ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ്: അബദ്ധധാരണകളും വസ്തുതകളും



നിർദ്ദിഷ്ട ഒമ്പത് തിരിച്ചറിയൽ കാർഡുകളിലൊന്നോ, സ്വന്തമായി മൊബൈൽ ഫോണോ ഇല്ലാത്തവർക്കായി വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്


പ്രായമായവർക്കും, ഭിന്നശേഷിയുള്ളവർക്കും വീടിനടുത്ത് വാക്സിനേഷൻ സേവനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്


കോവിഡ് 19 വാക്സിനേഷൻ നിരക്ക്, ദേശീയ ശരാശരിയേക്കാൾ ആദിവാസി / ഗ്രാമീണ ജില്ലകളിൽ കൂടുതലാണ്



Posted On: 23 JUN 2021 2:22PM by PIB Thiruvananthpuram

സാങ്കേതിക രേഖകൾ ലഭ്യമല്ലാത്തതിനാൽ, ഭവനരഹിതരായ ആളുകൾ, കോവിഡ് -19 വാക്സിനേഷ നായി രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് വ്യക്തമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ആരോപിക്കുന്നു. ‘ഡിജിറ്റലായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത’, ‘ഇംഗ്ലീഷ് പരിജ്ഞാനം,  ഇന്റർനെറ്റ് സൗകര്യമുള്ള  ഒരു കമ്പ്യൂട്ടറിന്റെയോ ഒരു സ്മാർട്ട് ഫോണിന്റെയോ ആവശ്യകത ' എന്നിവ ആളുകളെ വാക്സിനേഷൻ രജിസ്ട്രേഷനിൽ നിന്നും പിന്തിരിപ്പിക്കുന്ന ചില ഘടകങ്ങൾ ആണെന്നും  റിപ്പോർട്ടുണ്ട്.

ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും ആണ് .

 ഇത് ഇപ്രകാരം  വ്യക്തമാക്കുന്നു:

1.  വാക്സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിന് ഒരു മൊബൈൽ ഫോൺ ഉണ്ടാകണമെന്ന് നിർബന്ധമില്ല.

2. വാക്സിനേഷൻ ലഭിക്കുന്നതിന് മേൽ വിലാസ തെളിവ് ഹാജരാക്കുന്നത് നിർബന്ധമല്ല.

3. വാക്സിനേഷൻ ലഭിക്കുന്നതിന് കോ-വിൻ ആപ്പിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത്  നിർബന്ധമല്ല.

4. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ,ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമി, ഗുരുമുഖി (പഞ്ചാബി), ഇംഗ്ലീഷ് എന്നീ 12  ഭാഷകളിൽ കോ വിൻ ആപ്പിൽ വിവരങ്ങൾ  ലഭ്യമാണ്. 

കോ-വിൻ പ്ലാറ്റ്ഫോം,  രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലും ഏറ്റവും ദുർബലരായവർക്കും വാക്സിനേഷൻ രജിസ്ട്രേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സവിശേഷതകളും ഉൾക്കൊ ള്ളുന്ന ഒരു  ഒരു ഐടി സംവിധാനമാണ്.

ആധാർ, ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ്, ഫോട്ടോയോടുകൂടിയ റേഷൻ കാർഡ്, ഭിന്നശേഷി ഐ.ഡി കാർഡ് തുടങ്ങിയ, നിർദ്ദിഷ്ട ഒമ്പത് തിരിച്ചറിയൽ കാർഡുകളിലൊന്ന് വാക്സിനേഷൻ രജിസ്റ്റർ ചെയ്യാൻ അത്യാവശ്യമാണ്. എങ്കിലും ഇവയിൽ ഏതെങ്കിലും ഒന്നോ  അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോണോ ഇല്ലാത്തവർക്കായി, വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

അത്തരം വ്യവസ്ഥകളുടെ മുഴുവൻ ആനുകൂല്യവും കണക്കിലെടുത്ത്, ഇതുവരെ 2 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കുമായി വീടിനടുത്തുള്ള വാക്സിനേഷൻ സെന്റർ സേവനങ്ങളും നൽകുന്നു. 2021 മെയ് 27 ന് വൃദ്ധർക്കും ഭിന്നശേഷിയുള്ളവർക്കും വീടിനടുത്ത് വാക്സിനേഷൻ  സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഒരു മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

ഇൻറർനെറ്റ്, അല്ലെങ്കിൽ സ്മാർട്ട് ഫോൺ, അല്ലെങ്കിൽ  മൊബൈൽ ഫോൺ എന്നിവ ഇല്ലാത്തവർക്ക്, വാക്സിനേഷൻ കേന്ദ്രത്തിൽ സൗജന്യമായി ഓൺ-സൈറ്റ് രജിസ്ട്രേഷൻ (വാക്ക്-ഇൻ എന്നും അറിയപ്പെടുന്നു) ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ, എല്ലാ ഗവൺമെന്റ് വാക്സിനേഷൻ കേന്ദ്രങ്ങ ളിലും, വാക്സിനേഷൻ സംവിധാനം ലഭ്യമാണ്.  ഇതുവരെ  നൽകിയ വാക്സിൻ ഡോസുകളിൽ 80% വും  ഓൺ-സൈറ്റ് വാക്സിനേഷൻ രീതിയിലാണ് നൽകിയിരിക്കുന്നത്. ഓൺ-സൈറ്റ് (അല്ലെങ്കിൽ വാക്ക്-ഇൻ) വാക്സിനേഷനിൽ, രജിസ്ട്രേഷൻ, വാക്സിനേഷൻ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൃഷ്ടിക്കൽ എന്നിവയ്ക്കുള്ള എല്ലാ നടപടികളും വാക്സിനേറ്റർ നിർവഹിക്കും.ഗുണഭോക്താവ്, ഇതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിവരങ്ങൾ   കൈമാറിയാൽ മാത്രം മതിയാകും.

കൂടാതെ,  ഗോത്ര ജില്ലകളിൽ, വാക്സിനേഷൻ നിരക്ക് ദേശീയ ശരാശരിയേക്കാൾ   മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 70 ശതമാനം വാക്സിനേഷൻ കേന്ദ്രങ്ങളും ഗ്രാമീണ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 26,000 ത്തിലധികവും ഉപആരോഗ്യ കേന്ദ്രങ്ങളിൽ 26,000 ത്തിലധികവും ഉൾപ്പെടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

****



(Release ID: 1729748) Visitor Counter : 377