തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ രാജ്യ സഭ ഉപതെരഞ്ഞെടുപ്പ്

Posted On: 31 OCT 2021 12:42PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി: ഒക്ടോബർ 31, 2021
 
ശ്രീ ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നും ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു.11.01.2021 മുതൽ ഒഴിവുവന്ന സീറ്റിന്റെ കാലാവധി 01.07.2024 വരെ ആണ്.
 
രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗം ഉടലെടുത്തതിനാൽ രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് 28.05.2021ലെ പ്രസ് നോട്ട് നമ്പർ ECI/PN/67/2021 പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. മഹാമാരി സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും ഉപതിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം അനുകൂലമാകുകയും ചെയ്യുന്നതുവരെ കേരളത്തിൽ നിന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.
 
ഇപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുകയും പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത്, താഴെപ്പറയുന്ന പരിപാടിക്ക് അനുസൃതമായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് മുകളിൽ സൂചിപ്പിച്ച ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
 
തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി - നവംബർ 9, 2021 (ചൊവ്വാഴ്ച)
 
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി - നവംബർ 16, 2021(ചൊവ്വാഴ്ച)
 
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന - നവംബർ 17, 2021 (ബുധനാഴ്ച)
 
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി - നവംബർ 22, 2021 (തിങ്കളാഴ്ച)
 
തെരഞ്ഞെടുപ്പ് തീയതി - നവംബർ 29, 2021 (തിങ്കളാഴ്ച)
 
തെരഞ്ഞെടുപ്പ് സമയം - 09.00 am - 04.00 pm
 
വോട്ടെണ്ണൽ - നവംബർ 29, 2021 (തിങ്കളാഴ്ച) - അഞ്ച് മണിക്ക്
 
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി - ഡിസംബർ 1, 2021 (ബുധനാഴ്ച)
 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം നൽകിയിട്ടുള്ള കോവിഡ്-19-ന്റെ വിശാലമായ മാർഗ്ഗനിർദ്ദേശങ്ങളും 28.09.2021 ലെ പ്രസ് നോട്ടിന്റെ ഖണ്ഡിക 06-ൽ അടങ്ങിയിരിക്കുന്ന അടുത്തിടെ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും https://eci.gov.in/candidate-political-parties/instructions-on-covid-19/ എന്ന ലിങ്കിൽ ലഭ്യമാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ബാധകമാകുന്നിടത്തെല്ലാം പിന്തുടരേണ്ടതാണ്.
 
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുമ്പോൾ, കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതത് സംസ്ഥാനങ്ങളിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
   


(Release ID: 1768286) Visitor Counter : 163