പ്രതികരണം, അശ്രാന്ത പരിശ്രമം എന്നിവ സമുദ്ര സുരക്ഷയിയ്ക്ക് വളരെയധികം സഹായകമാണ്.
ഇന്ത്യൻ നാവികസേന കൂടുതൽ സ്വാശ്രയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ നടത്തിപ്പിൽ മുൻനിരയിലാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള വിവിധ പൊതു, സ്വകാര്യ കപ്പൽശാലകളിൽ നിർമ്മാണത്തിലിരിക്കുന്ന ഒട്ടേറെ യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും ഘടകങ്ങളുടെ 70 ശതമാനവും തദ്ദേശീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ആണവ അന്തർവാഹിനികൾ നിർമ്മിച്ചത് അഭിമാനകരമാണെന്നും തദ്ദേശീയമായി നിർമ്മിച്ച നമ്മുടെ വിമാനവാഹിനിക്കപ്പലായ ‘വിക്രാന്ത്’ ഉടൻ സേവനത്തിന് തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
(Release ID: 1800077)
Visitor Counter : 225