കൃഷി മന്ത്രാലയം
2021-22 ലെ വേനൽക്കാല കൃഷിയുമായി ബന്ധപ്പെട്ട നാലാമത് ദേശീയ സമ്മേളനത്തെ കേന്ദ്ര കൃഷിമന്ത്രി അഭിസംബോധന ചെയ്തു
Posted On:
27 JAN 2022 4:29PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 27, 2021
2021-22 ലെ വേനൽക്കാല കൃഷിയുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തെ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര കുമാർ തോമർ വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്തു. വേനൽക്കാല വിളകൾ അധികവരുമാനം നൽകുന്നതിനൊപ്പം, റാബി-ഖാരിഫ് കാലയളവുകൾക്കിടയിൽ കർഷകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും ഒരു കാർഷിക വർഷംകൊണ്ട് തന്റെ കൃഷിയിടത്തിൽ കർഷകർ വിളയിക്കുന്ന വിളകളുടെ എണ്ണം വർധിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വേനൽക്കാലത്ത് പകുതിയിലേറെ കൃഷിഭൂമിയിലും, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ന്യൂട്രി-ധാന്യങ്ങൾ എന്നിവയാണ് കൃഷി ചെയ്യപ്പെടുന്നതെങ്കിലും, ജലസേചന സൗകര്യമുള്ള മേഖലകളിലെ കൃഷിക്കാർ നെല്ലും, പച്ചക്കറികളും ഈ കാലയളവിൽ കൃഷി ചെയ്യുന്നുണ്ട്. വേനൽ കാല വിളകൾ കൃഷിചെയ്യപ്പെടുന്ന ഭൂമിയുടെ അളവിൽ 2017-18 കാലയളവിനെ അപേക്ഷിച്ച് (29.71 ലക്ഷം ഹെക്ടർ) 2.7 മടങ്ങ് വർധനയാണ് 2020-21 ൽ (80.46 ലക്ഷം ഹെക്ടർ) ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ സീസണുകളിലെ കൃഷി പരിശോധിച്ച് അവലോകനം ചെയ്യാനും, സംസ്ഥാന ഭരണകൂടങ്ങളുമായി ആലോചിച്ചുകൊണ്ട് വേനൽകാലയളവിൽ ഓരോ വിളയിലും സ്വന്തമാക്കേണ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കാനുമാണ് സമ്മേളനം സംഘടിപ്പിച്ചത്. ആവശ്യമായ സാമഗ്രികളുടെ വിതരണം ഉറപ്പാക്കുന്നതിനും, നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതിനും എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി ഉറപ്പുനൽകി. ഇറക്കുമതിയെ വലിയതോതിൽ ആശ്രയിക്കേണ്ടി വരുന്ന എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനാണ് ഭരണകൂടം പ്രത്യേക മുൻഗണന നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വേനൽക്കാല വിളകളുടെ മികച്ച ഉത്പാദനം ഉറപ്പാക്കുന്നതിനായി പുതിയ വിത്ത് തരങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ശ്രീ തോമർ ഓർമിപ്പിച്ചു. വളങ്ങളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ തന്നെ കണക്കുകൾ തയ്യാറാക്കാനും, ആവശ്യമായ അളവിലുള്ള വളങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു ഇതുസംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തിന് കൈമാറാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വിത്തുകൾക്ക് സെർറ്റിഫിക്കേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തന ചട്ടങ്ങൾ ഉൾപ്പെടുന്ന പ്രത്യേക മാനുവൽ ('Working manual on Indian Seed Certification') സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കി. സംസ്ഥാനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ PM KISAN e-KYC, കർഷക ഡാറ്റബേസ് തുടങ്ങിയവ സംബന്ധിച്ച പ്രദർശനങ്ങൾ സമ്മേളനത്തിൽ നടന്നു.
കൃഷി-കർഷക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ കൈലാഷ് ചൗധരി, DA&FW, ICAR എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർമാർ, എല്ലാ സംസ്ഥാനങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി നാല് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടുള്ള ആശയവിനിമയവും നടന്നു. വേനൽ കാലയളവിലെ കാർഷിക ഉത്പാദനം, കൃഷിഭൂമി എന്നിവ വർദ്ധിപ്പിക്കുന്നതിനായി അതാത് സംസ്ഥാനങ്ങൾ ആവിഷ്കരിക്കുന്ന നടപടികൾ, നേരിടുന്ന വെല്ലുവിളികൾ, സ്വന്തമാക്കിയ നേട്ടങ്ങൾ എന്നിവ പങ്കുവെക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്.
RRTN/SKY
****
(Release ID: 1793000)
Visitor Counter : 251