പ്രധാനമന്ത്രിയുടെ ഓഫീസ്‌

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി


സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ സേവനത്തില്‍ പ്രവേശിക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍; വരുന്ന 25 വര്‍ഷം നിങ്ങള്‍ക്കും ഇന്ത്യക്കും നിര്‍ണായകം: പ്രധാനമന്ത്രി

''അവര്‍ 'സ്വരാജ്യ'ത്തിനായി പോരാടി; 'സു-രാജ്യ'ത്തിനായി നിങ്ങള്‍ മുന്നോട്ട് പോകുക'': പ്രധാനമന്ത്രി

സാങ്കേതിക തടസ്സങ്ങളുള്ള ഈ സമയത്ത് പൊലീസിനെ സജ്ജരാക്കുക എന്നതാണ് വെല്ലുവിളി: പ്രധാനമന്ത്രി

'ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തി'ന്റെ പതാകവാഹകരാണ് നിങ്ങള്‍; 'രാഷ്ട്രമാണ് ആദ്യം, എപ്പോഴും ആദ്യം' എന്ന സന്ദേശം എപ്പോഴും ഓര്‍ക്കുക: പ്രധാനമന്ത്രി

സൗഹൃദം പുലര്‍ത്തുക; യൂണിഫോം ധരിക്കുന്നതില്‍ അഭിമാനം കൊള്ളുക: പ്രധാനമന്ത്രി

വനിതാ ഓഫീസര്‍മാരുടെ തെളിച്ചമുള്ള പുതുതലമുറയ്ക്കാണ് ഞാന്‍ സാക്ഷ്യം വഹിക്കുന്നത്; പൊലീസ് സേനയില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിച്ചു: പ്രധാനമന്ത്രി

മഹാമാരിക്കാലത്ത് ജീവന്‍ നഷ്ടമായ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

അയല്‍രാജ്യങ്ങളില്‍ നിന്നു പരിശീലനത്തിനെത്തിയ ഓഫീസര്‍മാര്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പവും ആഴത്തിലുള്ള ബന

Posted On: 31 JUL 2021 1:46PM by PIB Thiruvananthpuram

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണര്‍മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. അദ്ദേഹം പ്രൊബേഷണര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.

ഓഫീസര്‍ ട്രെയിനികളുമായുള്ള സംവാദം :

ദേശീയ പൊലീസ് സര്‍വീസിലെ പ്രൊബേഷനര്‍മാരുമായി പ്രധാനമന്ത്രി ഊര്‍ജസ്വലമായ ചര്‍ച്ച നടത്തി. ഓഫീസര്‍ ട്രെയിനികളുമായുള്ള ആശയവിനിമയം നൈസര്‍ഗികമായിരുന്നു. ഔദ്യോഗിക ചട്ടക്കൂടുകള്‍ മറികടന്ന് പുതുതലമുറ പൊലീസ് ഓഫീസര്‍മാരുടെ അഭിവാഞ്ഛകളും സ്വപ്‌നങ്ങളുമൊക്കെ പ്രധാനമന്ത്രി ആരാഞ്ഞു.

