ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

രാജ്യത്തെ 19 മെഗാ ഫുഡ് പാർക്കുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരസ്

Posted On: 17 AUG 2021 3:11PM by PIB Thiruvananthpuram



ന്യൂഡൽഹി , ആഗസ്റ്റ് 17, 2021

വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 19 മെഗാ ഫുഡ് പാർക്കുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരസ് പറഞ്ഞു.  കൃഷിയിടം മുതൽ മാർക്കറ്റ് വരെയുള്ള മൂല്യശൃംഖലയിൽ ഭക്ഷ്യ സംസ്കരണത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.  രാജ്യത്ത് 38 മെഗാ ഫുഡ് പാർക്കുകൾക്ക് അന്തിമമായും മൂന്ന് മെഗാ ഫുഡ് പാർക്കുകൾക്ക് തത്വത്തിലും മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.ഇതിൽ 22 മെഗാ ഫുഡ് പാർക്ക് പദ്ധതികൾ പ്രവർത്തനക്ഷമമാക്കി.  

മന്ത്രാലയത്തിലെ   മുതിർന്ന ഉദ്യോഗസ്ഥർ,ജീവനക്കാർ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .  ഭക്ഷ്യ സംസ്കരണ വ്യവസായ സെക്രട്ടറി ശ്രീമതി പുഷ്പ സുബ്രഹ്മണ്യവും മന്ത്രിയോടൊപ്പം   ആശയവിനിമയത്തിൽ
  പങ്കെടുത്തു.  


കർഷകർക്ക് അധിക വരുമാനം  ലഭിക്കുന്നതിന് മാമ്പഴം, വാഴപ്പഴം  , ആപ്പിൾ, പൈനാപ്പിൾ, കാരറ്റ്, കോളിഫ്ലവർ, ബീൻസ് തുടങ്ങിയ  എളുപ്പം നശിക്കുന്ന 22   ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.  2021-2022 ലെ ബജറ്റ് പ്രസംഗത്തിൽ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് (TOP) എന്നിവയിൽ നിന്നും വേഗത്തിൽ   നശിച്ചു പോകുന്ന , 22    ഉൽപ്പന്നങ്ങളെ കൂടി  ഉൾപ്പെടുത്തി "ഓപ്പറേഷൻ ഗ്രീൻസ് സ്കീം" പദ്ധതി  വിപുലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കൻ മേഖലയിലും വടക്കൻ ബീഹാറിലും മിനി ഫുഡ് പാർക്കുകൾക്കായി വലിയ സാധ്യതകളുണ്ടെന്ന് ശ്രീ. പരസ് കൂട്ടിച്ചേർത്തു .


 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബിൽ, 2021 ഇപ്പോൾ അവസാനിച്ച  പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയതിന് ശേഷം വിജ്ഞാപനം ചെയ്തതായി  ശ്രീ പരസ് അറിയിച്ചു.  ഇതോടെ, ഭക്ഷ്യസംസ്കരണ  വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് (NIFTEM)- കുണ്ഡലി (ഹരിയാന), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്നോളജി (IIFPT)- തഞ്ചാവൂർ (തമിഴ്നാട്) എന്നിവ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകുന്ന ഈ സുപ്രധാന ചുവടുവെയ്പ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്   ശ്രീ പരസ് നന്ദി രേഖപ്പെടുത്തി.  ഈ നടപടി പുതിയതും നൂതനവുമായ കോഴ്സുകൾ ആരംഭിക്കുന്നതിനും മികച്ച അധ്യാപകരെയും  വിദ്യാർത്ഥികളെയും ആകർഷിക്കുന്നതിനും സഹായിക്കും.

 
IE/SKY


(Release ID: 1746706) Visitor Counter : 201