പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു


“ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉരകല്ലുകളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനത്തിന്റെ ശക്തിയാണ്. സംയോജിത ഓംബുഡ്‌സ്മാൻ പദ്ധതി ആ ദിശയിൽ ഒരുപാട് മുന്നോട്ട് പോകും.


നേരിട്ടുള്ള റീറ്റെയ്ൽ പദ്ധതി സമ്പദ്‌വ്യവസ്ഥയിൽ എല്ലാവരേയും ഉൾപ്പെടുത്തുന്നതിന് ശക്തി നൽകും, കാരണം ഇത് ഇടത്തരം, ജീവനക്കാർ, ചെറുകിട വ്യവസായികൾ, മുതിർന്ന പൗരന്മാർ എന്നിവരെ അവരുടെ ചെറുകിട സമ്പാദ്യങ്ങൾ ഗവണ്മെന്റ് സെക്യൂരിറ്റികളിൽ നേരിട്ടും സുരക്ഷിതമായും കൊണ്ടുവരും"


"ഗവണ്മെന്റിന്റെ നടപടികൾ കാരണം, ബാങ്കുകളുടെ ഭരണം മെച്ചപ്പെടുകയും നിക്ഷേപകർക്കിടയിൽ ഈ സംവിധാനത്തിലുള്ള വിശ്വാസം ശക്തമാവുകയും ചെയ്യുന്നു"


"അടുത്ത കാലത്ത് ഗവണ്മെന്റ് എടുത്ത വലിയ തീരുമാനങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ആർബിഐയുടെ തീരുമാനങ്ങളും സഹായിച്ചു"


"6-7 വർഷം മുമ്പ് വരെ, ബാങ്കിംഗ്, പെൻഷൻ, ഇൻഷുറൻസ് എന്നിവ ഇന്ത്യയിലെ ഒരു എക്സ്ക്ലൂസീവ് ക്ലബ് പോലെയായിരുന്നു"


“ഏഴ് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യ 19 മടങ്ങ് കുതിച്ചുയർന്നു. ഇന്ന് നമ്മുടെ ബാങ്കിംഗ് സംവിധാനം 24 മണിക്കൂറും 7 ദിവസവും 12 മാസവും എപ്പോൾ വേണമെങ്കിലും രാജ്യത്ത് എവിടെയും പ്രവർത്തിക്കുന്നു.

" രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങൾ കേന്ദ്രസ്ഥാനത്ത്‌ നിലനിർത്തുകയും നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും വേണം"

സംവേദനക്ഷമവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ പുതിയ സ്വത്വം ശക്തിപ്പെടുത്തുന്നത് ആർബിഐ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.