കേരള കേഡറില്‍ നിയമിതനായ, ഹരിയാനയില്‍ നിന്നുള്ള ഐഐടി റൂര്‍ക്കിയില്‍ നിന്നു വിജയിച്ച അനൂജ് പാലീവാളിനോടു സംസാരിച്ചപ്പോള്‍, പരസ്പരവിരുദ്ധമെന്ന് തോന്നുന്നതും എന്നാല്‍ ഉദ്യോഗസ്ഥനു തികച്ചും ഉപയോഗപ്രദവുമായ തെരഞ്ഞെടുക്കലുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കുറ്റാന്വേഷണത്തിലെ ജൈവസാങ്കേതിക പശ്ചാത്തലം ഉപകാരപ്പെടുത്തുന്നതിനെക്കുറിച്ചും, സിവില്‍ സര്‍വീസ് പരീക്ഷയില്‍ തന്റെ ഐച്ഛിക വിഷയമായ സോഷ്യോളജി, ഔദ്യോഗിക ജീവിതത്തില്‍ ഏതു തരത്തില്‍ ഉപകാരപ്പെടുമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയോടു പറഞ്ഞു. ശ്രീ പാലീവാളിന്റെ ഹോബിയായ സംഗീതം വിരസമായ പൊലീസ് ജോലിക്കിടെ ഉപയോഗപ്പെടില്ലായിരിക്കുമെങ്കിലും, അത് അദ്ദേഹത്തെ സഹായിക്കുകയും മികച്ച ഉദ്യോഗസ്ഥനാക്കുകയും സേവനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയില്‍ നിയമബിരുദമുള്ള വ്യക്തിയും നീന്തല്‍ വിദഗ്ധനുമായ രോഹന്‍ ജഗദീഷുമായി പൊലീസ് സേവനത്തില്‍ കായികക്ഷമതയുടെ പ്രാധാന്യം പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ശ്രീ ജഗദീഷ് ഐപിഎസ് ഓഫീസറായി പോകുന്ന കര്‍ണാടകത്തില്‍ സംസ്ഥാന സേവനത്തിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അതിനാല്‍ തന്നെ പരിശീലനത്തില്‍ വര്‍ഷങ്ങളായി വന്ന മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.


മഹാരാഷ്ട്രയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറായ ഗൗരവ് രാംപ്രവേഷ് റായിക്ക് അനുവദിച്ചത് ഛത്തീസ്ഗഢ് കേഡറാണ്. ചെസ്സ് കളിക്കുകയെന്ന തന്റെ വിനോദത്തെക്കുറിച്ച് രാംപ്രവേഷ് റായിയുമായി സംസാരിച്ച പ്രധാനമന്ത്രി പ്രവര്‍ത്തനപഥത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ഈ കളി എങ്ങനെ സഹായിക്കുമെന്ന് ചര്‍ച്ച ചെയ്തു. മേഖലയിലെ ഇടതുപക്ഷ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍, ഈ പ്രദേശത്തിന് സവിശേഷമായ വെല്ലുവിളികളുണ്ടെന്നും ഗോത്രമേഖലകളില്‍ വികസനത്തിനും സാമൂഹിക ബന്ധത്തിനും ഊന്നല്‍ നല്‍കേണ്ടത് ക്രമസമാധാനത്തിനൊപ്പം ആവശ്യമുള്ള ഘടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ അക്രമത്തിന്റെ പാതയില്‍ നിന്ന് അകറ്റുന്നതില്‍ അദ്ദേഹത്തെപ്പോലുള്ള യുവ ഉദ്യോഗസ്ഥര്‍ വലിയ സംഭാവനയേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാം മാവോയിസ്റ്റ് ആക്രമണങ്ങളെ നിയന്ത്രിക്കുകയാണെന്നും ഗോത്രമേഖലകളില്‍ വികസനത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പാലങ്ങള്‍ തീര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാന്‍ കേഡര്‍ ഓഫീസറായ ഹരിയാനയില്‍ നിന്നുള്ള രഞ്ജീത ശര്‍മ്മയോട് പരിശീലനത്തില്‍ നിന്നുണ്ടായ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മികച്ച പ്രൊബേഷണറെന്ന ബഹുമതി അവര്‍ക്കു ലഭിച്ചിരുന്നു. പഠനവിഷയമായ മാസ് കമ്യൂണിക്കേഷന്‍ ജോലിയില്‍ എപ്രകാരം ഉപയോഗപ്പെടുത്തുമെന്നതിനെക്കുറിച്ചും സംസാരിച്ചു. പെണ്‍മക്കളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഹരിയാനയിലും രാജസ്ഥാനിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രീ മോദി ചൂണ്ടിക്കാട്ടി. നിയമനം ലഭിക്കുന്ന സ്ഥലത്തെ പെണ്‍കുട്ടികള്‍ക്ക് അവരുടെ എല്ലാ കഴിവുകളും വെളിച്ചത്തു കൊണ്ടുവരാന്‍ അവരോട് ഇടപഴകാനും പ്രചോദിപ്പിക്കാനും ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കേരളത്തില്‍ നിന്നുള്ള പി നിതിന്‍ രാജിന് സ്വന്തം നാട്ടിലേക്കു തന്നെയാണ് നിയമനം അനുവദിച്ചത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള മികച്ച മാധ്യമമായതിനാല്‍ ഫോട്ടോഗ്രാഫിയിലും അധ്യാപനത്തിലുമുള്ള അദ്ദേഹത്തിന്റെ താല്‍പര്യം നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പഞ്ചാബില്‍ നിന്നുള്ള ദന്തഡോക്ടറായ നവജ്യോത് സിമിക്ക് ബിഹാര്‍ കേഡറാണ് അനുവദിച്ചത്. സേനയിലെ വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം സേവനത്തില്‍ മികച്ച പുരോഗതി സൃഷ്ടിക്കുമെന്നും,  ഭയമേതുമില്ലാതെ കരുണയോടും സംവേദനക്ഷമതയോടും കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും ഗുരുവിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ പെണ്‍മക്കളെ സേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് അതിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


