പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു.പിയിലെ ഗോരഖ്പൂരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 07 DEC 2021 5:28PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! മതത്തിന്റെയും ആത്മീയതയുടെയും വിപ്ലവത്തിന്റെയും നഗരമായ ഗോരഖ്പൂരിലെ ദൈവിക ജനതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പരമഹംസ യോഗാനന്ദ, മഹായോഗി ഗോരഖ്നാഥ് ജി, ബഹുമാന്യനായ ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ ജി, കടുത്ത വിപ്ലവകാരിയായ പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ എന്നിവര്‍ക്കും ഈ പുണ്യഭൂമിക്കും ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു. രാസവള ഫാക്ടറിക്കും എയിംസിനും വേണ്ടി നിങ്ങളെല്ലാവരും ഏറെക്കാലമായി കാത്തിരുന്ന ആ നിമിഷം ഇന്ന് വന്നിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍.
എന്നോടൊപ്പം വേദിയില്‍ സന്നിഹിതരായിരിക്കുന്നത് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയ കര്‍മ്മയോഗി മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ഡോ. ദിനേശ് ശര്‍മ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റ് ശ്രീ സ്വതന്ത്രദേവ് സിംഗ് ജി, അപ്നാ ദളിന്റെ ദേശീയ അധ്യക്ഷയും മന്ത്രിസഭയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ അനുപ്രിയ പട്ടേല്‍ ജി, നിഷാദ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ സഞ്ജയ് നിഷാദ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ പങ്കജ് ചൗധരി ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ ജയ്പ്രതാപ് സിംഗ് ജി, ശ്രീ സൂര്യ പ്രതാപ് ഷാഹി ജി, ശ്രീ ദാരാ സിംഗ് ചൗഹാന്‍ ജി, സ്വാമി പ്രസാദ് മൗര്യ ജി, ഉപേന്ദ്ര തിവാരി ജി, സതീഷ് ദ്വിവേദി ജി, ജയ് പ്രകാശ് നിഷാദ് ജി, രാം ചൗഹാന്‍ ജി, ആനന്ദ് സ്വരൂപ് ശുക്ല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, യു.പി. നിയമസഭാംഗങ്ങള്‍, ഒപ്പം ഞങ്ങളെ അനുഗ്രഹിക്കുവാന്‍ ധാരാളമായി എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

ഞാന്‍ സ്റ്റേജിലെത്തിയപ്പോള്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ നോക്കി അത്ഭുതപ്പെട്ടു. ദൂരെയുള്ള പലരും എന്നെ കാണുകയോ കേള്‍ക്കുകയോ ചെയ്‌തേക്കില്ല. ദൂരെ ദിക്കുകളില്‍ നിന്നും ആളുകള്‍ കൊടി വീശുന്നു. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും ഊര്‍ജവും ശക്തിയും നല്‍കുകയും നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അഞ്ച് വര്‍ഷം മുമ്പ് എയിംസിന്റെയും വളം ഫാക്ടറിയുടെയും തറക്കല്ലിടാനാണ് ഞാന്‍ ഇവിടെ വന്നത്. ഈ രണ്ട് പദ്ധതികളും ഒരുമിച്ച് സമാരംഭിക്കാനുള്ള പദവി നിങ്ങള്‍ എനിക്ക് നല്‍കി. ഐസിഎംആറിന്റെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിനും ഇന്ന് പുതിയ കെട്ടിടം ലഭിച്ചു. യുപിയിലെ ജനങ്ങളെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ഗോരഖ്പൂരിലെ വളം പ്ലാന്റും എയിംസും ആരംഭിച്ചത് നിരവധി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്‍ര് ഉള്ളപ്പോള്‍, ജോലിയും ഇരട്ടി വേഗതയില്‍ നടക്കുന്നു. സദുദ്ദേശ്യത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍, ദുരന്തങ്ങള്‍ പോലും തടസ്സമാകില്ല. ദരിദ്രരുടെയും ചൂഷിതരുടെയും അധഃസ്ഥിതരുടെയും കാര്യത്തില്‍ കരുതലും അവര്‍ക്കുവേണ്ടി കഠിനാധ്വാനവും ചെയ്യുന്ന ഒരു ഗവണ്‍മെന്റ് ഉണ്ടാകുമ്പോള്‍, അത് നല്ല ഫലങ്ങളിലേക്ക് നയിക്കുന്നു. ഒരു പുതിയ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന് അസാധ്യമായി ഒന്നുമില്ല എന്നതിന്റെ തെളിവാണ് ഇന്ന് ഗോരഖ്പൂരില്‍ നടക്കുന്ന പരിപാടി.

