സാംസ്‌കാരിക മന്ത്രാലയം

തെലങ്കാന വാറംഗല്‍ പാലംപേട്ടിലെ രുദ്രേശ്വര ക്ഷേത്രം (രാമപ്പ ക്ഷേത്രം) യുനെസ്‌കോ പൈതൃക പട്ടികയില്‍


പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയിലെ 39-ാം പ്രദേശം

Posted On: 25 JUL 2021 7:46PM by PIB Thiruvananthpuram

യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 39-ാമത് പ്രദേശമായി തെലങ്കാനയിലെ മുളുഗു ജില്ലയിലെ രുദ്രേശ്വര ക്ഷേത്രത്തെ തിരഞ്ഞെടുത്തു. വാറംഗലിന് അടുത്ത് സ്ഥിതിചെയ്യുന്ന, രാമപ്പ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന രുദ്രേശ്വര ക്ഷേത്രത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നാമനിര്‍ദ്ദേശം യുനെസ്‌കോയുടെ ലോക പൈതൃക സമിതി അംഗീകരിക്കുകയായിരുന്നു. 13-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച എന്‍ജിനീയറിംഗ് വിസ്മയമായ ക്ഷേത്രത്തിന്റെ ശില്‍പി രാമപ്പ എന്ന ആര്‍കിടെക്റ്റ് ആയതിനാലാണ് ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ പേരും ലഭിച്ചത്.

''ഇന്ത്യയിലെ തെലങ്കാനയിലെ കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രത്തെ ആഗോള പൈതൃക കേന്ദ്രമായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍!'' എന്ന് യുനെസ്‌കോ ട്വീറ്റ് ചെയ്തു.

അപൂര്‍വ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷേത്രം കാകതീയ രാജവംശത്തിന്റെ കരകൗശലവിദ്യയുടെ പ്രതീകമാണെന്ന് പറഞ്ഞു. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും ആ മഹത്വം അനുഭവവേദ്യമാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. തെലങ്കാനയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര വികസന മന്ത്രി ജി കിഷന്‍ റെഡ്ഡി കേന്ദ്ര പുരാവസ്തു വകുപ്പിലെ മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

എ ഡി 1213ലാണ് കാകതീയ രാജവംശത്തിന്റെ ഭരണകാലത്താണ് രുദ്രേശ്വര ക്ഷേത്രം നിര്‍മിച്ചത്.


(Release ID: 1738894) Visitor Counter : 386