പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 21 JUN 2021 7:22AM by PIB Thiruvananthpuram

നമസ്‌കാരം!
ഏവര്‍ക്കും ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!
ഇന്ന്, ലോകം മുഴുവന്‍ കൊറോണ മഹാവ്യാധിയോടു പോരാടുമ്പോള്‍, പ്രതീക്ഷയുടെ ഒരു കിരണമായി യോഗ തുടരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും ഇന്ത്യയിലും ഏകദേശം രണ്ട് വര്‍ഷമായി വലിയ പൊതു പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗ ദിനത്തോടുള്ള ആവേശം അല്‍പ്പംപോലും കുറഞ്ഞിട്ടില്ല. കൊറോണ ഉണ്ടായിരുന്നിട്ടും ഈ വര്‍ഷത്തെ യോഗ ദിന പ്രമേയമായ 'യോഗ ഫോര്‍ വെല്‍നസ്' എന്ന വിഷയം കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ യോഗയോടുള്ള ആവേശം വര്‍ദ്ധിപ്പിച്ചു. ഓരോ രാജ്യവും സമൂഹവും വ്യക്തിയും ആരോഗ്യത്തോടെ തുടരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, പരസ്പരം കരുത്താകാന്‍ എല്ലാവരും ഒത്തുചേരട്ടെ.
സുഹൃത്തുക്കളെ,
നമ്മുടെ ഋഷിമാര്‍ യോഗയെ '"समत्वम् योग उच्यते"എന്ന് വിളിച്ചിരുന്നു, അതായത്, എല്ലാ സാഹചര്യങ്ങളിലും ഉറച്ചുനില്‍ക്കുന്നു. സന്തോഷത്തിലും സങ്കടത്തിലും ദൃഢനിശ്ചയമുള്ള അവര്‍ ആത്മനിയന്ത്രണം യോഗയുടെ ഒരു മാനകമാക്കി. ഇന്ന് ഈ ആഗോള ദുരന്തത്തില്‍ യോഗ അത് തെളിയിച്ചിട്ടുണ്ട്. ഈ ഒന്നര വര്‍ഷത്തിനിടയില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടു.
സുഹൃത്തുക്കളെ,
ലോകത്തിലെ മിക്ക രാജ്യങ്ങളിലും യോഗാ ദിനം പഴയ സാംസ്‌കാരിക ഉത്സവമല്ല. ഈ പ്രയാസകരമായ സമയത്ത് ആളുകള്‍ക്ക് അത് എളുപ്പത്തില്‍ മറക്കാനും അവഗണിക്കാനും കഴിയും. എന്നാല്‍ നേരെ മറിച്ച്, യോഗയോടുള്ള ആവേശവും സ്‌നേഹവും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലക്ഷക്കണക്കിനു പേരാണ് യോഗയെ കുറിച്ച് അറിയാന്‍ ശ്രമിച്ചത്. എല്ലാവരും സംയമനവും അച്ചടക്കവും എന്ന് പറയപ്പെടുന്ന യോഗയുടെ ആദ്യ പര്യായം അവരുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.
സുഹൃത്തുക്കളെ,
