രാജ്യരക്ഷാ മന്ത്രാലയം

ദേശീയ യുദ്ധ സ്മാരകത്തിൽ സ്‌കൂൾ ബാൻഡുകൾ വാദ്യമേളം അവതരിപ്പിക്കും

Posted On: 10 FEB 2022 2:53PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഊഴമനുസരിച്ച് സ്‌കൂൾ ബാൻഡുകൾ പതിവായി വാദ്യമേളം അവതരിപ്പിക്കും. പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയവും ഡൽഹി സർക്കാരുമായി കൂടിയാലോചിച്ച് സ്കൂൾ ബാൻഡുകളുടെ പട്ടിക തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം CBSE - യോട് നിർദ്ദേശിച്ചു. ഇതോടെ സ്കൂൾ ബാൻഡുകൾക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രകടനം നടത്താൻ അവസരമൊരുങ്ങും. ബാൻഡുകളുടെ സ്ഥലം, പ്രമേയങ്ങൾ, താളങ്ങൾ മുതലായവ ഡയറക്ടറേറ്റ് ഓഫ് നാഷണൽ വാർ മെമ്മോറിയൽ & മ്യൂസിയം, ഹെഡ്ക്വാർട്ടർ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (NWM&M, HQ IDS) എന്നിവയുമായി ഏകോപിപ്പിച്ച് സ്മാരകത്തിന്റെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത വിധം തീരുമാനിക്കാം.

NWM&M, HQ IDS-യുമായി സഹകരിച്ച്, പതിവ് പരിപാടിയെന്ന നിലയിൽ വാദ്യമേളം അവതരിപ്പിക്കാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ സ്കൂൾ  ബാൻഡിനെ വീതം തിരഞ്ഞെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്കൂളുകളെ ഏകോപിപ്പിക്കാനുള്ള ചുമതല CBSE യ്ക്ക് നിർവ്വഹിക്കും.

ദേശീയ യുദ്ധ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചതിന്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി 2022 ഫെബ്രുവരി 22 മുതൽ ദേശീയ യുദ്ധ സ്മാരകത്തിൽ സ്കൂൾ ബാൻഡുകളുടെ പ്രകടനം ആരംഭിക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്.

സ്‌കൂൾ കുട്ടികളിൽ രാജ്യസ്‌നേഹം, കടമകൾ നിർവ്വഹിക്കാനുള്ള അർപ്പണബോധം, ധൈര്യം, ത്യാഗം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.



(Release ID: 1797284) Visitor Counter : 174