സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

സ്‌കൂളുകളിലെ പിഎം പോഷണ്‍ കേന്ദ്രാവിഷ്‌കൃത ദേശീയ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനായി പരിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് 54,061.73 കോടി രൂപയും സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക.


11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും

Posted On: 29 SEP 2021 3:48PM by PIB Thiruvananthpuram

2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് സ്‌കൂളുകളില്‍ പിഎം പോഷണ്‍ ദേശീയ പദ്ധതി തുടരുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) യുടെ അംഗീകാരം. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് 54061.73 കോടിയും സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 31,733.17 കോടി രൂപയുമാണ് ഇതിനു ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങള്‍ക്ക് ഏകദേശം 45,000 കോടി രൂപയുടെ അധിക ചിലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. അതിനാല്‍, മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ വരും.

 2021-22 മുതല്‍ 2025-26 വരെ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളില്‍ ഒരുനേരം പാചകം ചെയ്ത ഭക്ഷണം നല്‍കുന്ന പിഎം പോഷണ്‍ പദ്ധതിക്കാണ് ഇന്ന് സിസിഇഎ അനുമതി നല്‍കിയത്. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. ഉച്ചഭക്ഷണ പദ്ധതി എന്നറിയപ്പെടുന്ന ' സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള ദേശീയ പദ്ധതി' എന്നായിരുന്നു ആദ്യ പേര്.

 രാജ്യത്തെ 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന ഏകദേശം 11.80 കോടി കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം. 2020-21 കാലഘട്ടത്തില്‍, ഭക്ഷ്യധാന്യങ്ങള്‍ക്കായി ഏകദേശം 11,500 കോടി രൂപ ഉള്‍പ്പെടെ, 24,400 കോടി രൂപയിലധികം കേന്ദ്ര ഗവണ്‍മെന്റ് ഈ പദ്ധതിയില്‍ നിക്ഷേപിച്ചു.

പദ്ധതിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്ന തീരുമാനത്തിന്റെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെയാണ്:  പ്രൈമറി ക്ലാസ്സുകളിലെ 11.80 കോടി കുട്ടികള്‍ക്കും പുറമെ ഗവണ്‍മെന്റ്, എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ പ്രീ-പ്രൈമറി അല്ലെങ്കില്‍ അങ്കണവാടികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
 പ്രത്യേക അവസരങ്ങളില്‍ അല്ലെങ്കില്‍ ഉത്സവവേളകളില്‍ ആളുകള്‍ കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കുന്ന സമൂഹ പങ്കാളിത്ത പരിപാടിയായ തിഥിഭോജനം എന്ന ആശയം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടും.
കുട്ടികള്‍ക്ക് പ്രകൃതിയോടും കൃഷിത്തോട്ടങ്ങളോടും നേരിട്ടുള്ള അനുഭവം നല്‍കുന്നതിനായി സ്‌കൂളുകളിലെ സ്‌കൂള്‍ പോഷകാഹാര ഉദ്യാനങ്ങളുടെ വികസനം ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കും. ഈ കൃഷിത്തോട്ടങ്ങളുടെ വിളവെടുപ്പ് അധികമായി സൂക്ഷമ പോഷകങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കും. സ്‌കൂള്‍ പോഷകാഹാര കൃഷ്ടിയിടങ്ങള്‍ ഇതിനകം 3 ലക്ഷത്തിലധികം സ്‌കൂളുകളില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് എല്ലാ ജില്ലകളിലും നിര്‍ബന്ധമാക്കി. അനീമിയ കൂടുതലുള്ള ജില്ലകളിലും ജില്ലകളിലുമുള്ള കുട്ടികള്‍ക്ക് അനുബന്ധ പോഷകാഹാര ഇനങ്ങള്‍ നല്‍കുന്നതിന് പ്രത്യേക വ്യവസ്ഥ. പ്രാദേശികമായി ലഭ്യമായ ചേരുവകളും പച്ചക്കറികളും അടിസ്ഥാനമാക്കിയുള്ള പാചകരീതിയും നൂതനമായ വിഭവപട്ടികയും പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമീണതലം മുതല്‍ ദേശീയതലം വരെ എല്ലാ തലങ്ങളിലും പാചക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കും.
തദ്ദേശീയമായി വളരുന്ന പരമ്പരാഗത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ആത്മനിര്‍ഭര്‍ ഭാരതത്തിന്. ഇത് പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
പ്രമുഖ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലാതല വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ ( ഡയറ്റ്) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പുരോഗതി നിരീക്ഷണത്തിനും പരിശോധനകള്‍ക്കുമുള്ള ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ സുഗമമാക്കും.



(Release ID: 1759287) Visitor Counter : 295