ഉപരാഷ്ട്രപതിയുടെ കാര്യാലയം
ആഗോള താപനില നിയന്ത്രിച്ച് ദ്വീപുകളെ സംരക്ഷിക്കുന്നതിന് സംയോജിച്ചുള്ള അന്താരാഷ്ട്ര പരിശ്രമങ്ങള്‍ ആവശ്യമെന്ന് ഉപരാഷ്ട്രപതി
തന്റെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
Posted On:
02 JAN 2022 4:42PM by PIB Thiruvananthpuram
ആഗോള താപനില നിയന്ത്രിക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. എങ്കില്‍ മാത്രമേ ചെറു ദ്വീപുകള്‍, അവയുടെ സൗന്ദര്യം എന്നിവ കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാനും, ആ ദ്വീപുകളില്‍ അധിവസിക്കുന്നവരുടെ വാസസ്ഥലം നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആഗോള മലിനീകരണത്തില്‍ ചെറിയ പങ്ക് മാത്രം വഹിക്കുന്ന ദ്വീപുകളാണ്, വന്‍കിട രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ഉദാസീന മനോഭാവത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നത് തികച്ചും നീതി രഹിതമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപിലെ തന്റെ രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി ദ്വീപിലെ അനുഭവങ്ങള്‍ സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ തീര പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന തുടര്‍ച്ചയായ പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ലക്ഷദ്വീപിന്റെ ഈ മാതൃക പിന്തുടരാനും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം സ്വീകരിക്കാനും മറ്റ് വിനോദ സഞ്ചാര മേഖലകളോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. തങ്ങള്‍ സന്ദര്‍ശിക്കുന്ന മേഖലകളില്‍ പ്രാദേശികമായി അധിവസിക്കുന്ന ജനങ്ങളുടെ സുസ്ഥിതി, അവിടുത്തെ പ്രകൃതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉത്തരവാദിത്തപരമായി യാത്ര ചെയ്യാന്‍ അദ്ദേഹം വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ദ്വീപുകള്‍ വൃത്തിയായി കാത്തുസൂക്ഷിക്കുന്ന ലക്ഷദ്വീപിലെ ജനതയെ അദ്ദേഹം അഭിനന്ദിച്ചു.
മത്സ്യബന്ധന മേഖലയില്‍ ലക്ഷദ്വീപിനുള്ള തുടര്‍ച്ചയായ പുരോഗതി ചൂണ്ടിക്കാട്ടവേ, ലക്ഷദ്വീപ് ഭരണകൂടം ഈ മേഖലയ്ക്ക് തുടര്‍ച്ചയായി നല്‍കി വരുന്ന പിന്തുണയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി ഉത്തരവാദിത്വ പൂര്‍ണമായ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സഹായിക്കുന്ന ഊര്‍ജ്ജ മികവുള്ള മത്സ്യബന്ധന സംവിധാനങ്ങളുമായി മുന്നോട്ടുവരാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Release ID: 1786961)
Visitor Counter : 224