രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബംഗ്ലാദേശ് സന്ദർശനത്തിന്റെ സമാപന ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു

Posted On: 17 DEC 2021 1:46PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 17, 2021

 
ബംഗ്ലാദേശ് സന്ദർശനത്തിന്റെ സമാപന ദിവസം (ഡിസംബർ 17, 2021) രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ധാക്കയിൽ ബംഗ്ലാദേശിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണർ ശ്രീ വിക്രം കെ ദൊരൈസ്വാമി ആതിഥേയത്വം വഹിച്ച ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.


ധാക്കയിലെ നവീകരിച്ച ചരിത്രപ്രസിദ്ധമായ രമണ കാലി ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള അവസരം ലഭിച്ചതായി സദസിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. വിമോചനയുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം തകർത്ത ക്ഷേത്രം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ഗവണ്മെന്റുകളും ജനങ്ങളും സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.

 
രാജ്യത്തിന്റെ വിമോചന പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ബംഗ്ലാദേശിന് പിന്തുണയുമായി ഇന്ത്യ നിലകൊള്ളുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി.


ഇരു രാജ്യങ്ങളുടെയും വളർച്ചാ പാതകൾ പരസ്പരബന്ധിതമാണെന്നും വിഭവങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കലാണ് സുസ്ഥിര വികസനത്തിനുള്ള മന്ത്രമെന്നും രാഷ്ട്രപതി പറഞ്ഞു. ഹരിത ഊർജം, ക്ലീൻ ടെക്‌നോളജി എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ വലിയ സാധ്യതകൾ കാണുന്നതായും അദ്ദേഹം പറഞ്ഞു.

ശക്തമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കത്തിൽ ബംഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക്, പ്രത്യേകിച്ച്, ബംഗ്ലാദേശിനും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയ്ക്കും ഇടയിൽ വർധിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താൻ ഇരുവശത്തുമുള്ള വ്യാപാര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ച രാഷ്ട്രപതി, ദീർഘകാലത്തെ ഉഭയകക്ഷി ബന്ധം ഉറപ്പിച്ചതിൽ അവരുടെ പങ്കാളിത്തം എടുത്ത് പറഞ്ഞു.

വിമോചനയുദ്ധത്തിന്റെ സുവർണജൂബിലിയും ബംഗബന്ധുവിന്റെ ജന്മശതാബ്ദിയും നമ്മുടെ സൗഹൃദത്തിന്റെ 50-ാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഈ അതുല്യ വർഷത്തിൽ, നമ്മുടെ രാഷ്ട്രശില്പികളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി നാം സ്വയം സമർപ്പിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. 1971-ൽ രക്തവും ത്യാഗവും കൊണ്ട് രൂപപ്പെടുത്തിയ ബന്ധം ഭാവിയിലും നമ്മുടെ രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
RRTN/SKY

(Release ID: 1782683) Visitor Counter : 204