രാസവസ്തു, രാസവളം മന്ത്രാലയം

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP) 2021-22 സാമ്പത്തിക വർഷത്തെ ലക്ഷ്യം വെറും 6 മാസത്തിനുള്ളിൽ കൈവരിച്ചു

Posted On: 06 OCT 2021 1:52PM by PIB Thiruvananthpuram

  ന്യൂഡൽഹി  , ഒക്ടോബർ 06, 2021


 2021-22 സാമ്പത്തിക വർഷത്തിൽ 8,300 ജൻ ഔഷധി കേന്ദ്രങ്ങൾ (PMBJK)  തുറക്കുകയെന്ന ലക്ഷ്യം, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (PMBJP) നിർവ്വഹണ ഏജൻസിയായ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 2021 സെപ്റ്റംബർ അവസാനത്തിന് മുമ്പ് കൈവരിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.

PMBJP യുടെ ഉത്പന്ന ശ്രേണിയിൽ നിലവിൽ 1,451 മരുന്നുകളും 240 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ഗ്ലൂക്കോമീറ്റർ, പ്രോട്ടീൻ പൗഡർ, മാൾട്ട് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ സപ്ലിമെന്റുകൾ, പ്രോട്ടീൻ ബാർ, പ്രതിരോധശേഷി ബാർ മുതലായവ ഉൾപ്പെടെയുള്ള പോഷക ഉത്പന്നങ്ങളും പുതിയ മരുന്നുകളും  പുറത്തിറക്കി.

സാധാരണക്കാർക്ക്, പ്രത്യേകിച്ച് പാവങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2024 മാർച്ച് മാസമാകുമ്പോൾ ജൻ ഔഷധി  കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2021 ഒക്ടോബർ 5 -വരെയുള്ള കണക്കനുസരിച്ച്  സ്റ്റോറുകളുടെ എണ്ണം 8355 ആയി വർധിച്ചിട്ടുണ്ട്.

നിലവിൽ PMBJP യുടെ മൂന്ന് സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. നാലാമത്തേത് സൂറത്തിൽ നിർമ്മാണത്തിലാണ്. കൂടാതെ, വിദൂര, ഗ്രാമീണ മേഖലകളിലേക്കുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതിനായി രാജ്യത്തുടനീളം 37 വിതരണക്കാരെയും നിയോഗിച്ചിട്ടുണ്ട്.

 പൊതുജനങ്ങൾക്ക് അവരുടെ വിരൽത്തുമ്പിൽ സഹായമെത്തിക്കാനുള്ള PMBJP യുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് മൊബൈൽ ആപ്ലിക്കേഷനായ "ജൻ ഔഷധി സുഗം " .

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ്‌ (WHO-GMP) സാക്ഷ്യപ്പെടുത്തിയ വിതരണക്കാരിൽ നിന്നാണ് മരുന്നുകൾ സംഭരിക്കുന്നത്.

ഇതിനുപുറമെ, NABL അംഗീകൃത ലബോറട്ടറികളിൽ ഓരോ ബാച്ച് മരുന്നും പരിശോധിക്കുന്നു. ഗുണനിലവാര പരിശോധനകൾ വിജയിച്ചതിനുശേഷം മാത്രമേ മരുന്നുകൾ PMBJP കേന്ദ്രങ്ങളിലേക്ക് അയയ്ക്കൂ. PMBJP-വഴി ലഭ്യമാക്കുന്ന മരുന്നുകൾക്ക് വിപണി വിലയേക്കാൾ 50% -90%  കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.

 
IE/SKY


(Release ID: 1761489) Visitor Counter : 224