സുഹൃത്തുക്കളെ,
2014ല്‍ നിങ്ങള്‍ എനിക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍ രാജ്യത്തെ വളം മേഖല വളരെ മോശം അവസ്ഥയിലായിരുന്നു. രാജ്യത്തെ പ്രധാന വളം ഫാക്ടറികള്‍ വര്‍ഷങ്ങളോളം അടഞ്ഞുകിടക്കുകയും ഇറക്കുമതി തുടര്‍ച്ചയായി വര്‍ധിക്കുകയും ചെയ്തു. ലഭ്യമായ വളം കൃഷിക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് രഹസ്യമായി ഉപയോഗിച്ചു എന്നതായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. അതിനാല്‍, യൂറിയയുടെ ക്ഷാമം പ്രധാന വാര്‍ത്തകളില്‍ ഇടംനേടുകയും വളത്തിനായി കര്‍ഷകര്‍ക്ക് വടിയും വെടിയുണ്ടകളും ഉപയോഗിക്കേണ്ടതായി വരികയും ചെയ്തു. ആ അവസ്ഥയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള പുതിയ തീരുമാനവുമായി ഞങ്ങള്‍ മുന്നോട്ട് പോയി. ഞങ്ങള്‍ ഒരേസമയം മൂന്ന് മുന്നണികളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടക്കത്തില്‍, ഞങ്ങള്‍ യൂറിയയുടെ ദുരുപയോഗം നിര്‍ത്തി, യൂറിയയ്ക്ക് 100% വേപ്പ് കവചം ഉണ്ടാക്കി. രണ്ടാമതായി, ഞങ്ങള്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കി. അതിലൂടെ അവര്‍ക്ക് അവരുടെ വയലുകള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. മൂന്നാമതായി, യൂറിയയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കി. പൂട്ടിയ വളം പ്ലാന്റുകള്‍ വീണ്ടും തുറക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ കാമ്പെയ്ന് കീഴില്‍, ഗോരഖ്പൂരിലെ ഈ വളം പ്ലാന്റ് ഉള്‍പ്പെടെ രാജ്യത്തെ നാല് പ്രധാന വളം ഫാക്ടറികള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു. ഒരെണ്ണം ഇന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബാക്കിയുള്ളവ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകും.
സുഹൃത്തുക്കളെ,

ഗോരഖ്പൂര്‍ വളം പ്ലാന്റ് തുടങ്ങാന്‍ മറ്റൊരു പ്രധാന കാരണമുണ്ട്. ഭഗീരഥ ജി സ്വര്‍ഗത്തില്‍ നിന്ന് ഗംഗാജി നദിയെ ഭൂമിയിലേക്ക് കൊണ്ടുവന്നതുപോലെ, ഈ വളം പ്ലാന്റിലേക്ക് ഇന്ധനം കൊണ്ടുവരാന്‍ ഊര്‍ജ ഗംഗ ഉപയോഗിച്ചു. പ്രധാനമന്ത്രി ഊര്‍ജ ഗംഗ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് കീഴിലാണ് ഹാല്‍ദിയ-ജഗദീഷ്പൂര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ഈ പൈപ്പ് ലൈന്‍ കാരണം, ഗോരഖ്പൂര്‍ വളം പ്ലാന്റ് ആരംഭിക്കുക മാത്രമല്ല, കിഴക്കന്‍ ഇന്ത്യയിലെ ഡസന്‍ കണക്കിന് ജില്ലകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പൈപ്പ് ഗ്യാസ് ലഭിക്കാന്‍ തുടങ്ങി.

