പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഫ്‌ഗാൻ വിഷയം സംബന്ധിച്ച മേഖല സുരക്ഷാ സംവാദത്തിൽ പങ്കെടുക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ / സുരക്ഷാ സമിതികളുടെ സെക്രട്ടറിമാർ സംയുക്തമായി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 10 NOV 2021 7:55PM by PIB Thiruvananthpuram

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ ഇന്ന് ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവാദത്തിനായി ഡൽഹിയിലെത്തിയ ഏഴ് രാഷ്ട്രങ്ങളുടെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവന്മാർ, സംഭാഷണം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഒരുമിച്ച് സന്ദർശിച്ചു.

ഇറാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് നൽകിയ അഭിപ്രായത്തിൽ, സംഭാഷണം സംഘടിപ്പിക്കുന്നതിലും ആശയ വിനിമയത്തിലും  ഇന്ത്യ കൈക്കൊണ്ട  മുൻകൈയെ അഭിനന്ദിച്ചു. അഫ്ഗാൻ സാഹചര്യത്തെക്കുറിച്ചുള്ള തങ്ങളുടെ രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അവർ അറിയിച്ചു.

മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഡൽഹി സുരക്ഷാ സംവാദത്തിൽ മുതിർന്ന പ്രമുഖർ പങ്കെടുത്തതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളുടെ  പശ്ചാത്തലത്തിൽ മേഖലയിലെ രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നാല് വശങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു: എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റിന്റെ ആവശ്യകത; അഫ്ഗാൻ പ്രദേശം ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിനോട് സഹിഷ്ണുതയില്ലാത്ത നിലപാട്; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കടത്ത് തടയാനുള്ള തന്ത്രം; അഫ്ഗാനിസ്ഥാനിലെ വർദ്ധിച്ചുവരുന്ന നിർണായകമായ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യൽ.

മധ്യേഷ്യയുടെ മിതത്വത്തിന്റെയും പുരോഗമന സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും തീവ്രവാദ പ്രവണതകളെ ചെറുക്കാനും പ്രാദേശിക സുരക്ഷാ സംവാദം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

*****(Release ID: 1770763) Visitor Counter : 222