പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തിനു പുതിയ ഏഴു പ്രതിരോധ കമ്പനികള്‍ സമര്‍പ്പിക്കുന്നതിനുള്ള ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 15 OCT 2021 1:27PM by PIB Thiruvananthpuram

നമസ്‌കാരം!

ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന പരിപാടിയില്‍ ഇന്നു നമുക്കൊപ്പം ചേരുന്നത് രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ. രാജ്‌നാഥ് സിങ് ജി, സംസ്ഥാന പ്രതിരോധ മന്ത്രി ശ്രീ. അജയ് ഭട്ട് ജി, പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍, രാജ്യത്തുള്ള എല്ലാ സുഹൃത്തുക്കളും എന്നിവര്‍, 

രണ്ട് ദിവസം മുമ്പ്, നവരാത്രിയിലെ ഈ പുണ്യ ഉത്സവത്തിനിടയില്‍, അഷ്ടമി ദിനത്തില്‍, 'ഗതി ശക്തി' എന്ന പരിപാടി വളരെ വിപുലമായ ആസൂത്രണത്തോടെ, വിജയദശമി ദിനത്തിലെ ശുഭകരമായ അവസരത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. രാഷ്ട്രത്തെ അജയ്യമാക്കാനും കൂടുതല്‍ ആധുനികവല്‍ക്കരിക്കാനായി പുതിയ ദിശയിലേക്ക് നീങ്ങാനും ശാക്തീകരിക്കാനായി രാവും പകലും ചെലവഴിക്കുന്നവര്‍ക്കായി ഈ അവസരം സമര്‍പ്പിക്കുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം പിന്തുടര്‍ന്ന്, ആയുധപൂജയോടെയാണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്. സൃഷ്ടിക്കുള്ള ഉപാധിയാണ് അധികാരമെന്നു നാം വിശ്വസിക്കുന്നു. ഈ മനോഭാവത്തോടെ, ഇന്ന് രാജ്യം അതിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നിങ്ങള്‍ എല്ലാവരും രാജ്യത്തിന്റെ ഉറച്ച തീരുമാനങ്ങളെ നയിക്കുന്നവരാണ്. വിജയ ദശമി ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും മുഴുവന്‍ രാജ്യത്തിനും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളെ,
ഈ ദിവസം മുന്‍ രാഷ്ട്രപതി, ഭാരതരത്ന, ഡോ. എ.പി.ജെ അബ്ദുള്‍ കലാംജിയുടെ ജന്മദിനം കൂടിയാണ്. കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കലാം സാഹിബ് തന്റെ ജീവിതം സമര്‍പ്പിച്ച രീതി നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. ഇന്ന് പ്രതിരോധ മേഖലയില്‍ പ്രവേശിക്കാന്‍ പോകുന്ന ഏഴു പുതിയ കമ്പനികള്‍ കഴിവുള്ള ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളെ,
ഈ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത്കാല്‍' കാലഘട്ടത്തില്‍, ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാന്‍ രാജ്യം പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 41 ആയുധശാലകള്‍ നവീകരിക്കാനുള്ള തീരുമാനവും ഏഴു പുതിയ കമ്പനികളുടെ തുടക്കവും രാജ്യത്തിന്റെ നേട്ടങ്ങളുടെ ഭാഗമാണ്. ഈ തീരുമാനം കഴിഞ്ഞ 15-20 വര്‍ഷമായി തീര്‍പ്പുകല്‍പ്പിക്കാതെ ഇരിക്കുകയായിരുന്നു. ഈ ഏഴ് കമ്പനികളും വരും കാലങ്ങളില്‍ ഇന്ത്യയുടെ സൈനിക ശക്തിയുടെ ശക്തമായ അടിത്തറയായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
നമ്മുടെ ആയുധശാലകള്‍ ഒരിക്കല്‍ ലോകത്തിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു. ഈ ഫാക്ടറികള്‍ക്ക് 100-150 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. ഒന്നാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യയുടെ ആയുധ ശാലകളുടെ ശക്തി ലോകം കണ്ടു. നമുക്ക് മികച്ച വിഭവങ്ങളും ലോകോത്തര കഴിവുകളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം, ഈ ഫാക്ടറികള്‍ നവീകരിക്കുകയും പുതു യുഗ സാങ്കേതികവിദ്യ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്! പക്ഷേ അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. കാലക്രമേണ, ഇന്ത്യ അതിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു. ഈ പുതിയ ഏഴു പ്രതിരോധ കമ്പനികള്‍ ഈ അവസ്ഥ മാറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും.

സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന് കീഴില്‍, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുവാനും അതോടൊപ്പം ഇന്ത്യയിലെ ആധുനിക സൈനിക വ്യവസായം വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, ഈ തീരുമാനം 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന മന്ത്രത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ രാജ്യം പ്രവര്‍ത്തിച്ചു. ഇന്ന്, രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ മുമ്പത്തേക്കാളും കൂടുതല്‍ സുതാര്യതയും വിശ്വാസവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമീപനവും ഉണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, നമ്മുടെ പ്രതിരോധ മേഖലയില്‍ നിരവധി വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു; തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ക്കു പകരം ഏകജാലക സംവിധാനം സൃഷ്ടിച്ചു. ഇത് നമ്മുടെ വ്യവസായത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ കമ്പനികളും പ്രതിരോധ വ്യവസായത്തില്‍ തങ്ങള്‍ക്കുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സ്വകാര്യ മേഖലയും ഗവണ്‍മെന്റും ഒരുമിച്ച്, രാഷ്ട്രത്തിന്റെ ദൗത്യവുമായി മുന്നോട്ട് പോകുന്നു.

യു.പിയിലെയും തമിഴ്നാട്ടിലെയും പ്രതിരോധ ഇടനാഴികളുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രമുഖ കമ്പനികള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇത് രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും വിതരണ ശൃംഖലകളുടെ രൂപത്തില്‍ നിരവധി എം.എസ്.എം.ഇ ( MSME)കള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നു. രാജ്യത്ത് വരുത്തിയ നയപരമായ മാറ്റങ്ങളുടെ ഫലമായി, നമ്മുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 325 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

സുഹൃത്തുക്കളെ,
കുറച്ചുകാലം മുമ്പ്, പ്രതിരോധ മന്ത്രാലയം നൂറിലധികം തന്ത്രപരമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി അവ ഇറക്കുമതി ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു. ഈ പുതിയ കമ്പനികള്‍ക്കും രാജ്യം ഇതിനകം 65,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ വ്യവസായത്തിലുള്ള രാജ്യത്തിന്റെ വിശ്വാസത്തെയാണ് കാണിക്കുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ഒരു കമ്പനി വെടിമരുന്നുകളുടെയും സ്ഫോടകവസ്തുക്കളുടെയും ആവശ്യകതകള്‍ നിറവേറ്റും, മറ്റൊരു കമ്പനി സൈനിക വാഹനങ്ങള്‍ നിര്‍മ്മിക്കും. അതുപോലെ, അതി നൂതനമായ ആയുധങ്ങളും ഉപകരണങ്ങളും, സൈനികരുടെ ആശ്വാസ വസ്തുക്കള്‍, ഒപ്റ്റിക്കല്‍ ഇലക്ട്രോണിക്സ്, അല്ലെങ്കില്‍ പാരച്യൂട്ടുകള്‍ - എല്ലാ ഇന്ത്യന്‍ കമ്പനികളെയും ഈ മേഖലകളില്‍ വൈദഗ്ധ്യമുള്ളതാക്കുക മാത്രമല്ല, അവയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുകയുമാണ് നമ്മുടെ ലക്ഷ്യം. മത്സരാധിഷ്ഠിത വിലയാണ് നമ്മുടെ ശക്തി. അതിനാല്‍, ഗുണനിലവാരവും വിശ്വാസ്യതയും നമ്മുടെ സ്വത്വമായിരിക്കണം.

