രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ വകുപ്പിന്റെ 17.78 ലക്ഷം ഏക്കർ ഭൂമിയുടെ സർവേ നടത്തിയ, ഡിഫൻസ് എസ്റ്റേറ്റ്സ് ഉദ്യോഗസ്ഥർക്ക് രക്ഷാ മന്ത്രി പുരസ്‌കാരങ്ങൾ നൽകി

Posted On: 10 FEB 2022 12:25PM by PIB Thiruvananthpuram
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രതിരോധ വകുപ്പിന്റെ 17.78 ലക്ഷം ഏക്കർ ഭൂമിയുടെ സർവേ വിജയകരമായി പൂർത്തിയാക്കിയതിന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 ഫെബ്രുവരി 10 ന് ഡിഫൻസ്  എസ്റ്റേറ്റ്സുകളിലെ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ നൽകി. 38 ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും നാല് അസിസ്റ്റന്റ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും 11 ഓഫീസർമാർക്കും 24 ഉദ്യോഗസ്ഥർക്കും ന്യൂ ഡൽഹി നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി.
 
ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസ് രേഖകൾ പ്രകാരം, പ്രതിരോധ മന്ത്രാലയത്തിന് ഏകദേശം 17.99 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതിൽ 1.61 ലക്ഷം ഏക്കർ ഭൂമി രാജ്യത്തുടനീളമുള്ള വിജ്ഞാപനം ചെയ്ത 62 കന്റോണ്മെന്റുകൾക്കുള്ളിലാണ്. ഏകദേശം 16.38 ലക്ഷം ഏക്കർ ഭൂമി കന്റോൺമെന്റുകൾക്ക് പുറത്ത് നിരവധിയിടങ്ങളിലായി വ്യാപിച്ചിരിക്കുന്നു.
 
പ്രതിരോധ ഭൂമിയുടെ വ്യക്തമായ അതിർത്തി നിർണയിക്കുന്നത് ഈ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും വികസനത്തിനും നിർണായകമാണെന്ന്, പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട്, ശ്രീ രാജ്‌നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർവേയിൽ നിന്ന് ലഭിച്ച ഭൂമിയുടെ അളവിന്റെ കൃത്യതയും വിശ്വസനീയമായ രേഖകളും, ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിന് ചെലവഴിക്കേണ്ട ഊർജ്ജവും പണവും സമയവും ഗണ്യമായി ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഇത് ആദ്യമായി ഇത്തരമൊരു സർവേയിൽ ഡ്രോൺ ഇമേജറി, സാറ്റലൈറ്റ് ഇമേജറി, 3 ഡി മോഡലിംഗ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചതിന് ഡയറക്ടറേറ്റ് ജനറൽ ഡിഫൻസ് എസ്റ്റേറ്റ്സിനെ (ഡിജിഡിഇ) രക്ഷാ മന്ത്രി അഭിനന്ദിച്ചു.
 
പ്രതിരോധ വകുപ്പിന്റെ ഭൂമിയുടെ പരിപാലനത്തിന്റെയും, രണ്ട് ദശലക്ഷത്തോളം ജനസംഖ്യയുള്ള 62 കന്റോൺമെന്റുകളുടെ മുനിസിപ്പൽ ഭരണത്തിന്റെയും ഉത്തരവാദിത്വം, ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷനാണ് വഹിക്കുന്നത്.
 
 

*** 



(Release ID: 1797162) Visitor Counter : 122