ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച കേരളമുള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലേക്ക്/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നതതലസംഘത്തെ അയച്ച് കേന്ദ്രം


ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ കേന്ദ്രസംഘങ്ങള്‍ സഹായിക്കും

Posted On: 03 NOV 2021 9:57AM by PIB Thiruvananthpuram

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച കേരളമുള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലേക്ക്/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രം ഉന്നതതലസംഘങ്ങളെ അയച്ചു. അസുഖം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസംഘങ്ങള്‍ സഹായിക്കും. 2021 നവംബര്‍ 1ന് ഡല്‍ഹിയില്‍ ഡെങ്കിപ്പനി സ്ഥിതിഗതികളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി. കേരളത്തിനുപുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ്  കേന്ദ്രസംഘം എത്തുന്നത്.

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സഹായം എത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യമന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തുടനീളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 1,16,991 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.

മുന്‍വര്‍ഷം ഇതേ കാലയളവിലെ രോഗബാധിതരുടെ എണ്ണത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ചില സംസ്ഥാനങ്ങളില്‍ ഉയര്‍ന്നതോതില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം 15 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ വളരെ കൂടിയ തോതിലാണു രോഗബാധ സ്ഥിരീകരിച്ചത്.  രാജ്യത്തെ മൊത്തം ഡെങ്കിപ്പനിബാധിതരുടെ 86 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

ഇതുകണക്കിലെടുത്താണു സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച 9 സംസ്ഥാനങ്ങളിലേക്ക്/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക്, എന്‍വിബിഡിസിപി, എന്‍സിഡിസി, പ്രാദേശിക ഓഫീസുകള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന കേന്ദ്രസംഘത്തെ നിയോഗിച്ചത്.

സംസ്ഥാനങ്ങളുടെ ആരോഗ്യപരിപാടികളില്‍ സഹകരിക്കാനും അവയ്ക്കു പിന്തുണയേകാനുമാണ് ഈ സംഘങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധത്തിന്റെ സ്ഥിതിഗതികള്‍, കിറ്റുകളുടെയും മരുന്നുകളുടെയും ലഭ്യത, രോഗം നേരത്തെ തിരിച്ചറിയല്‍, കീടനാശിനികളുടെ ലഭ്യതയും ഉപയോഗവും, കീടനിയന്ത്രണവും മുതിര്‍ന്നവരിലെ രോഗപ്രതിരോധ നടപടികളും തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാന്‍ കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിന്റെ നിരീക്ഷണങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പിനെയും അറിയിക്കും.



(Release ID: 1769110) Visitor Counter : 164