നിയമ, നീതി മന്ത്രാലയം

ടെലി-ലോ പരിപാടിക്ക് കീഴിൽ 9 ലക്ഷം ഗുണഭോക്താക്കൾക്ക് സേവനം നൽകാനായത്, നീതിന്യായ വകുപ്പ് ആഘോഷിച്ചു

Posted On: 06 JUL 2021 4:46PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിജൂലൈ 06, 2021

 

 
“ആസാദി കാ അമൃത് മഹോത്സവ”ത്തിന് തുടക്കം കുറിക്കുന്നതിനും, ടെലി-ലോ പരിപാടി 9 ലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്കെത്തി നിർണായക നേട്ടം കൈവരിച്ചത് ആഘോഷിക്കുന്നതിനുമായി നീതിന്യായ വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് മുഖ്യാതിഥിയായിരുന്നു. രാജ്യത്തൊട്ടാകെയുള്ള 50,000 ത്തിലധികം ടെലി-ലോ ഉദ്യോഗസ്ഥർ പരിപാടിയിൽ ഡിജിറ്റലായി പങ്കെടുത്തു.
 
എല്ലാവരെയും ഉൾചേർത്ത് കൊണ്ട്, നിയമ നിർവഹണത്തിന്റെ സമഗ്ര സ്വഭാവം വർദ്ധിപ്പിക്കുന്നതിനും നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനും ടെലി-ലോ പരിപാടിയുടെ സാധ്യതകളെക്കുറിച്ച് നിയമമന്ത്രി ശ്രീ രവിശങ്കർ പ്രസാദ് പരാമർശിച്ചു.
 
2017 ൽ 11 സംസ്ഥാനങ്ങളിലെ 170 ജില്ലകളിലുള്ള 1800 പൊതുസേവന കേന്ദ്രങ്ങളിലാണ് (CSCs) ടെലി-ലോ പരിപാടി ആരംഭിച്ചത്. 2019 ൽ 115 അഭിലാഷ ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ ഈ പരിപാടി രാജ്യത്തെ 29,860 പൊതു സേവന കേന്ദ്രങ്ങളിൽ ലഭ്യമായി. ഇന്ന്, 34 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 633 ജില്ലകളിലുള്ള അമ്പതിനായിരത്തോളം പൊതു സേവന കേന്ദ്രങ്ങളിൽ പദ്ധതി പ്രവർത്തനക്ഷമമാണ്. ഇത്തരം കേന്ദ്രങ്ങളിലെ ഇന്റർനെറ്റ് അധിഷ്ഠിത സൗകര്യം ഉപയോഗിച്ച് ദുർബല വിഭാഗത്തിൽപ്പെട്ട ആവശ്യക്കാർക്ക് പാനൽ അഭിഭാഷകർ വഴി നിയമസഹായം എത്തിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
 
കഴിഞ്ഞ ഒരു വർഷത്തിൽ ടെലി-ലോ പദ്ധതി വഴി നിയമോപദേശം തേടിയ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 369% വർധന രേഖപ്പെടുത്തി. 2021 ജൂണിൽ ആകെ 9.5 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് ടെലി-ലോ പദ്ധതി ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടു.
 
ഈ പശ്ചാത്തലത്തിൽ 'ടെലി-നിയമം: എത്തപ്പെടാത്തവരിലേക്ക് എത്തിച്ചേരുന്നു' (Tele-Law - Reaching the Unreached) എന്ന പേരിൽ കേന്ദ്ര നിയമ നീതി മന്ത്രി പ്രത്യേക തപാൽ കവർ പുറത്തിറക്കി. യഥാർത്ഥവും സമകാലികവുമായ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ 'ടെലി-ലോ - റീച്ചിങ് ദി അൺറീച്ച്ഡ് ' എന്ന ഹ്രസ്വചിത്രവും പുറത്തിറക്കി.
 
ടെലി-ലോ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിപാടി ആണെങ്കിലും, ഗ്രാമ തല പ്രവർത്തകർ (VLEs), പാരാ ലീഗൽ വോളണ്ടിയർമാർ (PLVs), സംസ്ഥാന കോഡിനേറ്റർമാർ, പാനൽ അഭിഭാഷകർ എന്നിവരുൾപ്പെടുന്ന പ്രവർത്തക യൂണിറ്റുകളുടെ പ്രകടന മികവിനെ ആശ്രയിച്ചാണ് ഈ പദ്ധതിയുടെ വിജയം. രാജ്യത്തെ അഞ്ച് മേഖലകളിലെ മികച്ച 20 ഫീൽഡ് തല ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.

(Release ID: 1733298) Visitor Counter : 213