പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം ഗതിശക്തിക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി
പ്രഗതി മൈതാനത്തെ പുതിയ എക്സിബിഷന്‍ സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
''ആത്മനിര്‍ഭര്‍ ഭാരതമെന്ന ദൃഢനിശ്ചയം അടുത്ത 25 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ അടിത്തറ പാകുന്നു''
''ഇന്ത്യന്‍ ജനത, ഇന്ത്യന്‍ വ്യവസായങ്ങള്‍, ഇന്ത്യന്‍ വാണിജ്യ മേഖല, ഇന്ത്യന്‍ നിര്‍മാതാക്കാള്‍, ഇന്ത്യന്‍ കൃഷിക്കാര്‍ എന്നിവരാണ് ഗതി ശക്തിയുടെ ഈ മഹത്തായ ക്യാംപെയ്നിന്റെ കേന്ദ്രം''
''സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്ന ഒരു തൊഴില്‍ സംസ്‌കാരം മാത്രമല്ല, മറിച്ച് കണക്കാക്കിയ സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് നടത്തുന്നത്''
''ഗവണ്‍മെന്റിന്റെ സമഗ്രമായ സമീപനം വഴി ഗവണ്‍മെന്റ് പദ്ധതികൾ പൂര്‍ത്തിയാക്കുന്നതിന് അധികാരം കൂട്ടായി വിനിയോഗിക്കുന്നു''
''സമഗ്രമായ ഭരണസംവിധാനത്തിന്റെ വ്യാപനമാണ് ഗതി ശക്തി''
Posted On:
13 OCT 2021 1:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുമുഖ സമ്പര്‍ക്ക സംവിധാനത്തിനുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ ഗതി ശക്തി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനത്തെ പുതിയ എക്സിബിഷന്‍ കോംപ്ലക്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പീയൂഷ് ഗോയല്‍, ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ സര്‍ബാനന്ദ സോനോവാല്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ആര്‍ കെ സിംഗ്, വിവിധ മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയില്‍ നിന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാര്‍ മംഗളം ബിര്‍ല, ട്രാക്ടേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ്‌സ് സിഎംഡി ശ്രീമതി മല്ലിക ശ്രീനിവാസന്‍, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍, റിവിഗോ സഹസ്ഥാപകന്‍ ദീപക് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ശക്തിയെ ആരാധിക്കുന്ന അഷ്ടമി ദിവസമായ ഇന്ന് രാജ്യത്തിന്റെ വികസന വേഗം പുതിയ ശക്തി കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തേക്കുള്ള അടിസ്ഥാന ശിലയാണ് സ്ഥാപിക്കപ്പെടുന്നത്. പി എം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഇന്ത്യയുടെ ആത്മവിശ്വാസത്തെ ആത്മനിര്‍ഭര്‍ ഭാരതിനായുള്ള പ്രതിജ്ഞയാക്കി മാറ്റും. ''ഈ മാസ്റ്റര്‍ പ്ലാന്‍ 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഊര്‍ജം (ഗതി ശക്തി) നല്‍കും'' പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ജനത, ഇന്ത്യന്‍ വ്യവസായങ്ങള്‍, ഇന്ത്യന്‍ വാണിജ്യ മേഖല, ഇന്ത്യന്‍ നിര്‍മാതാക്കാള്‍, ഇന്ത്യന്‍ കൃഷിക്കാര്‍ എന്നിവരാണ് ഗതി ശക്തിയുടെ ഈ മഹത്തായ ക്യാംപെയ്നിന്റെ കേന്ദ്രമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ഇപ്പോഴത്തേയും ഭാവിയിലേയും തലമുറകള്‍ക്ക് ഇത് ഊര്‍ജം നല്‍കുകയും അവരുടെ വഴികളിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 'പ്രവര്‍ത്തനം പുരോഗമിക്കുന്നു' എന്നത് വിശ്വാസമില്ലായ്മയുടെ പ്രതീകമായി മാറിയിരിക്കുന്നു. പുരോഗതി എന്നതിന് വേഗത, കൂട്ടായ ശ്രമം എന്നിവ ആവശ്യമാണ്. ഇന്ന് 21ാം നൂറ്റാണ്ടില്‍ നാം പഴയ ശീലങ്ങളേയും സംവിധാനങ്ങളേയും ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''ഇന്നത്തെ സന്ദേശം എന്നത്-
പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുക
പുരോഗതിക്കായി പണം ഉപയോഗിക്കുക
പുരോഗതിക്കായി ആസൂത്രണം ചെയ്യുക
പുരോഗതിക്കായി മുന്‍ഗണനകള്‍ നിശ്ചയിക്കുക എന്നിവയാണ്''.
സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്ന ഒരു തൊഴില്‍ സംസ്‌കാരം മാത്രമല്ല, മറിച്ച് കണക്കാക്കിയ സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ മിക്ക രാഷ്ട്രീയ കക്ഷികളേയും സംബന്ധിച്ച് അടിസ്ഥാന സൗകര്യ വികസനം പ്രധാനമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് അവരുടെ പ്രകടനപത്രികയില്‍ പോലും ദൃശ്യമല്ല. രാജ്യത്തിനായി നടപ്പിലാക്കുന്ന അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനത്തെ പോലും വിമര്‍ശിക്കുന്ന നിലയിലേക്ക് ചില പാര്‍ട്ടികള്‍ എത്തിയതായി അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനത്തിനായി ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണമെന്ന വസ്തുത ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുകയും അത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴി തെളിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മേല്‍നോട്ടത്തിന്റെ അഭാവം, മുന്‍കൂട്ടിയുള്ള വിവരങ്ങളുടെ അഭാവം, ഒറ്റക്കൊറ്റക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ആസൂത്രണവും നടപ്പിലാക്കലും തമ്മില്‍ അന്തരങ്ങള്‍ സൃഷ്ടിക്കുകയും നിര്‍മാണം തടസ്സപ്പെടുന്നതിനും ബജറ്റ് തുക പാഴാകുന്നതിനും കാരണമാകുന്നു. ഒന്നിലധികമായി വര്‍ധിക്കുന്നതിനോ മെച്ചപ്പെടുന്നതിനോ പകരം ശക്തി വിഭജിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി എം ഗതി ശക്തി ഇത്തരം പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറുകയും ചെയ്യും.
