ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ ‘ആയുഷ്മാൻ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാർഡുകൾ ദേശീയ തലത്തിൽ പുറത്തിറക്കി

Posted On: 02 NOV 2021 8:39PM by PIB Thiruvananthpuram


ന്യൂഡൽഹി, നവംബർ 02, 2021

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ദേശീയ തലത്തിൽ ‘ആയുഷ്മാൻ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാർഡുകൾ ഒരു ഉദ്യോഗസ്ഥന് നൽകിക്കൊണ്ട് പുറത്തിറക്കി. എൻഎസ്ജി ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി ‘ആയുഷ്മാൻ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാർഡുകൾ അദ്ദേഹം എൻഎസ്ജി ഡയറക്ടർ ജനറലിന് കൈമാറി. ഇന്നു മുതൽ, എല്ലാ സിഎപിഎഫുകളിലും ഹെൽത്ത് കാർഡ് വിതരണം നടത്തും. ഓരോ ദിവസവും വിതരണം ചെയ്ത കാർഡുകളുടെ എണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏകദേശം 35 ലക്ഷം കാർഡുകളുടെ വിതരണം 2021 ഡിസംബറോടെ പൂർത്തിയാകും.

കേന്ദ്ര സായുധ പോലീസ് സേനയിലെ (CAPFs) എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി, പൈലറ്റ് അടിസ്ഥാനത്തിൽ, 2021 ജനുവരി 23 ന് അസമിൽ ശ്രീ അമിത് ഷാ ‘ആയുഷ്മാൻ CAPF’ പദ്ധതി ആരംഭിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ആരോഗ്യ അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. അസം റൈഫിൾസ്, സശാസ്ത്ര സീമ ബൽ, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എൻഎസ്ജി എന്നിങ്ങനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഏഴ് കേന്ദ്ര സായുധ പൊലീസ് സേനകളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അവരുടെ ആശ്രിതരെയും ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആയുഷ്മാൻ ഭാരത് PM-JAY, അല്ലെങ്കിൽ സി ജി എച്ച് എസ് പ്രകാരം എംപാനൽ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളിലും സി എ പി എഫ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഇനി മുതൽ പണരഹിതമായി ഇൻ-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് ആരോഗ്യ സുരക്ഷ സൗകര്യങ്ങൾ ലഭ്യമാകും.

സി എ പി എഫ് ഗുണഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ പ്രാപ്തമാക്കുന്നതിന്, ഒരു ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ (14588), ഒരു ഓൺലൈൻ പരാതി പരിഹാര സംവിധാനം, കൂടാതെ വഞ്ചന/ദുരുപയോഗം എന്നിവ കണ്ടെത്തി തടയുന്നതിന് ഒരു നിയന്ത്രണ സംവിധാനം എന്നിവ സൃഷ്ടിച്ചിട്ടുണ്ട്.

സേനയിലെ ഗുണഭോക്താക്കളുടെ എണ്ണം, ഇന്നത്തെ കണക്ക് പ്രകാരം, ഇനിപ്പറയുന്നവയാണ്:-

ദേശീയ സുരക്ഷാ ഗാർഡുകൾ- എൻ എസ് ജി - 32,972
ആസാം റൈഫിൾസ് - 2,35,132
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് - 3,33,243
സശസ്ത്ര സീമാ ബൽ - 2,54,573
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് - 4,66,927
അതിർത്തി സുരക്ഷാ സേന - 10,48,928
സെൻട്രൽ റിസർവ് പോലീസ് സേന - 11,86,998
ആകെ - 35,58,773

 
 
RRTN/SKY

(Release ID: 1769245) Visitor Counter : 223


Read this release in: English , Urdu , Hindi , Marathi