വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2030-ഓടെ 1 ട്രില്യൺ ഡോളറിന്റെ സേവന കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു- ശ്രീ പീയൂഷ് ഗോയൽ

Posted On: 09 NOV 2021 2:46PM by PIB Thiruvananthpuram

 
ന്യൂഡൽഹി: നവംബർ 09, 2021


2030-ഓടെ 1 ട്രില്യൺ ഡോളറിന്റെ സേവന കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ന് ന്യൂ ഡൽഹിയിൽ നടന്ന 'സർവീസസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ - ഗ്ലോബൽ സർവീസസ് കോൺക്ലേവ് 2021"- സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സേവന മേഖല ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലക ശക്തിയാണെന്ന് മന്ത്രി പറഞ്ഞു. സേവന മേഖല ഏകദേശം 2.6 കോടി ആളുകൾക്ക് തൊഴിൽ നൽകുകയും ഇന്ത്യയുടെ മൊത്തം ആഗോള കയറ്റുമതിയിൽ ഏകദേശം 40% സംഭാവന നൽകുകയും ചെയ്യുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 2020-21 സാമ്പത്തിക വർഷത്തിൽ സേവന വ്യാപാര മിച്ചം 89 ബില്യൺ ഡോളറായിരുന്നുവെന്നും ഇത് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ച മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈപുണ്യങ്ങൾ, പുതുസംരംഭങ്ങൾ, വിവരസാങ്കേതിക മേഖല (IT) എന്നിവയുൾപ്പെടുന്ന സേവന മേഖലയ്ക്ക് സാർവത്രിക സ്വീകാര്യത, സാർവത്രിക ആകർഷകത്വം എന്നീ രണ്ടു നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്, ഇന്ത്യയുടെ സേവന കയറ്റുമതിയിൽ പ്രധാനമായും IT / ITes (ഐ.ടി / ഐ.ടി അധിഷ്ഠിത) എന്നിവ ഉൾപ്പെടുന്നതായും മറ്റ് വളർച്ചാ സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ശ്രീ ഗോയൽ പറഞ്ഞു.

മഹാമാരിയുടെ കാലഘട്ടത്തിൽ 'വീട്ടിലിരുന്ന് ജോലി' സാധ്യമാക്കിയതിൽ ഇന്ത്യ പ്രകടിപ്പിച്ച പ്രതിബദ്ധതയെ പ്രശംസിച്ച ശ്രീ ഗോയൽ, മറ്റ് രാജ്യങ്ങളിൽ സേവന വ്യാപാരം മാന്ദ്യത്തിൽ തുടർന്നപ്പോൾ, ഇന്ത്യയുടെ സേവന മേഖല വളരെയധികം ഊർജ്‌ജസ്വലത പ്രകടിപ്പിച്ചതായും ചൂണ്ടിക്കാട്ടി. കോവിഡ്-19 മൂലം തകർന്ന വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി (ആതിഥ്യം) തുടങ്ങിയ മേഖലകൾ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

2020 ൽ, രണ്ടു സ്ഥാനങ്ങൾ  ഉയർന്ന്   ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ സേവന കയറ്റുമതി രാജ്യമായി ഇന്ത്യ മാറിയെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സേവന കയറ്റുമതി രാജ്യമാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ ഗോയൽ, ഉൽപ്പന്നങ്ങൾ സംയോജിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ സേവന മേഖല പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.
 
RRTN/SKY


(Release ID: 1770293) Visitor Counter : 74