സുഹൃത്തുക്കളെ,
ഈ പുതിയ ക്രമീകരണത്തിലൂടെ, നവീകരിക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ ആയുധ നിര്‍മ്മാണ ഫാക്ടറികളിലെ കഴിവുള്ള ആളുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം വിദഗ്ദ്ധര്‍ക്ക് നൂതന ആശയം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, അവര്‍ അത്ഭുതങ്ങള്‍ ചെയ്യുന്നു. നിങ്ങളുടെ വൈദഗ്ധ്യത്തോടെ നിങ്ങള്‍ സൃഷ്ടിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കരുത്തും ശേഷിയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സ്വാതന്ത്ര്യാനന്തരം സൃഷ്ടിക്കപ്പെട്ട വിടവ് ഇല്ലാതാക്കുകയും ചെയ്യും.
.
സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, അത് ഒരു രാജ്യമോ കമ്പനിയോ ആകട്ടെ, അതിന്റെ വളര്‍ച്ചയും ബ്രാന്‍ഡ് മൂല്യവും നിര്‍ണ്ണയിക്കുന്നത് അതിന്റെ ഗവേഷണവും കണ്ടുപിടിത്ത ശേഷിയുമാണ്. ഉദാഹരണത്തിന്, സോഫ്റ്റ് വെയര്‍ മുതല്‍ ബഹിരാകാശ മേഖല വരെയുള്ള മേഖലകള്‍ സൃഷ്ടിച്ച ഇന്ത്യയുടെ വളര്‍ച്ചയും പുതിയ സ്വത്വവും. അതിനാല്‍, ഗവേഷണവും നവീകരണവും നിങ്ങളുടെ തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ഏഴ് കമ്പനികളോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്തുന്നു. ഇവയ്ക്ക് മുന്‍ഗണന ലഭിക്കണം. നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ക്കു തുല്യമായിരിക്കുക മാത്രമല്ല, ഭാവി സാങ്കേതിക വിദ്യയില്‍ മുന്‍കൈയെടുക്കുകയും വേണം. അതിനാല്‍, നിങ്ങള്‍ക്ക് ഒരു പുതിയ സമീപനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, പുതിയ ആശയങ്ങള്‍ ചിന്തിക്കുക, ഗവേഷണ ആഭിമുഖ്യമുള്ള യുവാക്കള്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കുകയും അവര്‍ക്ക് ചിന്തിക്കാനും നവീകരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക. ഈ ഏഴു കമ്പനികളിലൂടെ കൊണ്ടുവന്ന ഈ പുതിയ തുടക്കത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളോടു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് നിങ്ങളുടെ ഗവേഷണങ്ങളും ഉല്‍പ്പന്നങ്ങളും പരസ്പരം പ്രയോജനപ്പെടുത്താനും ഈ കമ്പനികളുമായി ചേര്‍ന്ന് പരസ്പരം കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും കഴിയുന്ന വഴികളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക എന്നാണ്.

സുഹൃത്തുക്കളെ,
എല്ലാ കമ്പനികള്‍ക്കും മികച്ച ഉല്‍പാദന അന്തരീക്ഷം നല്‍കുന്നതിനു പുറമേ, ഗവണ്‍മെന്റ് പൂര്‍ണ്ണ പ്രവര്‍ത്തനപരമായ സ്വയംഭരണവും നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ ഫാക്ടറികളിലെ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. നിങ്ങളുടെ വൈദഗ്ദ്ധ്യം രാജ്യത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുമിച്ച് ഒരു സ്വാശ്രയ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ തീരുമാനം നമ്മള്‍ നിറവേറ്റും.


അതേ ചൈതന്യത്തോടെ ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും നന്ദി!

******
 



(Release ID: 1764716) Visitor Counter : 174