2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ നൂറുകണക്കിന് മുടങ്ങിപ്പോയ പ്രോജക്ടുകളെ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് പ്രതിസന്ധികള്‍ നീക്കം ചെയ്ത കാര്യം അദ്ദേഹം ഓര്‍മിച്ചു. മേല്‍നോട്ടത്തിന്റെ അഭാവം കൊണ്ടുളള കാലതാമസം ഒഴിവാക്കാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഗവണ്‍മെന്റിന്റെ സമഗ്രമായ സമീപനം വഴി ഗവണ്‍മെന്റ് സ്‌കീമുകള്‍ പൂര്‍ത്തിയാക്കുന്നതിന് അധികാരം വിവിധ മേഖലകളില്‍ പ്രയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാരണത്താല്‍ പതിറ്റാണ്ടുകളോളം പൂര്‍ത്തിയാകാതെ കിടന്ന നിരവധി പ്രോജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുന്നു. പി എം ഗതി ശക്തി ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങളും നിക്ഷേപകരുടെ താല്‍പര്യങ്ങളും മാത്രമല്ല വിവിധ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ''ഇത് സമഗ്രമായ ഭരണത്തിന്റെ വ്യാപനമാണ്'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. 1987ലാണ് രാജ്യത്ത് ആദ്യമായി പ്രകൃതി വാതക പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തത്. അതിന് ശേഷം 2014 വരെയുള്ള 27 വര്‍ഷക്കാലം 15,000 കിലോമീറ്റര്‍ മാത്രമാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. എന്നാല്‍ ഇന്നത് രാജ്യത്ത് 16,000-ത്തിലധികം കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ നിര്‍മാണം 5-6 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
2014ന് മുമ്പ് അഞ്ച് വര്‍ഷ കാലയളവില്‍ വെറും 1900 കിലോമീറ്റര്‍ റെയില്‍വേ പാതകളാണ് ഇരട്ടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9000 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിച്ചത്. 2014ന് മുമ്പ് അഞ്ച് വര്‍ഷ കാലയളവില്‍ 3000 കിലോമീറ്റര്‍ റെയില്‍വെ ട്രാക്കുകള്‍ മാത്രം വൈദ്യുതീകരിച്ച സ്ഥാനത്ത് കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്ററുകള്‍ വൈദ്യുതീകരിച്ചു കഴിഞ്ഞതായി ശ്രീ മോദി അറിയിച്ചു. 2014ന് മുമ്പ് 250 കിലോമീറ്റര്‍ മാത്രമേ മെട്രോ റെയില്‍ സേവനം ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്നത് 700 കിലോമീറ്ററായി വര്‍ദ്ധിക്കുകയും പുതുതായി 1000 കിലോമീറ്ററിന്റെ നിര്‍മാണം നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. 2014ന് മുമ്പുള്ള അഞ്ച് വര്‍ഷക്കാലം 60 പഞ്ചായത്തുകള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു.
രാജ്യത്തെ കൃഷിക്കാരുടേയും മത്സ്യത്തൊഴിലാളികളുടേയും വരുമാനം വര്‍ദ്ധിക്കുന്നതിന് സംസ്‌കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തില്‍ നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ രാജ്യത്ത് വെറും രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഇന്നത് 19 എണ്ണമായി വര്‍ദ്ധിച്ചു. അതിന്റെ എണ്ണം 40 ആയി ഉയര്‍ത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 2014ല്‍ വെറും 5 ജലപാതകള്‍ മാത്രമുണ്ടായിരുന്നത് ഇന്ന് 13 എണ്ണമായി വര്‍ദ്ധിച്ചിരിക്കുന്നു. കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാനുള്ള സമയം 2014ല്‍ 41 മണിക്കൂര്‍ ആയിരുന്നത് ഇന്ന് 27 മണിക്കൂറായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ ഒറ്റ രാജ്യം ഒറ്റ ശൃംഖല എന്ന പ്രതിജ്ഞ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. 2014ല്‍ 3 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ ഊര്‍ജ വിതരണ ലൈനുകള്‍ ഉണ്ടായിരുന്നത് ഇന്ന് 4.25 ലക്ഷം കിലോമീറ്ററുകളായി വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന ബഹുമതി നേടാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കു വയ്ച്ചു. നമ്മുടെ ലക്ഷ്യങ്ങള്‍ അസാധാരണമായതിനാല്‍ അസാധാരണ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ പി എം ഗതി ശക്തി, ജാം (ജന്‍ ധന്‍, ആധാര്‍, മൊബൈല്‍) പോലെ സേവനങ്ങള്‍ ജനങ്ങളിലെത്താനുള്ള വിപ്ലവകരമായ ഉപാധിയായി മാറും. പി എം ഗതി ശക്തി അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഇക്കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
***
(Release ID: 1763630)
Visitor Counter : 282
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada