ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം

സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതി 3 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ, അതായത് 5 മടങ്ങ് വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു - ശ്രീ പീയൂഷ് ഗോയൽ

Posted On: 05 NOV 2021 2:11PM by PIB Thiruvananthpuram
 
 

ന്യൂഡൽഹി: നവംബർ 5, 2021

സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതിയിൽ 3 വർഷത്തിനുള്ളിൽ 5 മടങ്ങ് വർധനയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രി ശ്രീ പിയൂഷ് ഗോയൽ. ഡൽഹിയിൽ ഇന്ത്യൻ ടെക്നിക്കൽ ടെക്‌സ്‌റ്റൈൽ അസോസിയേഷന്റെ (ITTA) പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ വിലയ്ക്ക് ഭൂമിയും വൈദ്യുതിയും പോലെ ടെക്സ്റ്റൈൽ വ്യവസായത്തിന് ആവശ്യമായ ചെലവ് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈൽ മേഖലയ്ക്ക് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ കേന്ദ്രം പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്‌ട്ര, ആഭ്യന്തര ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തുണിത്തരങ്ങളുടെ ഗുണനിലവാരത്തിൽ വ്യത്യാസം ഉണ്ടാകരുതെന്ന് ശ്രീ ഗോയൽ നിർദ്ദേശിച്ചു. സാങ്കേതിക തുണിത്തരങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ പൊതു സ്വകാര്യ പങ്കാളിത്തം വേണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ സാങ്കേതിക തുണിത്തരങ്ങളുടെ വളർച്ച കഴിഞ്ഞ 5 വർഷമായി കുതിച്ചുയരുകയാണ്. നിലവിൽ ഈ മേഖല പ്രതിവർഷം 8% നിരക്കിൽ വളരുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഈ വളർച്ച 15-20% പരിധിയിലേക്ക് ഉയർത്തി വേഗത്തിലാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

സാങ്കേതിക തുണിത്തരങ്ങളുടെ നിലവിലെ ലോക വിപണി 250 ബില്യൺ യുഎസ് ഡോളറാണെന്നും (18 ലക്ഷം കോടി), ഇന്ത്യയുടെ വിഹിതം 19 ബില്യൺ യുഎസ് ഡോളറാണെന്നും ശ്രീ ഗോയൽ പറഞ്ഞു. ഈ വിപണിയിൽ 40 ബില്യൺ ഡോളറിന്റെ (8% വിഹിതം) വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നു. സ്ഥിതിവിവരക്കണക്കിൽ കാണുന്ന വളർച്ചയ്‌ക്ക് പുറമേ, മെച്ചപ്പെട്ട സാങ്കേതികവിദ്യയിലേക്കും നൂതനമായ തദ്ദേശീയ ഉത്പന്നങ്ങളിലേക്കും ഈ വളർച്ച നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ഒരു സ്വാശ്രയ, ഊർജ്ജസ്വല, കയറ്റുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഫെബ്രുവരിയിൽ സർക്കാർ ദേശീയ ടെക്നിക്കൽ ടെക്‌സ്റ്റൈൽസ് മിഷൻ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



(Release ID: 1769631) Visitor Counter : 204