ആന്ധ്രയില്‍ നിന്നുള്ള കൊമ്മി പ്രതാപ് ശിവ്കിഷോറിന് സ്വന്തം നാട്ടിലാണ് നിയമനം. ഐഐടി ഖഡഗ്പൂരില്‍ നിന്ന് എം ടെക് എടുത്ത വ്യക്തിയാണ് അദ്ദേഹം. സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. വിവരസാങ്കേതികവിദ്യയുടെ സമഗ്രമായ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ അവബോധം മെച്ചപ്പെടുത്തുന്നതിന് അവരുടെ നിര്‍ദ്ദേശമയയ്ക്കാനും യുവ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

മാലിദ്വീപില്‍ നിന്നുള്ള ഓഫീസര്‍ ട്രെയിനിയായ മുഹമ്മദ് നസീമുമായും ശ്രീ മോദി സംവദിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്ന മാലിദ്വീപിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാലിദ്വീപ് അയല്‍ക്കാരന്‍ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോലീസ് അക്കാദമി സ്ഥാപിക്കാന്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹികവും വ്യാപാരപരവുമായ ബന്ധങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിസംബോധന

വരുന്ന ഓഗസ്ത് 15 സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷമായി മികച്ച പോലീസ് സേവനം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അടുത്തിടെ, പോലീസ് പരിശീലനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ സത്ത ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ഓഫീസര്‍ ട്രെയിനികളോട് ആഹ്വാനം ചെയ്തു. 1930 മുതല്‍ 1947 വരെയുള്ള കാലയളവില്‍ വലിയ ലക്ഷ്യം നേടുന്നതിനായി നമ്മുടെ രാജ്യത്തെ യുവതലമുറ ഐക്യത്തോടെ മുന്നോട്ടുവന്നതായി അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവാക്കളിലും ഇതേ വികാരം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, ''അവര്‍ 'സ്വരാജ്യ'ത്തിനായി പോരാടി; നിങ്ങള്‍ 'സുരാജ്യ'ത്തിനായി മുന്നോട്ട് നീങ്ങണം'', പ്രധാനമന്ത്രി പറഞ്ഞു.


തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുന്നത്, എല്ലാ തലങ്ങളിലും ഇന്ത്യ മാറ്റത്തിനു വിധേയമാകുന്ന അവസരത്തിലാണെന്നും ഈ വേളയുടെ പ്രാധാന്യം ഓര്‍ക്കണമെന്നും ഓഫീസര്‍ ട്രെയിനികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നിന്ന് ഒരു നൂറ്റാണ്ടിലേക്കു പോകുന്ന സമയമായതിനാല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക സേവനത്തിന്റെ ആദ്യ 25 വര്‍ഷം നിര്‍ണായകമാണ്.