കൊറോണയുടെ അദൃശ്യ വൈറസ് ലോകത്തെ ബാധിച്ചപ്പോള്‍ ഒരു രാജ്യവും അതിനെ നേരിടാന്‍ തയ്യാറെടുത്തിരുന്നില്ല. ശേഷിയുടെ കാര്യത്തിലായാലും വിഭവങ്ങളുടെ കാര്യത്തിലായാലും മനശ്ശക്തിയുടെ കാര്യത്തിലായാലും തയ്യാറെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തിന്റെ മികച്ച മാധ്യമമായി യോഗ മാറിയതായി നാം കണ്ടു. ഈ രോഗത്തിനെതിരെ പോരാടുന്നതിന് ആത്മവിശ്വാസം ആര്‍ജിക്കാന്‍ ആളുകളെ യോഗ സഹായിച്ചു.
ഞാന്‍ മുന്‍നിര യോദ്ധാക്കളോടും ഡോക്ടര്‍മാരോടും സംസാരിക്കുമ്പോള്‍, കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ യോഗയെയും തങ്ങള്‍ സംരക്ഷണ കവചമാക്കി മാറ്റിയതായി അവര്‍ പറയുന്നു. ഡോക്ടര്‍മാരും യോഗയിലൂടെ തങ്ങളെത്തന്നെ ശക്തരാക്കി. മാത്രമല്ല രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്തു. ഇന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ യോഗ പഠിപ്പിക്കുന്ന ആശുപത്രികളില്‍നിന്നു രോഗികള്‍  അനുഭവങ്ങള്‍ പങ്കിടുന്ന നിരവധി കഥകള്‍ കാണുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ 'പ്രാണായാമം', 'അനുലോമ-വിലോമം' തുടങ്ങിയ ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യവും ലോകത്തെങ്ങുമുള്ള വിദഗ്ധര്‍ ഊന്നിപ്പറയുന്നു.
സുഹൃത്തുക്കളെ,
മഹാനായ തമിഴ് ആചാര്യന്‍ തിരുവള്ളുവര്‍ പറഞ്ഞിട്ടുണ്ട്,"नोइ नाडी, नोइ मुदल नाडी, हदु तनिक्कुम, वाय नाडी वायपच्चयल" അതായത്, ഒരു രോഗമുണ്ടെങ്കില്‍ എന്താണ് അടിസ്ഥാന കാരണമെന്നു കണ്ടെത്തി ചികില്‍സ ഉറപ്പാക്കുക എന്ന്.
യോഗ ഈ വഴി കാണിച്ചുതരുന്നു. ഇന്ന് വൈദ്യശാസ്ത്രവും രോഗശാന്തിക്ക് തുല്യ പ്രാധാന്യം നല്‍കുന്നു. രോഗശാന്തി പ്രക്രിയയില്‍ യോഗ പ്രയോജനകരമാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ യോഗയുടെ ഈ വശത്തെക്കുറിച്ച് വിവിധ തരം ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
നമ്മുടെ ശരീരത്തിന് യോഗ പകരുന്ന ഗുണങ്ങളെക്കുറിച്ചും അത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടക്കുന്നു. ഇപ്പോള്‍ പല സ്‌കൂളുകളിലും, ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് 10-15 മിനുട്ട് കുട്ടികളെ യോഗ-പ്രാണായാമം പഠിപ്പിക്കുന്നതായി നാം കാണുന്നു. കൊറോണയ്ക്കെതിരെ പോരാടാന്‍ കുട്ടികളെ ശാരീരികമായി സജ്ജരാക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ മുനിമാര്‍ നമ്മെ പഠിപ്പിച്ചു-

