സാംസ്‌കാരിക മന്ത്രാലയം
താജിക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (Shanghai Cooperation Organization-SCO) സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ ശ്രീ അർജുൻ റാം മേഘ് വാൾ പങ്കെടുത്തു
Posted On:
18 AUG 2021 3:34PM by PIB Thiruvananthpuram
ന്യൂഡൽഹി , ആഗസ്റ്റ് 18,2021
താജിക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച് താജിക്കിസ്ഥാന്റെ അധ്യക്ഷതയിൽ ഇന്ന് (2021 ,ആഗസ്ത് 18 ന്) ചേർന്ന SCO സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര സാംസ്കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ് വാൾ പങ്കെടുത്തു.2021 വർഷത്തിൽ SCO യുടെ അധ്യക്ഷപദം താജികിസ്‌ഥാനാണ് വഹിക്കുന്നത്. സാംസ്‌കാരിക-മാനവിക വിഷയങ്ങളിലൂന്നിയുള്ള മെച്ചപ്പെട്ട സഹകരണം, SCO രാഷ്ട്രങ്ങൾ തമ്മിൽ സാംസ്കാരിക മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകൾ, മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ SCO യ്ക്കുള്ളിലെ സാംസ്കാരിക സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ചർച്ച നടന്നു. രാഷ്ട്രാന്തരീയ ധാരണ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ സാധ്യതകൾ യോഗം വിലയിരുത്തി.
കേന്ദ്ര സാംസ്കാരിക സഹമന്ത്രി യോഗത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും SCO യ്ക്കുള്ളിലെ സാംസ്കാരിക സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.
അംഗരാജ്യമെന്ന നിലയിൽ SCO യുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും, സാംസ്കാരിക മേഖലയിലെ പരസ്പര പിന്തുണയ്ക്കും സഹകരണത്തിനുമുള്ള പ്രതിബദ്ധത സംബന്ധിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 2020 -ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച SCO രാഷ്ട്രത്തലവന്മാരുടെ യോഗത്തിനോടനുബന്ധിച്ച്, 'സമാനമായ ബുദ്ധമത പൈതൃകം' സംബന്ധിച്ച ഓൺലൈൻ എക്സിബിഷന് ഇന്ത്യ മുൻകൈ എടുത്തതും SCO രാജ്യങ്ങളിലെ (റഷ്യൻ, ചൈനീസ്) ഔദ്യോഗിക ഭാഷകളിൽ ഇന്ത്യൻ ക്ലാസിക്കുകളുടെ വിവർത്തനം ആരംഭിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാർഷികം ആസാദി കാ അമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്ന കാര്യം അദ്ദേഹം അംഗരാഷ്ട്രങ്ങളുമായി പങ്കുവെച്ചു. 2047 -ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം മുൻകൂട്ടി കണ്ടുള്ള ഇന്ത്യയുടെ ആസൂത്രണങ്ങളും പങ്കുവയ്ക്കപ്പെട്ടു. സമാനമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ SCO അംഗരാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താനാകുമെന്ന തന്റെ പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണം, സാംസ്കാരികം, കല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനായി താജിക്കിസ്ഥാൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.
യോഗത്തിൽ, SCO അംഗരാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാർ സാംസ്കാരിക പൈതൃക സംരക്ഷണം, സാംസ്കാരികം, കല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള കരട് കരാറുകൾ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
യോഗത്തിന്റെ സമാപനത്തിൽ, SCO അംഗരാജ്യങ്ങളുടെ കലോത്സവത്തിന്റെ (Gala Concert of the Arts Festival) വ്യവസ്ഥകൾ പ്രതിനിധി സംഘത്തലവന്മാർ അംഗീകരിച്ച് ഒപ്പിട്ടു.
അതിനുശേഷം പ്രോട്ടോക്കോൾ അംഗീകരിക്കുകയും SCO യിലെ അംഗരാജ്യങ്ങളിലെ എല്ലാ പ്രതിനിധി സംഘത്തലവന്മാരും അതിൽ ഒപ്പു വയ്ക്കുകയും ചെയ്തു.
IE/SKY
(Release ID: 1747200)
Visitor Counter : 309