സഹോദരീ സഹോദരന്മാരേ,
വളം പ്ലാന്റിന്റെ തറക്കല്ലിടല്‍ വേളയില്‍, ഈ ഫാക്ടറി കാരണം ഗോരഖ്പൂര്‍ ഈ പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിന്റെ കേന്ദ്രമായി മാറുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇന്ന് അത് യാഥാര്‍ത്ഥ്യമാകുന്നത് എനിക്ക് കാണാന്‍ സാധിക്കുന്നു. ഈ വളം ഫാക്ടറി സംസ്ഥാനത്തെ നിരവധി കര്‍ഷകര്‍ക്ക് ആവശ്യത്തിന് യൂറിയ നല്‍കുമെന്ന് മാത്രമല്ല, പൂര്‍വാഞ്ചലില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. ഇപ്പോള്‍ സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ സാധ്യത ഉയര്‍ന്നുവരുകയും നിരവധി പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുകയും ചെയ്യും. വളം ഫാക്ടറിയുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പം ഗതാഗത, സേവന മേഖലകള്‍ക്കും ഉത്തേജനം ലഭിക്കും.

സുഹൃത്തുക്കളെ,

യൂറിയ ഉല്‍പ്പാദനത്തില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതില്‍ ഗോരഖ്പൂര്‍ വളം ഫാക്ടറി വലിയ പങ്ക് വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന അഞ്ച് വളം പ്ലാന്റുകള്‍ കമ്മിഷന്‍ ചെയ്താല്‍ 60 ലക്ഷം ടണ്‍ യൂറിയ അധികമായി ലഭിക്കും. അതായത് ആയിരക്കണക്കിന് കോടി രൂപ വിദേശത്തേക്ക് ഇന്ത്യ അയക്കേണ്ടി വരില്ല; ഇന്ത്യയുടെ പണം ഇന്ത്യയില്‍ തന്നെ ചെലവഴിക്കപ്പെടും.

സുഹൃത്തുക്കളെ,
കൊറോണ പ്രതിസന്ധി്ക്കാലത്ത് രാസവളങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞു. കൊറോണ ലോകമെമ്പാടുമുള്ള ലോക്ക്ഡൗണുകളിലേക്ക് നയിച്ചു, ഒരു രാജ്യത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുകയും വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്തു. ഇത് അന്താരാഷ്ട്ര തലത്തില്‍ രാസവളങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമായി. എന്നാല്‍ കര്‍ഷകരോട് അര്‍പ്പണബോധവും സംവേദനക്ഷമതയുമുള്ള നമ്മുടെ ഗവണ്‍മെന്റ് ലോകത്തുള്ള രാസവളങ്ങളുടെ വിലക്കയറ്റത്തിന്റെ ഭാരം കര്‍ഷകരില്‍ ഏല്‍പ്പിക്കില്ലെന്ന് ഉറപ്പുവരുത്തി. കര്‍ഷകര്‍ക്ക് മിനിമം പ്രശ്നങ്ങളുണ്ടോ എന്ന് കാണാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. എന്‍പികെ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം) വളത്തിന്റെ വില വര്‍ധിച്ചതിനാല്‍ കര്‍ഷകര്‍ക്ക് സബ്സിഡി 43,000 കോടി രൂപയിലധികം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ അത് ചെയ്തുവെന്നും അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. നമ്മുടെ ഗവണ്‍മെന്റ് യൂറിയയ്ക്കുള്ള സബ്സിഡി 33,000 കോടി രൂപ വര്‍ദ്ധിപ്പിച്ചു, അങ്ങനെ നമ്മുടെ കര്‍ഷകര്‍ക്ക് വളത്തിന്റെ വിലക്കയറ്റം ഭാരമാകാതിരിക്കാന്‍. രാജ്യാന്തര വിപണിയില്‍ യൂറിയ കിലോയ്ക്ക് 60-65 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് യൂറിയ 10 മുതല്‍ 12 മടങ്ങ് വരെ വിലക്കുറവില്‍ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്.

