വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും എൽഐസി ഹൗസിംഗ് ഫിനാൻസും ഭവന വായ്പ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു

Posted On: 07 SEP 2021 4:33PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, സെപ്റ്റംബർ 7, 2021
 
കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന്റെ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB), രാജ്യത്തെ മുൻനിര ഭാവന വായ്പാ ദാതാവായ എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡും (LICHFL) സഹകരിച്ച് IPPB യുടെ 4.5 കോടിയിലധികം ഉപഭോക്താക്കൾക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. 650 ശാഖകളും, 136,000-ലധികം ബാങ്കിംഗ് സേവന കേന്ദ്രങ്ങളും അടങ്ങിയ IPPB യുടെ കരുത്തുറ്റതും വിപുലവുമായ ശൃംഖലയിലൂടെ, LICHFL-ന്റെ ഭവന വായ്പ ഉത്പന്നങ്ങൾ ഇന്ത്യയിലെമ്പാടുമുള്ള IPPB ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

ധാരണാപത്രത്തിന്റെ ഭാഗമായി, ഭവനവായ്പകൾക്കുള്ള ജാമ്യം, നടപടിക്രമങ്ങൾ, വിതരണം എന്നിവ LICHFL നിർവ്വഹിക്കും. സോഴ്സിങ്ങിന്റ്റെ ഉത്തരവാദിത്തം IPPB-യുടെതായിരിക്കും. LICHFL-മായുള്ള പങ്കാളിത്തം IPPB ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ശ്രേണി വിപുലീകരിക്കുന്നതിനും, ബാങ്കിങ് സേവനം ലഭ്യമല്ലാത്തതും സേവനാനുകുല്യങ്ങൾ പരിമിതമായി മാത്രം ലഭിക്കുന്നതുമായ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകമാകും.

നിലവിൽ, IPPB പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ വിവിധ ജനറൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ വിതരണം ചെയ്തു വരുന്നു. 200,000 തപാൽ വകുപ്പ് ജീവനക്കാർ അടങ്ങുന്ന വിപുലമായ മനുഷ്യശേഷിയും മൈക്രോ എടിഎമ്മുകളും ബയോമെട്രിക് ഉപകരണങ്ങളും അടങ്ങിയ നൂതനമായ വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങളും യഥാവിധി സജ്ജീകരിച്ചിരിക്കുന്നതിലൂടെ LICHFL-ന്റെ ഭവന വായ്പകൾ വിതരണം ചെയ്യുന്നതിൽ IPPB നിർണ്ണായക പങ്ക് വഹിക്കും.


(Release ID: 1753431) Visitor Counter : 143