സാങ്കേതിക തകരാറുകള്‍ നേരിടുന്ന ഈ സമയത്ത് പോലീസിനെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നൂതനമായ കൂടുതല്‍ രീതികള്‍ ഉപയോഗിച്ച് പുതിയ തരം കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷയ്ക്കായി പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും രീതികളും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നല്‍ നല്‍കി.

നിങ്ങളില്‍ നിന്ന് ജനങ്ങള്‍ പ്രത്യേക നിലയിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീ മോദി പ്രൊബേഷനറുകളോട് പറഞ്ഞു. ഓഫീസിലോ ഹെഡ്ക്വാര്‍ട്ടേഴ്‌സിലോ മാത്രമല്ല, അതിനുമപ്പുറം സേവനത്തിന്റെ മാന്യതയെക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 'സമൂഹത്തിലെ എല്ലാ മേഖലകളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം, സൗഹൃദം പുലര്‍ത്തണമെന്നും യൂണിഫോം ധരിക്കുന്നതില്‍ അഭിമാനം കൊള്ളണ'മെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഏക ഭാരതം -ശ്രേഷ്ഠ ഭാരതത്തി'ന്റെ പതാകവാഹകരാണ് നിങ്ങളെന്നും ഓഫീസര്‍ ട്രെയിനികളെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതിനാല്‍ എപ്പോഴും 'രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം' എന്ന സന്ദേശം മനസ്സില്‍ സൂക്ഷിക്കണം. അത് എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കണം. പ്രവര്‍ത്തനപഥത്തില്‍ നിങ്ങളുടെ തീരുമാനങ്ങളില്‍ ദേശീയ താല്‍പ്പര്യവും ദേശീയ വീക്ഷണവും മനസ്സില്‍ സൂക്ഷിക്കണം- പ്രധാനമന്ത്രി പറഞ്ഞു.


പുതിയ തലമുറയിലെ മിടുക്കരായ യുവ വനിതാ ഉദ്യോഗസ്ഥരെ ശ്ലാഘിച്ച ശ്രീ മോദി സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. നമ്മുടെ പെണ്‍മക്കള്‍ പോലീസ് സേവനത്തില്‍ കാര്യക്ഷമത, ഉത്തരവാദിത്വം എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുമെന്നും മര്യാദ, അനായാസത, സംവേദനക്ഷമത എന്നിവ പ്രകടിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ കമ്മീഷണര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 16 സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും ഈ സംവിധാനം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. പോലീസിനെ ഫലപ്രദവും മികച്ച ഭാവിയുമുള്ളതാക്കാന്‍ കൂട്ടായും സംവേദനക്ഷമമായും പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മഹാമാരിക്കാലത്ത് സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പോലീസ് സേനാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അവരുടെ സംഭാവനയെയും അദ്ദേഹം അനുസ്മരിച്ചു.

അക്കാദമിയില്‍ പരിശീലനം നേടുന്ന അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യങ്ങളുടെ അടുപ്പവും ആഴത്തിലുള്ള ബന്ധവും അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാനാകട്ടെ, നേപ്പാളാകട്ടെ, മാലിദ്വീപാകട്ടെ, മൗറീഷ്യസാകട്ടെ, ഇവരെല്ലാം നമ്മുടെ അയല്‍ക്കാര്‍ മാത്രമല്ല, ചിന്തയിലും സാമൂഹിക ഘടനയിലും സമാനതകള്‍ പ്രകടിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ നാം സുഹൃത്തുക്കളാണ്. എന്തെങ്കിലും ദുരന്തങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഞങ്ങള്‍ പരസ്പരം ആദ്യം ഇടപെടും. കൊറോണക്കാലത്തും ഇക്കാര്യം വ്യക്തമായിരുന്നു.


(Release ID: 1741034) Visitor Counter : 265