സഹോദരീ സഹോദരന്മാരേ,
ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ഇന്ന് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനായി രാജ്യത്ത് തന്നെ ആവശ്യത്തിന് ഭക്ഷ്യ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും വേണ്ടിയുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം 5-7 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. എഥനോളിനും ജൈവ ഇന്ധനത്തിനും ഊന്നല്‍ നല്‍കി ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. പൂര്‍വാഞ്ചലിലെ ഈ പ്രദേശം കരിമ്പ് കര്‍ഷകരുടെ ശക്തികേന്ദ്രമാണ്. കരിമ്പ് കര്‍ഷകര്‍ക്ക് പഞ്ചസാരയേക്കാള്‍ മികച്ച വരുമാന മാര്‍ഗ്ഗമായി എത്തനോള്‍ മാറുകയാണ്. ജൈവ ഇന്ധനം നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശില്‍ തന്നെ നിരവധി ഫാക്ടറികള്‍ സ്ഥാപിക്കുന്നുണ്ട്. യുപിയില്‍ നിന്ന് 20 കോടി ലിറ്റര്‍ എത്തനോള്‍ മാത്രമാണ് ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നത്. ഇന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് 100 കോടി ലിറ്റര്‍ എത്തനോള്‍ വിതരണം ചെയ്യുന്നു. മുമ്പ് ഗള്‍ഫില്‍ നിന്ന് എണ്ണ വന്നിരുന്നു, ഇപ്പോള്‍ (കരിമ്പ്) വിളകളില്‍ നിന്നുള്ള എണ്ണ വരാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരിമ്പ് കര്‍ഷകര്‍ക്കായി അഭൂതപൂര്‍വമായ പ്രവര്‍ത്തനത്തിന് യോഗി ജി ഗവണ്‍മെന്റിനെ ഇന്ന് ഞാന്‍ അഭിനന്ദിക്കും. അടുത്തിടെ കരിമ്പ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില 350 രൂപയായി (ക്വിന്റലിന്) വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ഗവണ്‍മെന്റുകളും 10 വര്‍ഷം കൊണ്ട് കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കിയത് യോഗി ജിയുടെ ഗവണ്‍മെന്റ് നാലര വര്‍ഷം കൊണ്ട് നല്‍കിയിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
സന്തുലിതവും എല്ലാവര്‍ക്കും പ്രയോജനകരവുമായ വികസനമാണ് യഥാര്‍ത്ഥ വികസനം. സംവേദനക്ഷമതയുള്ളവര്‍ക്കും പാവപ്പെട്ടവരെക്കുറിച്ച് ശ്രദ്ധിക്കുന്നവര്‍ക്കും മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ഈ വലിയ പ്രദേശം വളരെക്കാലമായി ഒരു മെഡിക്കല്‍ കോളേജിനെ മാത്രം ആശ്രയിച്ചിരുന്നു. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ ചികിത്സയ്ക്കായി ബനാറസിലേക്കോ ലഖ്നൗവിലേക്കോ പോകേണ്ടതായി വന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ ഈ പ്രദേശത്തെ മസ്തിഷ്‌ക ജ്വരത്തിന്റെ അവസ്ഥ എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. ഇവിടെ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവേഷണ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം പോലുമില്ലായിരുന്നു.

സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍, എയിംസ് ഇവിടെ യാഥാര്‍ഥ്യമാകുന്നത് നിങ്ങള്‍ കണ്ടു. ഇതുമാത്രമല്ല ഗവേഷണകേന്ദ്രത്തിന്റെ സ്വന്തം കെട്ടിടവും തയ്യാറായി. എയിംസിനു തറക്കല്ലിടാന്‍ വന്നപ്പോള്‍, ഈ പ്രദേശത്തെ മസ്തിഷ്‌ക ജ്വരത്തില്‍ നിന്ന് മുക്തമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. മസ്തികഷ്‌കജ്വരം പൊട്ടിപ്പുറപ്പെടാനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുന്നതിലും അതിന്റെ ചികിത്സയിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ആ കഠിനാധ്വാനം ഇന്ന് ഭൂമിയില്‍ ദൃശ്യമാണ്. ഇന്ന്, ഗോരഖ്പൂര്‍, ബസ്തി ഡിവിഷനിലെ ഏഴ് ജില്ലകളില്‍ മസ്തിഷ്‌ക ജ്വരം 90 ശതമാനം കുറഞ്ഞു. രോഗബാധിതരായ കൂടുതല്‍ കൂടുതല്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നാം വിജയിക്കുന്നു. യോഗി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ രാജ്യാന്തര തലത്തിലും ചര്‍ച്ചയാകുകയാണ്. പുതിയ എയിംസും ഐസിഎംആര്‍ ഗവേഷണ കേന്ദ്രവും വരുന്നതോടെ മസ്തിഷ്‌ക ജ്വരം തുടച്ചുനീക്കാനുള്ള പ്രചാരണം കൂടുതല്‍ ശക്തമാകും. മറ്റ് പകര്‍ച്ചവ്യാധികളും മഹാവ്യാധികളും തടയുന്നതിനും ഇത് യുപിയെ വളരെയധികം സഹായിക്കും.

സഹോദരീ സഹോദരന്മാരേ,
ഏതൊരു രാജ്യവും പുരോഗതി പ്രാപിക്കണമെങ്കില്‍, അവിടത്തെ ആരോഗ്യ സേവനങ്ങള്‍ താങ്ങാനാവുന്ന ചെലവിലുള്ളതും എല്ലാവര്‍ക്കും പ്രാപ്യവുമാകേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം, ഒരു നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്ത്, സ്വന്തം സ്ഥലം പണയപ്പെടുത്തി ചികിത്സയ്ക്കായി മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങുന്നതും മറ്റും ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. എല്ലാ ദരിദ്രരും പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരും അധഃസ്ഥിതരും, അവര്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും ഏത് പ്രദേശത്തായാലും, ഈ കുഴപ്പത്തില്‍ നിന്ന് അവരെ കരകയറ്റുന്നതിനായി ഞാന്‍ കഠിനമായി പരിശ്രമിക്കുന്നു. എയിംസ് പോലുള്ള മെഡിക്കല്‍ സ്ഥാപനങ്ങള്‍ വന്‍ നഗരങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് നേരത്തെ കരുതിയിരുന്നത്.  എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയും മികച്ച ചികിത്സയും രാജ്യത്തിന്റെ വളരെ ഗ്രാമീണ പ്രദേശങ്ങളില്‍ പോലും ഉറപ്പാക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ രാജ്യത്ത് ഒരു എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അടല്‍ജി തന്റെ ഭരണകാലത്ത് ആറ് എയിംസ് കൂടി അനുവദിച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 16 പുതിയ എയിംസ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തെ എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുപിയിലെ പല ജില്ലകളിലും മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ യോഗി ജി മെഡിക്കല്‍ കോളേജുകളുടെ പുരോഗതി വിശദമായി വിവരിക്കുകയായിരുന്നു. അടുത്തിടെ യുപിയില്‍ ഒരേസമയം ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്യാന്‍ നിങ്ങള്‍ എനിക്ക് അവസരം തന്നു. ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കിയതിന്റെ ഫലമായാണ് 17 കോടി വാക്‌സിനേഷന്‍ ഡോസുകള്‍ എന്ന നാഴികക്കല്ലില്‍ യുപി എത്തുന്നത്.

സഹോദരീ സഹോദരന്മാരേ,
130 കോടിയിലധികം വരുന്ന പൗരന്‍മാരുടെ ആരോഗ്യവും സൗകര്യവും സമൃദ്ധിയും നമുക്ക് പരമപ്രധാനമാണ്. പ്രത്യേകിച്ച് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അവരുടെ ആരോഗ്യത്തിനും സൗകര്യങ്ങള്‍ക്കും വളരെ കുറച്ച് ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഞങ്ങളുടെ സഹോദരിമാര്‍ക്ക് 'ഇസത്ത് ഘര്‍' എന്ന് നിങ്ങള്‍ വിളിക്കുന്ന പക്കാ വീടുകള്‍, ശൗചാലയങ്ങള്‍, വൈദ്യുതി, ഗ്യാസ്, വെള്ളം, പോഷകാഹാരം, വാക്‌സിനേഷന്‍ തുടങ്ങിയവ ലഭിച്ചു, അവയുടെ ഫലങ്ങള്‍ ഇപ്പോള്‍ ദൃശ്യമാണ്. അടുത്തിടെ നടത്തിയ കുടുംബാരോഗ്യ സര്‍വേയും നിരവധി നല്ല സൂചനകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലായി. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ 5-6 വര്‍ഷമായി സ്ത്രീകള്‍ക്കു ഭൂമിയുടെയും വീടിന്റെയും ഉടമസ്ഥാവകാശം വര്‍ദ്ധിച്ചു. ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും പെടും. അതുപോലെ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഇന്ന് നിങ്ങളോട് സംസാരിക്കുമ്പോള്‍, മുന്‍ ഗവണ്‍മെന്റുകളുടെ സംശയാസ്പദമായ മനോഭാവവും ജനങ്ങളോടുള്ള അവരുടെ നിസ്സംഗതയും ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ മനഃപൂര്‍വം ഇത് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ പ്രദേശത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇവിടത്തെ തൊഴിലവസരത്തിനും ഗോരഖ്പൂരിലെ വളം പ്ലാന്റ് എത്രത്തോലം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഇത് തുടങ്ങാന്‍ മുന്‍ ഗവണ്‍മെന്റുകള്‍ താല്‍പര്യം കാണിച്ചില്ല. ഗോരഖ്പൂരില്‍ എയിംസ് വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ 2017ന് മുമ്പ് ഭരിച്ചിരുന്ന ഗവണ്‍മെന്റുകള്‍ എയിംസിന് ഭൂമി നല്‍കുന്നതില്‍ എല്ലാത്തരം ഒഴികഴിവുകളും നിരത്തി. ഗോരഖ്പൂര്‍ എയിംസിന് മുന്‍ ഗവണ്‍മെന്റ് ഭൂമി അനുവദിച്ചത് വളരെ മനസ്സില്ലാമനസ്സോടെയാണ്, അതും നിര്‍ബന്ധം കൊണ്ടാണ് എന്നാണു ഞാന്‍ ഓര്‍ക്കുന്നത്.

സുഹൃത്തുക്കളെ,
സമയത്തെ ചോദ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കുള്ള ഉചിതമായ മറുപടി കൂടിയാണ് ഇന്നത്തെ ചടങ്ങ്. അത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം അതില്‍ ഉണ്ടായിരിക്കും. ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ് വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കൊറോണ പ്രതിസന്ധി ഘട്ടത്തിലും പണി നിര്‍ത്താന്‍ അനുവദിച്ചില്ലെന്നും ഈ ആളുകള്‍ക്ക് ഒരിക്കലും മനസ്സിലാകില്ല.

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
ലോഹ്യ ജി, ജയ് പ്രകാശ് നാരായണ്‍ ജി തുടങ്ങിയ മഹാരഥന്മാരുടെ ശിക്ഷണങ്ങള്‍ പണ്ടേ ഇക്കൂട്ടര്‍ ഉപേക്ഷിച്ചു. ചുവന്ന തൊപ്പികള്‍ ധരിച്ചവര്‍ തങ്ങളുടെ കാറുകളില്‍ ചുവന്ന ബീക്കണുകളെക്കുറിച്ച് ആശങ്കാകുലരാണെന്നും നിങ്ങളുടെ ബുദ്ധിമുട്ടുകളുമായി അവര്‍ക്ക് ഒരു ബന്ധവുമില്ലെന്നും ഇന്ന് യുപിക്ക് മുഴുവന്‍ നന്നായി അറിയാം. പണപ്പെട്ടികള്‍ നിറയ്ക്കാനും അനധികൃത അധിനിവേശങ്ങള്‍ക്കും മാഫിയയ്ക്കു സ്വതന്ത്രമായി വിഹരിക്കാനും കുംഭകോണങ്ങളാണ് റെഡ് ക്യാപ് ജനത ആഗ്രഹിക്കുന്നത്. തീവ്രവാദികളോട് പ്രീതി കാണിക്കാനും അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ റെഡ് ക്യാപ് ആളുകള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ഓര്‍ക്കുക, ചുവന്ന തൊപ്പികള്‍ ധരിക്കുന്നവര്‍ യുപിക്കുള്ള റെഡ് അലേര്‍ട്ടാണ്, അതായത്, അലാം ബെല്ലുകളാണ്!