Posted On: 12 NOV 2021 11:56AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ മോദി ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു . റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം  എന്നിവയാണ് ന്യൂ ഡൽഹിയിൽ ഇന്ന് വീഡിയോ കോൺഫറൻസ് വഴി തുടക്കമിട്ടത്. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമല സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട്, മഹാമാരിയുടെ സമയത്ത് ധനമന്ത്രാലയത്തെയും ആർബിഐ പോലുള്ള സ്ഥാപനങ്ങളുടെ  പ്രവർത്തനങ്ങളെ  പ്രധാനമന്ത്രി പ്രശംസിച്ചു. അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ ആർബിഐയുടെ പങ്ക് വളരെ വലുതാണ്. ആർബിഐ ടീം രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് എനിക്ക് വിശ്വാസമുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ആരംഭിച്ച രണ്ട് പദ്ധതികളെ പരാമർശിച്ച്, ഈ പദ്ധതികൾ രാജ്യത്തെ നിക്ഷേപത്തിന്റെ വ്യാപ്തി വിപുലീകരിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതമായ മൂലധന വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റീട്ടെയിൽ ഡയറക്ട് സ്കീം രാജ്യത്തെ ചെറുകിട നിക്ഷേപകർക്ക് ഗവണ്മെന്റ് സെക്യൂരിറ്റികളിൽ ലളിതവും സുരക്ഷിതവുമായ നിക്ഷേപ മാധ്യമം നൽകി. അതുപോലെ, ഒരു രാജ്യം, ഒരു ഓംബുഡ്‌സ്മാൻ സംവിധാനം ഇന്ന് സംയോജിത ഓംബുഡ്‌സ്‌മാൻ പദ്ധതിയിലൂടെ ബാങ്കിംഗ് മേഖലയിൽ രൂപപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ പദ്ധതികളുടെ പൗരകേന്ദ്രീകൃത സ്വഭാവത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി. ഏതൊരു ജനാധിപത്യത്തിന്റെയും ഏറ്റവും വലിയ ഉരകല്ലുകളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനത്തിന്റെ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ പദ്ധതി ആ ദിശയിൽ ഏറെ മുന്നോട്ടുപോകും. അതുപോലെ, റീട്ടെയിൽ ഡയറക്ട് സ്കീം, ഇടത്തരക്കാർ, ജീവനക്കാർ, ചെറുകിട വ്യവസായികൾ, മുതിർന്ന പൗരന്മാർ എന്നിവരെ അവരുടെ ചെറുകിട സമ്പാദ്യങ്ങൾ ഗവണ്മെന്റ്  സെക്യൂരിറ്റികളിൽ നേരിട്ടും സുരക്ഷിതമായും കൊണ്ടുവരുന്നതിനാൽ സമ്പദ്‌വ്യവസ്ഥയിൽ എല്ലാവരേയും ഉൾപ്പെടുത്തുന്നതിന് ശക്തി നൽകും. ഗവൺമെന്റ് സെക്യൂരിറ്റികൾക്ക് ഗ്യാരണ്ടീഡ് സെറ്റിൽമെന്റിന്റെ വ്യവസ്ഥയുള്ളതിനാൽ, ഇത് ചെറുകിട നിക്ഷേപകർക്ക് സുരക്ഷിതത്വത്തിന്റെ ഉറപ്പ് നൽകുന്നു, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 7 വർഷത്തിനിടയിൽ, നിഷ്‌ക്രിയ ആസ്തികൾ സുതാര്യതയോടെ തിരിച്ചറിഞ്ഞു, പരിഹാരത്തിലും വീണ്ടെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ചു, പൊതുമേഖലാ ബാങ്കുകൾ പുനർമൂലധനവൽക്കരിച്ചു, സാമ്പത്തിക വ്യവസ്ഥയിലും പൊതുമേഖലാ ബാങ്കുകളിലും ഒന്നിനുപുറകെ ഒന്നായി പരിഷ്‌കാരങ്ങൾ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണ ബാങ്കുകളെയും ആർബിഐയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമൂലം ഈ ബാങ്കുകളുടെ ഭരണവും മെച്ചപ്പെടുന്നുണ്ടെന്നും നിക്ഷേപകർക്കിടയിൽ ഈ സംവിധാനത്തിലുള്ള വിശ്വാസം ശക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിൽ സാമ്പത്തിക രംഗത്തെ ഉൾപ്പെടുത്തൽ മുതൽ സാങ്കേതിക സംയോജനം വരെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. “കോവിഡിന്റെ ഈ പ്രയാസകരമായ സമയത്ത് അവരുടെ ശക്തി നാം  കണ്ടു. സമീപകാലത്ത് ഗവണ്മെന്റ് എടുത്ത വലിയ തീരുമാനങ്ങളുടെ ആഘാതം വർധിപ്പിക്കാൻ ആർബിഐയുടെ തീരുമാനങ്ങളും സഹായിച്ചു," അദ്ദേഹം പറഞ്ഞു.

6-7 വർഷം മുമ്പ് വരെ ബാങ്കിംഗ്, പെൻഷൻ, ഇൻഷുറൻസ് എന്നിവ ഇന്ത്യയിലെ ഒരു എക്‌സ്‌ക്ലൂസീവ് ക്ലബ് പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . രാജ്യത്തെ സാധാരണ പൗരന്മാർക്ക്, പാവപ്പെട്ട കുടുംബങ്ങൾ, കർഷകർ, ചെറുകിട വ്യാപാരികൾ-വ്യാപാരികൾ, സ്ത്രീകൾ, ദളിതർ-പരാജിതർ-പിന്നാക്കക്കാർ തുടങ്ങിയവർക്ക് ഈ സൗകര്യങ്ങളെല്ലാം പ്രാപ്യമായിരുന്നില്ല. മുൻകാല സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ഈ സൗകര്യങ്ങൾ ഒരിക്കലും ശ്രദ്ധിച്ചില്ല. പകരം, മാറാത്തതിന് പല ഒഴികഴിവുകളും നിരത്തി. ബാങ്ക് ശാഖയില്ല, ജീവനക്കാരില്ല, ഇന്റർനെറ്റില്ല, ബോധവൽക്കരണമില്ല,  എന്നൊക്കെയാണ് പറഞ്ഞിരുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ യുപിഐ ഇന്ത്യയെ ലോകത്തെ മുൻനിര രാജ്യമാക്കി മാറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. കേവലം 7 വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യ 19 മടങ്ങ് കുതിച്ചുയർന്നു. ഇന്ന് നമ്മുടെ ബാങ്കിംഗ് സംവിധാനം 24 മണിക്കൂറും 7 ദിവസവും 12 മാസവും ഏത് സമയത്തും രാജ്യത്ത് എവിടെയും പ്രവർത്തനക്ഷമമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങൾ കേന്ദ്രസ്ഥാനത്ത്‌   നിലനിർത്തുകയും നിക്ഷേപകരുടെ വിശ്വാസം ദൃഢമാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെൻസിറ്റീവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ പുതിയ ഐഡന്റിറ്റിയെ ആർബിഐ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ഉപസംഹരിച്ചു.

****



(Release ID: 1771152) Visitor Counter : 178