ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വളർന്നു വരുന്ന ആഗോള മാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ കോഴ്സുകൾ അവലോകനം ചെയ്യാനും പുനക്രമീകരിക്കാനും സർവകലാശാലകൾ ശ്രദ്ധിക്കണം; ഉപരാഷ്ട്രപതി

Posted On: 15 NOV 2021 3:58PM by PIB Thiruvananthpuram
വളർന്നു വരുന്ന ആഗോള മാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ കോഴ്സുകൾ അവലോകനം ചെയ്യാനും പുനക്രമീകരിക്കാനും സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് 
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. രാഷ്ട്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ കോഴ്സുകൾക്ക് രൂപം നൽകാനും ശ്രദ്ധിക്കണം. ബംഗളൂരുവിലെ പി.ഇ.എസ്. സർവകലാശാലയുടെ ആറാമത് ബിരുദദാനച്ചടങ്ങിനെ  അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. വ്യവസായിക വിപ്ലവത്തിന്റെ നാലാം പതിപ്പ് പടിവാതിൽക്കൽ എത്തിയതായി അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി അത് ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം എന്ന് ഓർമിപ്പിച്ചു.
 
ഇതിന്റെ ഭാഗമായി, ഉയർന്നുവരുന്ന പുതിയ മേഖലകളായ അഞ്ചാം തലമുറ  സാങ്കേതികവിദ്യകൾ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതികവിദ്യ എന്നിവയിൽ തങ്ങളുടെ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ നമ്മുടെ സർവകലാശാലകൾക്ക് കഴിയണം.
 
ബഹിരാകാശ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കാനുള്ള ഭരണകൂട തീരുമാനത്തെ പ്രശംസിച്ച ഉപരാഷ്ട്രപതി, DRDO, ഐഎസ്ആർഒ എന്നിവയുമായി ചേർന്നുകൊണ്ട് രണ്ട് കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും അത് വിക്ഷേപണം ചെയ്യാനും PES സർവകലാശാല നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ചു. ഈ അവസരം ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും സർവകലാശാലകളും തയ്യാറാകണമെന്ന്  ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, ബഹിരാകാശ രംഗത്ത് ഭാരതത്തെ സ്വയം പര്യാപ്തം ആക്കാനും,  ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ സ്വന്തമാക്കാനും സ്ഥാപനങ്ങൾ ഒരുമിച്ചു  പ്രവർത്തിക്കണമെന്നും ഓർമിപ്പിച്ചു. 
 
സമ്പത്ത് വ്യവസ്ഥയുടെ വിവിധമേഖലകളിൽ ആളില്ല വിമാന (ഡ്രോൺ ) സാങ്കേതിക വിദ്യ നൽകുന്ന സംഭാവനകളെപ്പറ്റി ഓർമ്മിപ്പിച്ച ശ്രീ. നായിഡു, നൂതനാശയ രൂപീകരണം, വിവരസാങ്കേതികവിദ്യ, ചെലവുകുറഞ്ഞതും ലളിതവുമായ സങ്കേതങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ  പരമ്പരാഗതമായുള്ള കരുത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് ആളില്ല വിമാന മേഖലയിലെ ആഗോള ശക്തികേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നും അഭിപ്രായപ്പെട്ടു.
 
ഇതിന്റെ ഭാഗമായി ഈ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി രൂപപ്പെടുത്തണം എന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ബഹുമുഖ തല സമീപനം സ്വീകരിക്കേണ്ടതിന്റെ  ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സമ്പത്ത് വ്യവസ്ഥ, വ്യവസായരംഗം എന്നിവയ്ക്ക് ഊർജ്ജം നൽകുന്ന വിധത്തിൽ ബൗദ്ധിക സ്വത്തവകാശത്തിന് (IPR) കീഴിൽ കേവലം പാഠ്യ കേന്ദ്രീകൃത പേറ്റന്റ്കൾക്കപ്പുറം, പ്രയോഗത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പേറ്റെന്റുകൾക്ക് പ്രാധാന്യം നൽകാനും അദ്ദേഹം സർവ്വകലാശാലകളോട് ആവശ്യപ്പെട്ടു.
 
 

(Release ID: 1772114) Visitor Counter : 159