സുഹൃത്തുക്കളെ,
യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് തങ്ങളുടെ കുടിശ്ശിക കിട്ടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ യോഗി ജിക്ക് മുമ്പ് ഉണ്ടായിരുന്ന ഗവണ്‍മെന്‍ിനെ മറക്കാന്‍ കഴിയില്ല. തുക ഗഡുക്കളായി അടയ്ക്കുന്നതിന് മുമ്പ് മാസങ്ങള്‍ എടുത്തിരുന്നു. പഞ്ചസാര മില്ലുകളുമായി ബന്ധപ്പെട്ട് പലതരം കളികളും അഴിമതികളും നടന്നിരുന്നു. പൂര്‍വാഞ്ചലിലെയും യുപിയിലെയും ജനങ്ങള്‍ക്ക് ഇത് നന്നായി അറിയാം.

സുഹൃത്തുക്കളെ,
ഞങ്ങളുടെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നിങ്ങളെ സേവിക്കാനും നിങ്ങളുടെ ജീവിതം എളുപ്പമാക്കാനും പ്രതിജ്ഞാബദ്ധമാണ്. നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച വിഷമങ്ങള്‍ നിങ്ങളുടെ മക്കളിലേക്കു കൈമാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ ധാരാളമുണ്ടായിട്ടും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കാത്ത മുന്‍ ഗവണ്‍മെന്റുകളുടെ കാലവും രാജ്യം കണ്ടതാണ്. ഇന്ന് നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കായി ഗവണ്‍മെന്റ് ഗോഡൗണുകള്‍ തുറന്നിട്ടുണ്ട്, യോഗി ജി എല്ലാ വീടുകളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ്. യുപിയിലെ 15 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഹോളി വരെ നീട്ടിയിരുന്നു.

സുഹൃത്തുക്കളെ,
നേരത്തെ, യുപിയിലെ ചില ജില്ലകള്‍ വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ വിഐപി ജില്ലകളായിരുന്നു. വൈദ്യുതി ലഭ്യമാക്കി യുപിയിലെ എല്ലാ ജില്ലകളെയും യോഗി ജി വിഐപി ജില്ലകളാക്കി. യോഗി ജിയുടെ ഗവണ്‍മെന്റിന് കീഴില്‍ ഇന്ന് എല്ലാ ഗ്രാമങ്ങള്‍ക്കും തുല്യവും സമൃദ്ധവുമായ വൈദ്യുതി ലഭിക്കുന്നു. കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കി മുന്‍ ഗവണ്‍മെന്റുകള്‍ യുപിയെ അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇന്ന് മാഫിയ ജയിലിലാണ്, നിക്ഷേപകര്‍ യുപിയില്‍ പരസ്യമായി നിക്ഷേപം നടത്തുന്നു. അതാണ് ഇരട്ട എഞ്ചിന്റെ ഇരട്ട വികസനം. അതുകൊണ്ട് തന്നെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റില്‍ യുപിക്ക് വിശ്വാസമുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന പ്രതീക്ഷയോടെ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! എന്നോടൊപ്പം ഉറക്കെ പറയൂ, ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി.
നിരാകരണി: ഇതു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു.


(Release ID: 1779542)