ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്19 മരണനിരക്ക് സംബന്ധിച്ച കെട്ടുകഥകളും യാഥാര്‍ഥ്യവും


കോവിഡ് -19 മരണങ്ങളെക്കുറിച്ചുള്ള എച്ച്എംഐഎസ്, സിആര്‍എസ് വിവരങ്ങള്‍ താരതമ്യം ചെയ്തുണ്ടാക്കിയ അഭ്യൂഹങ്ങള്‍ തെറ്റിദ്ധാരണാജനകവും കെട്ടിച്ചമച്ചതും

കോവിഡ് -19 മരണങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഇന്ത്യയിലുള്ളത് കരുത്തുറ്റ സംവിധാനം

Posted On: 14 JUL 2021 11:24AM by PIB Thiruvananthpuram

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആരോഗ്യ നിര്‍വഹണ വിവരസംവിധാനത്തില്‍ (എച്ച്എംഐഎസ്) നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി കോവിഡ്-19 മരണനിരക്ക് ഉയര്‍ന്നതായി ചില തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ ചമയ്ക്കുന്ന റിപ്പോര്‍ട്ട് സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്), എച്ച്എംഐഎസ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ താരതമ്യം ചെയ്തുള്ളതാണ്. അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവും കെട്ടിച്ചമച്ചതുമാണ്. 

എച്ച്എംഐഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണ സംഖ്യകള്‍ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട് പറയുന്നതിങ്ങനെയാണ്, ''മറ്റ് വിവരങ്ങളുടെ അഭാവത്തില്‍, ഈ മരണങ്ങളെല്ലാം കോവിഡ് -19 മരണങ്ങളായി കണക്കാക്കണം''. മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, '2,50,000-ത്തിലധികം മരണങ്ങള്‍ അജ്ഞാതകാരണങ്ങളാല്‍ സംഭവിച്ചിട്ടുണ്ട്'. പ്രായോഗികത കണക്കിലെടുക്കാതെ, അടിസ്ഥാനമില്ലാത്ത വിവരങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ്-19 മരണമാണ് ഇവയെല്ലാം എന്നാരോപിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. അത്തരം നിഗമനങ്ങള്‍ മനോധര്‍മം പോലെ സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങള്‍ മാത്രമാണ്. 

കോവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യമായ സമീപനമാണ് കേന്ദ്രഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. കോവിഡ് 19 അനുബന്ധ മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള കരുത്തുറ്റ സംവിധാനം രാജ്യത്ത് നിലവിലുണ്ടെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഈ പ്രത്യേക സംവിധാനത്തില്‍ വിവരങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുണ്ട്. മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ പൊരുത്തക്കേട് ഒഴിവാക്കാന്‍ ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമിതി (ഐസിഎംആര്‍) പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ഐസിഡി-10 കോഡുകള്‍ പ്രകാരമാണ് 'ഇന്ത്യയില്‍ കോവിഡ് 19 അനുബന്ധ മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം' നല്‍കിയിട്ടുള്ളത്.

ഔപചാരിക ആശയവിനിമയങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍, കേന്ദ്രസംഘത്തെ വിന്യസിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലുള്ള രോഗബാധിതരുടെ എണ്ണവും മരണങ്ങളും ദിവസേന നിരീക്ഷിക്കുന്നതിന് കരുത്തുറ്റ രേഖപ്പെടുത്തല്‍ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയം പതിവായി ഓര്‍മിപ്പിക്കുന്നു. 

കോവിഡ് മഹാമാരി പോലെ വ്യാപ്തിയേറിയതും നീണ്ടുനില്‍ക്കുന്നതുമായ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ സമയത്ത് മരണനിരക്കില്‍ എല്ലായ്‌പ്പോഴും വ്യത്യാസമുണ്ടായിരിക്കുമെന്നത് ഏവര്‍ക്കുമറിയുന്ന കാര്യമാണ്. ഇതിനുശേഷം വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുമ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള മികച്ച രീതിയിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്തുന്നത്. അത്തരം പഠനങ്ങളുടെ പ്രവര്‍ത്തനസമ്പ്രദായം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  അവയ്ക്കുള്ള വിവരസ്രോതസ്സുകള്‍ മരണനിരക്ക് കണക്കാക്കുന്നതിനുള്ള സാധുവായ വിവരങ്ങളായി വിലയിരുത്തുകയും ചെയ്യുന്നു.(Release ID: 1735330) Visitor Counter : 161