व्यायामात् लभते स्वास्थ्यम्,

दीर्घ आयुष्यम् बलम् सुखम्।

आरोग्यम् परमम् भाग्यम्,

स्वास्थ्यम् सर्वार्थ साधनम् ॥

അതായത്, യോഗ ചെയ്യുന്നതിലൂടെ നമുക്ക് നല്ല ആരോഗ്യം ലഭിക്കുന്നു, കരുത്തും ദീര്‍ഘായുസ്സുള്ള ജീവിതവും ലഭിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ആരോഗ്യം ഏറ്റവും വലിയ ഭാഗ്യമാണ്. ആരോഗ്യമാണ് വിജയത്തിന് അടിസ്ഥാനം. ഇന്ത്യയിലെ ഋഷിമാര്‍ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഉദ്ദേശിക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല. അതുകൊണ്ടാണ് ശാരീരിക ആരോഗ്യത്തിനൊപ്പം യോഗയില്‍ മാനസികാരോഗ്യത്തിന് വളരെയധികം ഊന്നല്‍ നല്‍കുന്നത്. നാം 'പ്രാണായാമം' ചെയ്യുമ്പോള്‍, ധ്യാനിക്കുകയും മറ്റ് യോഗാഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍, ആന്തരിക ബോധം അനുഭവപ്പെടുന്നു. ലോകത്തിന്റെ ഒരു പ്രശ്‌നത്തിനും നിഷേധാത്മകതയ്ക്കും നമ്മെ തകര്‍ക്കാന്‍ കഴിയാത്തവിധം ശക്തമായ നമ്മുടെ ആന്തരിക ശക്തി യോഗയിലൂടെ അനുഭവിക്കുന്നു. സമ്മര്‍ദ്ദത്തില്‍ നിന്ന് കരുത്തിലേക്കും നാശോന്‍മുഖതയില്‍ നിന്ന് സര്‍ഗ്ഗാത്മകതയിലേക്കും ഉള്ള വഴി യോഗ നമുക്ക് കാണിച്ചുതരുന്നു. വിഷാദത്തില്‍ നിന്ന് നിര്‍വൃതിയിലേക്കും നിര്‍വൃതിയില്‍ നിന്ന് അനുഗ്രഹത്തിലേക്കും യോഗ നമ്മെ കൊണ്ടുപോകുന്നു.
സുഹൃത്തുക്കളെ,
വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് യോഗ നമ്മോട് പറയുന്നു. എന്നാല്‍ നമുക്ക് ഉള്ളില്‍ അനന്തമായ പരിഹാരങ്ങളുണ്ട്. നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സാണ് നാം. പല വിഭജനങ്ങളും ഉള്ളതിനാല്‍ ഈ ഊര്‍ജ്ജം നമുക്ക് മനസ്സിലാകുന്നില്ല. ചില സമയങ്ങളില്‍, ആളുകളുടെ ജീവിതം തടവിലാകുുന്നു. ഈ ഭിന്നതകള്‍ മൊത്തത്തിലുള്ള വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നു. തടവില്‍ നിന്ന് യോജിക്കുന്നതിലേക്കുള്ള മാറ്റം യോഗയാണ്. ഏകത്വത്തിന്റെ തിരിച്ചറിവ് അനുഭവിക്കാനുള്ള തെളിയിക്കപ്പെട്ട മാര്‍ഗ്ഗം യോഗയാണ്. മഹാനായ ഗുരുദേവ് ടാഗോറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഉദ്ധരിക്കട്ടെ: 'നമ്മുടെ സ്വത്വത്തിന്റെ അര്‍ത്ഥം ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള വേര്‍തിരിക്കലിലൂടെയല്ല, മറിച്ച് യോഗയുടെ, ഐക്യത്തിന്റെ നിരന്തരമായ തിരിച്ചറിവിലൂടെയാണ് കണ്ടെത്തേണ്ടത്.'
കാലങ്ങളായി ഇന്ത്യ പിന്തുടര്‍ന്നുവരുന്ന वसुधैव कुटुम्बकम्’ മന്ത്രത്തിന് ആഗോള സ്വീകാര്യത ലഭിച്ചുവരികയാണ്.
നാമെല്ലാവരും പരസ്പര ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു, മാനവികതയ്ക്ക് ഭീഷണിയുണ്ടെങ്കില്‍, യോഗ പലപ്പോഴും സമഗ്ര ആരോഗ്യത്തിന് ഒരു വഴി നല്‍കുന്നു. യോഗ നമുക്ക് സന്തോഷകരമായ ഒരു ജീവിത രീതി നല്‍കുന്നു. യോഗ അതിന്റെ പ്രതിരോധം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ തന്നെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ സൃഷ്ടിപരമായ പങ്കു വഹിക്കും.
സുഹൃത്തുക്കളെ,
ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അന്താരാഷ്ട്ര യോഗാ ദിനം നിര്‍ദ്ദേശിച്ചതിനുള്ള പിന്നിലുള്ള ചിന്ത യോഗ ശാസ്ത്രം ലോകമെമ്പാടും ലഭ്യമാക്കുക എന്നതായിരുന്നു. ഇന്ന്, ഐക്യരാഷ്ട്രസഭയുമായും ലോകാരോഗ്യ സംഘടനയുമായും ചേര്‍ന്ന് ഈ ദിശയില്‍ ഇന്ത്യ മറ്റൊരു സുപ്രധാന ചുവടു വെച്ചു.
ഇപ്പോള്‍ ലോകം എം-യോഗ ആപ്ലിക്കേഷന്റെ കരുത്തു സ്വന്തമാക്കാന്‍ പോവുകയാണ്. ഈ അപ്ലിക്കേഷനില്‍, യോഗ പരിശീലനത്തിന്റെ നിരവധി വീഡിയോകള്‍ സാധാരണ യോഗ പ്രോട്ടോകോളിനെ അടിസ്ഥാനമാക്കി ലോകത്തിലെ വിവിധ ഭാഷകളില്‍ ലഭ്യമാകും. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. ലോകമെമ്പാടും യോഗ വികസിപ്പിക്കുന്നതിലും വണ്‍ വേള്‍ഡ്, വണ്‍ ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ വിജയകരമാക്കുന്നതിലും എം-യോഗ ആപ്ലിക്കേഷന്‍ വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഗീതയില്‍ പറഞ്ഞിട്ടുണ്ട് :

तं विद्याद् दुःख संयोग-

वियोगं योग संज्ञितम्।

അതായത്, കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് യോഗ. എല്ലാവരെയും ഒപ്പം കൂട്ടിക്കൊണ്ട് യോഗ എന്ന മനുഷ്യത്വത്തിന്റെ ഈ യാത്ര നാം മുന്നോട്ട് കൊണ്ടുപോകണം. സ്ഥലം, സാഹചര്യം, പ്രായം എന്നിവ എന്തു തന്നെയായാലും യോഗയില്‍ തീര്‍ച്ചയായും എല്ലാവര്‍ക്കുമായി ചില പരിഹാരങ്ങളുണ്ട്. ഇന്ന് യോഗയെക്കുറിച്ച് ജിജ്ഞാസയുള്ളവരുടെ എണ്ണം ലോകത്ത് വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും വിദേശത്തുമുള്ള യോഗ സ്ഥാപനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, അതിന്റെ അടിസ്ഥാനവും തനിമയും നിലനിര്‍ത്തിക്കൊണ്ട് യോഗയുടെ അടിസ്ഥാന തത്ത്വചിന്ത ഓരോ വ്യക്തിയിലും എത്തിച്ചേരേണ്ടത് ആവശ്യമാണ്. ഈ പ്രവൃത്തി യോഗയുമായി ബന്ധപ്പെട്ട ആളുകള്‍, യോഗാചാര്യന്‍മാര്‍, യോഗ പ്രചാരകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെയ്യേണ്ടത്. യോഗ സംബന്ധിച്ച പ്രതിജ്ഞ നാം തന്നെ ഏറ്റെടുക്കണം, മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവരെ ഈ പ്രതിജ്ഞയുമായി ബന്ധിപ്പിക്കുകയും വേണം. 'സഹകരണത്തിനായി യോഗ' എന്ന ഈ മന്ത്രം ഒരു പുതിയ ഭാവിയിലേക്കുള്ള വഴി കാണിച്ചുതരികയും മാനവികതയെ ശാക്തീകരിക്കുകയും ചെയ്യും.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ നിങ്ങള്‍ക്കും മുഴുവന്‍ മനുഷ്യ വര്‍ഗത്തിനും ആശംസകള്‍ നേരുന്നു.
ഒത്തിരി നന്ദി!

 

***



(Release ID: 1729177) Visitor Counter : 368