ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

2025-ഓടെ ക്ഷയരോഗ നിർമാർജനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിച്ച യോഗത്തിന് ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിച്ചു

Posted On: 10 NOV 2021 1:28PM by PIB Thiruvananthpuram
2025-ഓടെ ക്ഷയരോഗ നിർമാർജനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിനായി  സംഘടിപ്പിച്ച യോഗത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ  സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിച്ചു. 
 
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന് അഞ്ചു വർഷം മുൻപ് തന്നെ, 2025-ഓടെ, രാജ്യത്തുനിന്ന് ക്ഷയരോഗം പൂർണമായി തുടച്ചുനീക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണം എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി, കോവിഡ് മഹാമാരി സൃഷ്ടിച്ച തിരിച്ചടികൾ മറികടക്കുന്നതിനായി നൂതന പരിഹാരങ്ങളുമായി മുന്നോട്ടു വരേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിച്ചു.  
 
ക്ഷയരോഗ നിർമ്മാർജനത്തിനായി രാജ്യം പുലർത്തുന്ന പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞ കേന്ദ്ര സഹമന്ത്രി, മഹാമാരിയ്ക്കിടയിലും, സൗജന്യ റാപ്പിഡ് മോളിക്കുലർ പരിശോധന, ചികിത്സ എന്നിവ കൂടുതൽ ലഭ്യമാക്കാൻ നമുക്ക് സാധിച്ചതായി അറിയിച്ചു. രോഗികൾക്കുള്ള സാമ്പത്തിക-പോഷക സഹായം മുടക്കമില്ലാതെ തുടരാൻ സാധിച്ചു. രോഗം കാലേകൂട്ടി തിരിച്ചറിയുക, മെച്ചപ്പെട്ട ചികിത്സ, ഫലം എന്നിവയിൽ വലിയ പുരോഗതി സൃഷ്ടിക്കാൻ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ വഴി തുറന്നതായി കേന്ദ്ര സഹമന്ത്രി വിലയിരുത്തി 
 
സമഗ്ര പ്രാഥമിക ആരോഗ്യ പരിപാലനത്തിനു കീഴിലെ അവിഭാജ്യഘടകമായി ക്ഷയരോഗം മാറിയത് ചൂണ്ടിക്കാട്ടിയ കേന്ദ്രസഹമന്ത്രി, ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ഇത് സംയോജിപ്പിച്ചിട്ടുണ്ടെന്നും  വ്യക്തമാക്കി. സമൂഹത്തെ ഉൾപ്പെടുത്തിക്കൊണ്ട്, ക്ഷയരോഗ പാലനം കൂടുതൽ പേർക്ക് ലഭ്യമാക്കിക്കൊണ്ട് അതിലൂടെ കേസുകൾ നേരത്തെ തിരിച്ചറിയാനും പുതിയ കേസുകൾ തടയാനും ആണ് നാം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ നടപ്പാക്കുന്ന ക്ഷയരോഗ മുക്തഭാരതം പദ്ധതിയ്ക്ക് തുടക്കംകുറിച്ചത് എന്ന് മന്ത്രി പറഞ്ഞു.
 
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഈ മേഖലയിലെ വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ദ്ധർ , സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
 
***


(Release ID: 1770520) Visitor Counter : 109