പ്രധാനമന്ത്രിയുടെ ഓഫീസ്
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ച് പ്രധാനമന്ത്രി
ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയില്‍ പരസ്പര പ്രവര്‍ത്തനക്ഷമതയുറപ്പാക്കുന്ന തടസ്സമില്ലാത്ത ഓണ്‍ലൈന്‍ സംവിധാനം ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം സൃഷ്ടിക്കും
പരസ്പരം ബന്ധപ്പെടുത്തിയ ഇത്രയും വലിയ അടിസ്ഥാനസൗകര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് ജെഎഎം ത്രിത്വത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു
''റേഷന്‍ മുതല്‍ ഭരണസംവിധാനംവരെ എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധാരണക്കാരനു വേഗത്തിലും സുതാര്യമായും പ്രാപ്യമാക്കുന്നു''
''ടെലിമെഡിസിന്റെ കാര്യത്തിലും മുമ്പെങ്ങുമില്ലാത്തവിധം വികാസമുണ്ടായി''
''ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈ പാവപ്പെട്ടവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്‌നം പരിഹരിച്ചു. ഇതുവരെ 2 കോടിയിലധികം പേര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി; അതില്‍ പകുതിയും സ്ത്രീകളാണ്''
''ആയുഷ്മാന്‍ ഭാരത് - ഡിജിറ്റല്‍ ദൗത്യം, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും''
''ഗവണ്‍മെന്റ് സൃഷ്ടിച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്തും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള വലിയ നിക്ഷേപമാണ്''
''നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് വിനോദസഞ്ചാരമേഖലയെയും മെച്ചപ്പെടുത്തുന്നു''
Posted On:
27 SEP 2021 12:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി.
ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന ക്യാമ്പയിന്‍ ഇന്ന് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ദൗത്യത്തിനാണ് ഇന്നു നാം തുടക്കം കുറിക്കുന്നത്', പ്രധാനമന്ത്രി പറഞ്ഞു.
130 കോടി ആധാര്‍ നമ്പറുകള്‍, 118 കോടി മൊബൈല്‍ വരിക്കാര്‍, 80 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, 43 കോടി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിക്കുന്ന ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഷന്‍ മുതല്‍ ഭരണസംവിധാനംവരെ എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധാരണക്കാരനു വേഗത്തിലും സുതാര്യമായും പ്രാപ്യമാക്കുന്നു. 'ഇന്ന് ഭരണ പരിഷ്‌കാരങ്ങളില്‍ സാങ്കേതികവിദ്യയുടെ ഇടപെടല്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലാണ്', പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ വളരെയധികം സഹായിച്ചിട്ടു ണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൗജന്യ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു കീഴില്‍, രാജ്യം 90 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തുന്നതിന് 'കോ-വിന്‍' വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
ആരോഗ്യരംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കൊറോണ ക്കാലത്ത് ടെലിമെഡിസിന്റെ കാര്യത്തിലും മുമ്പെങ്ങുമില്ലാത്തവിധം വികാസമുണ്ടായെന്നു ചൂണ്ടിക്കാട്ടി. ഇ-സഞ്ജീവനി വഴി ഇതുവരെ വിദൂരമേഖലകളില്‍ നിന്നുള്ള 125 കോടിയോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സൗകര്യം എല്ലാ ദിവസവും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരെ വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ നഗരങ്ങളിലെ വലിയ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈ പാവപ്പെട്ടവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്‌നം പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ 2 കോടിയിലധികം പേര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി. അതില്‍ പകുതിയും സ്ത്രീകളാണ്. കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമാണ് രോഗങ്ങളെന്നും കുടുംബങ്ങളിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്നവരെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ വ്യക്തിപരമായി കാണുകയെന്ന ലക്ഷ്യമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അവരുമായുള്ള ആശയവിനിമയത്തിനിടയില്‍ പദ്ധതിയുടെ പ്രയോജനങ്ങ ളെക്കുറിച്ചറിയാന്‍ കഴിഞ്ഞതായും ശ്രീ മോദി പറഞ്ഞു. 'ഈ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്തും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള വലിയ നിക്ഷേപമാണ്‌രാജ്യത്തിന്റെ വര്‍ത്തമാനത്തിലും ഭാവിയിലും ഒരു വലിയ നിക്ഷേപമാണ്'- അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് - ഡിജിറ്റല്‍ ദൗത്യം, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളുടെ പ്രക്രിയകള്‍ ലളിതമാക്കുക മാത്രമല്ല, ജീവിതം സുഗമമാക്കാനും ദൗത്യം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൗത്യത്തിനു കീഴില്‍, ഓരോ പൗരനും ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. കൂടാതെ അവരുടെ ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യ മാതൃകയിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. അസുഖബാധിതരായാല്‍ ചെലവു കുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതുമായ ആരോഗ്യപരിരക്ഷയുടെ മാതൃക. ആരോഗ്യ വിദ്യാഭ്യാസത്തിലെ അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്തെ വിദഗ്ധരും ഇന്ത്യയില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. എയിംസിന്റെയും മറ്റ് ആധുനിക ആരോഗ്യ സ്ഥാപനങ്ങളുടെയും സമഗ്ര ശൃംഖല രാജ്യത്ത് സ്ഥാപിക്കപ്പെടുന്നു. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രാമങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര ശൃംഖലകളും ക്ഷേമകേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അത്തരം 80,000ത്തിലധികം കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക ടൂറിസം ദിനത്തിലാണ് ഇന്നത്തെ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ടൂറിസവുമായി ആരോഗ്യത്തിന് വളരെയേറെ ബന്ധമുണ്ടെന്ന് അഭിപ്രായപ്പെട്ടു. കാരണം നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് വിനോദസഞ്ചാരമേഖലയെയും മെച്ചപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
*****
(Release ID: 1758530)
Visitor Counter : 356
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada