പ്രധാനമന്ത്രിയുടെ ഓഫീസ്
വിവടെക്കിന്റെ 5-ാംപതിപ്പിലെ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ മലയാളംപരിഭാഷ
Posted On:
16 JUN 2021 4:20PM by PIB Thiruvananthpuram
ആദരണീയന്‍, എന്റെ നല്ല സുഹൃത്ത് പ്രസിഡന്റ് മാക്രോണ്‍,
പബ്ലിസിസ് ഗ്രൂപ്പ് ചെയര്‍മാന്‍ മിസ്റ്റര്‍. മൗറീസ് ലെവി,
ലോകമെമ്പാടുമുള്ള പങ്കാളികളെ,
നമസ്‌തേ!
ബുദ്ധിമുട്ടേറിയ ഈ സമയത്ത് വിവടെക് വിജയകരമായി സംഘടിപ്പിച്ചതിന് സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
ഫ്രാന്‍സിന്റെ സാങ്കേതിക കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വേദി. വിവിധങ്ങളായ വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റലും സാങ്കേതികവിദ്യയും ഇവയില്‍ സഹകരണത്തിന്റെ ഉയര്‍ന്നുവരുന്ന മേഖലകളാണ്. ഇത്തരം സഹകരണം കൂടുതല്‍ വളരണമെന്നത് കാലത്തിന്റെ ആവശ്യമാണ്. ഇത് നമ്മുടെ രാജ്യങ്ങളെ മാത്രമല്ല, ലോകത്തെയും വലിയ തോതില്‍ സഹായിക്കും.
നിരവധി യുവാക്കള്‍ ഫ്രഞ്ച് ഓപ്പണ്‍ വളരെ ആവേശത്തോടെയാണ് കണ്ടത്. ഇന്ത്യയുടെ സാങ്കേതികവിദ്യാ കമ്പനികളിലൊന്നായ ഇന്‍ഫോസിസാണ് ടൂര്‍ണമെന്റിന് സാങ്കേതിക പിന്തുണ നല്‍കിയത്. അതുപോലെ, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതിയില്‍ ഫ്രഞ്ച് കമ്പനി അറ്റോസും ഏര്‍പ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ കാപ്‌ഗെമിനി ആയാലും ഇന്ത്യയുടെ ടി.സി.എസും വിപ്രോയും ആയാലും, നമ്മുടെ വിവരസാങ്കേതികവിദ്യാ പ്രതിഭകള്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും പൗരന്മാര്‍ക്കും സേവനം നല്‍കുന്നുണ്ട്.
സുഹൃത്തുക്കളെ,
ദൃഢവിശ്വാസം പരാജയപ്പെടുന്നിടത്ത്, നൂതനാശങ്ങള്‍ക്ക് സഹായിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ ആഗോള മഹാമാരിയായ കോവിഡ്-19 ന്റെ സമയത്ത് ഇത് കാണാനായി.
എല്ലാ രാജ്യങ്ങള്‍ക്കും നഷ്ടം സംഭവിക്കുകയും ഭാവിയെക്കുറിച്ച് ഉത്കണ്ഠ അനുഭവപ്പെടുകയും ചെയ്തു. കോവിഡ്-19 നമ്മുടെ നിരവധി പരമ്പരാഗത രീതികളെ പരീക്ഷിച്ചു എന്നിരിക്കുമ്പോള്‍ നൂതനാശയമാണ് നമ്മുടെ രക്ഷയ്ക്ക് എത്തിയത്. നൂതനാശയം എന്നതിലൂടെ ഞാന്‍ പരാമര്‍ശിക്കുന്നത് :
മഹാമാരിക്ക് മുമ്പുള്ള നൂതനാശയം
മഹാമാരിയുടെ കാലത്തെ നൂതനാശയം. എന്നിവയെയാണ്.
മഹാമാരിക്ക് മുമ്പുള്ള നൂതനാശയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, മഹാമാരിയുടെ സമയത്ത് നമ്മളെ സഹായിച്ച നിലനില്‍ക്കുന്ന മുന്‍കാല മുന്നേറ്റങ്ങളെയാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. നേരിടാനും ബന്ധിപ്പിക്കാനും ആശ്വസിപ്പിക്കാനും സാന്ത്വനപ്പെടുത്താനും ഡിജിറ്റല്‍ സാങ്കേതികവിദ്യ നമ്മെ സഹായിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ക്ക് പ്രവര്‍ത്തിക്കാനും പ്രിയപ്പെട്ടവരുമായി സംസാരിക്കാനും മറ്റുള്ളവരെ സഹായിക്കാനും കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കാന്‍ ഇന്ത്യയുടെ സാര്‍വത്രികവും സവിശേഷവുമായ ബയോ മെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമായ- ആധാര്‍ ഞങ്ങളെ സഹായിച്ചു. ഞങ്ങള്‍ക്ക് 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാനും നിരവധി കുടുംബങ്ങള്‍ക്ക് പാചക-ഇന്ധന സബ്‌സിഡികള്‍ നല്‍കാനും കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി രണ്ട് പൊതു ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതികളായ സ്വയം, ദീക്ഷ എന്നിവ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടെ ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
രണ്ടാമത്തെ ഭാഗം, മഹാമാരിക്കാലത്തെ നൂതനാശയം എന്നത് അവസരത്തിനൊത്ത് മാനവികത ഉയര്‍ന്നുവന്നതും അതിനെതിരായ പോരാട്ടം കൂടുതല്‍ കാര്യക്ഷമമാക്കിയതുമാണ് പരാമര്‍ശിക്കാനുള്ളത്. ഇതില്‍, ഞങ്ങളുടെ സ്റ്റാര്‍ട്ട്-അപ്പ് മേഖലയുടെ പങ്ക് പരമപ്രധാനമാണ്. ഞാന്‍ നിങ്ങള്‍ക്ക് ഇന്ത്യയുടെ ഉദാഹരണങ്ങള്‍ നല്‍കാം. മഹാമാരി ഞങ്ങളുടെ തീരത്ത് എത്തുമ്പോള്‍, ഞങ്ങളുടെ പരിശോധന ശേഷി അപര്യാപ്തവും മാസ്‌കുകള്‍, പി.പി.ഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷണ്‍ ഇക്യുപ്പ്‌മെന്റ്), വെന്റിലേറ്ററുകള്‍, അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ കുറവും ഉണ്ടായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതില്‍ നമ്മുടെ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിച്ചു. ഞങ്ങളുടെ ഡോക്ടര്‍മാര്‍ ടെലി-മെഡിസിന്‍ വലിയ രീതിയില്‍ സ്വീകരിച്ചു, അതിനാല്‍ ചില കോവിഡ് കേസുകളും മറ്റ് കോവിഡ് ഇതര പ്രശ്‌നങ്ങളും വെര്‍ച്ച്വലായി പരിഹരിക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ നിര്‍മ്മിച്ചു, കൂടുതല്‍ എണ്ണം വികസനത്തിന്റെ അല്ലെങ്കില്‍ ട്രയല്‍ ഘട്ടത്തിലാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും നമ്മുടെ തദ്ദേശീയ ഐ.ടി പ്ലാറ്റ്‌ഫോമായ ആരോഗ്യ-സേതു ഫലപ്രദമായ സമ്പര്‍ക്ക കണ്ടെത്തല്‍ നടപ്പാക്കി. ഇതിനകം ദശലക്ഷക്കണക്കിനാളുകള്‍ക്ക് നമ്മുടെ കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വാക്‌സിന്‍ ഉറപ്പുവരുത്താന്‍ സഹായിച്ചു. ഞങ്ങള്‍ക്ക് നൂതനാശമില്ലായിരുന്നുവെങ്കില്‍, കോവിഡ്-19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടം വളരെ ദുര്‍ബലമാകുമായിരുന്നു. ഈ നൂതന തീക്ഷ്ണത നാം ഉപേക്ഷിക്കാന്‍ പാടില്ല, അങ്ങനെയാണെങ്കില്‍ അടുത്ത വെല്ലുവിളി ഉയരുമ്പോള്‍ അതിനെ നേരിടാന്‍ നമ്മള്‍ കൂടുതല്‍ നല്ലരീതിയില്‍ തയാറായിരിക്കും.
സുഹൃത്തുക്കളെ,
സാങ്കേതികവിദ്യയുടെയും സ്റ്റാര്‍ട്ടപ്പിന്റെയും ലോകത്ത് ഇന്ത്യയുടെ മുന്നേറ്റം എല്ലാവര്‍ക്കും നല്ലതുപോലെ അറിയാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. നിരവധി യൂണികോണ്‍ കമ്പനികള്‍ സമീപ വര്‍ഷങ്ങളില്‍ വന്നിട്ടുണ്ട്. നൂതനാശയക്കാര്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടത് എന്താണോ അത് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. പ്രതിഭ, വിപണി, മൂലധനം, പരിസ്ഥിതി, തുറന്നസംസ്‌ക്കാരം എന്നീ അഞ്ച് തൂണുകളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഞാന്‍ ലോകത്തെ ക്ഷണിക്കുന്നു.
ഇന്ത്യന്‍ സാങ്കേതികവിദ്യ പ്രതിഭാ (ടെക്-ടാലന്റ്) പൂള്‍ ലോകമെമ്പാടും പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും സമ്മര്‍ദ്ദകരമായ ചില പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യന്‍ യുവാക്കള്‍ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഇന്ത്യക്ക് 1.18 ബില്യണ്‍ മൊബൈല്‍ ഫോണുകളും 775 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുമുണ്ട്. ഇത് നിരവധി രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഇന്ത്യയിലെ ഡാറ്റാ ഉപഭോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്നതും വിലകുറഞ്ഞതുമാണ്. സാമൂഹികമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇന്ത്യക്കാരാണ്. വൈവിധ്യമാര്‍ന്നതും വിപുലവുമായ ഒരു വിപണി ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
സുഹൃത്തുക്കളെ,
അത്യാധുനിക പൊതു ഡിജിറ്റല്‍ പശ്ചാത്തലം സൃഷ്ടിച്ചാണ് ഈ ഡിജിറ്റല്‍ വിപുലീകരണം നടത്തിയിരിക്കുന്നത്. ഇതിനകം തന്നെ ഞങ്ങളുടെ ഒരു ലക്ഷത്തി അമ്പതിനാറായിരം ഗ്രാമ കൗണ്‍സിലുകളെ അഞ്ഞൂറ്റി ഇരുപത്തി മൂവായിരം കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകഴിഞ്ഞു. വരുംകാലങ്ങളില്‍ ഇനിയും കുടുതല്‍ ബന്ധിപ്പിക്കും. രാജ്യത്തുടനീളം പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ വരികയാണ്. അതുപോലെതന്നെ, നൂതനാശയ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടല്‍ ഇന്നൊവേഷന്‍ മിഷനു കീഴില്‍ ഏഴായിരത്തി അഞ്ഞൂറ് സ്‌കൂളുകളില്‍ അത്യാധുനിക നൂതനാശയ ലാബുകളുണ്ട്. ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പം നിരവധി ഹാക്കത്തോണുകളില്‍ പങ്കെടുക്കുന്നുമുണ്ട്. ഇത് ആഗോള പ്രതിഭകളോടും മികച്ച സമ്പ്രദായങ്ങളോടും അവര്‍ക്ക് വളരെ ആവശ്യമുള്ള സമ്പക്കമുണ്ടാക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, വിവിധ മേഖലകളില്‍ നമ്മള്‍ വളരെയധികം തടസ്സങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അതില്‍ ഭൂരിഭാഗവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും, തടസ്സപ്പെടുത്തല്‍ എന്നത് നിരാശയെന്ന് അര്‍ത്ഥമാക്കുന്നില്ല. അതിനുപകരം, അറ്റകുറ്റപ്പണിയും തയാറെടുപ്പും എന്ന ഇരട്ട അടിത്തറയിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ലോകം ഒരു വാക്‌സിന്‍ തേടുകയായിരുന്നു. ഇന്ന്, നമുക്ക് കുറേയുണ്ട്. അതുപോലെ, നമുക്ക് നമ്മുടെ ആരോഗ്യ പശ്ചാത്തലസൗകര്യങ്ങളേയും സമ്പദ്‌വ്യവസ്ഥയും നന്നാക്കുന്നത് തുടരണം. ഖനനമായിക്കോട്ടെ, ബഹിരാകാശമാകട്ടെ, ബാങ്കിംഗോ ആണവോര്‍ജ്ജമോ തുടങ്ങി നിരവധി മേഖലകളില്‍ നമ്മള്‍ ഇന്ത്യയില്‍ വലിയ പരിഷ്്ക്കാരങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയുടെ മദ്ധ്യത്തില്‍പോലും ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ പൊരുത്തപ്പെടാവുന്നതും ചടുലവുമാണെന്നാണ് ഇത് കാണിക്കുന്നത്. ഞാന്‍ തയാറെടുപ്പ് എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് അടുത്ത മഹാമാരിയില്‍ നിന്നും നമ്മുടെ ഗ്രഹത്തെ അകറ്റിനിര്‍ത്തുകയെന്നതാണ്. പാരിസ്ഥിതിക തകര്‍ച്ച തടയുന്ന സുസ്ഥിരമായ ജീവിതശൈലിയില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. മുന്നോട്ടുള്ള ഗവേഷണത്തിനും നൂതനാശയത്തിനുമുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
കൂട്ടായ മനോഭാവത്തോടെയും മനുഷിക കേന്ദ്രീകൃത സമീപനത്തിലൂടെയും മാത്രമേ നമ്മുടെ ഗ്രഹം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ കഴിയൂകയുള്ളു. ഇതിനായുള്ള നേതൃത്വം ഏറ്റെടുക്കാന്‍ ഞാന്‍, സ്റ്റാര്‍ട്ടപ്പ് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. സ്റ്റാര്‍ട്ട്-അപ്പ് മേഖലകളില്‍ യുവത്വത്തിനാണ് ആധിപത്യം. പഴയകാല ഭാണ്ഡങ്ങളില്‍ നിന്ന് മുക്തമായ ആളുകള്‍ ഇവര്‍. ആഗോള പരിവര്‍ത്തനത്തിന് നല്ല സാമര്‍ത്ഥ്യമുള്ളവരാണവര്‍. ആരോഗ്യപരിരക്ഷ, മാലിന്യ ചംക്രമണം, കൃഷി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിവിദ്യകളും പഠനത്തിന്റെ പുതിയ കാല സാമഗ്രികളേയും പോലുള്ള മേഖലകളില്‍ നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ പര്യവേഷണം നടത്തണം.
സുഹൃത്തുക്കളെ,
ഒരു തുറന്ന സമൂഹവും സമ്പദ്‌വ്യവസ്ഥയും എന്ന നിലയിലും, അന്താരാഷ്ട്ര സംവിധാനത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രമെന്ന നിലയിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പങ്കാളിത്തം പ്രധാനമാണ്. ഞങ്ങളുടെ പ്രധാന പങ്കാളികളില്‍ ഫ്രാന്‍സും യൂറോപ്പും ഉള്‍പ്പെടുന്നു. പ്രസിഡന്റ് മാക്രോണുമായുള്ള എന്റെ സംഭാഷണത്തിലും, മേയ് മാസത്തില്‍ പോര്‍ട്ടോയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഞാന്‍ നടത്തിയ ഉച്ചകോടിയിലും, സ്റ്റാര്‍ട്ട്-അപ്പുകള്‍ മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെയുള്ള ഡിജിറ്റല്‍ പങ്കാളിത്തം ഒരു പ്രധാന മുന്‍ഗണനയായി ഉയര്‍ന്നു വന്നിരുന്നു. പുതിയ സാങ്കേതികവിദ്യയിലെ നേതൃത്വം സാമ്പത്തിക കരുത്തിലേയ്ക്കും തൊഴിലിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിക്കുന്നു വെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ പങ്കാളിത്തം മാനവികതയുടെ സേവനമെന്ന ഒരു വലിയ ഉദ്ദേശ്യത്തിനായും പ്രവര്‍ത്തിക്കണം. ഈ മഹാമാരി നമ്മുടെ പ്രതിരോധത്തിന്റെ മാത്രമല്ല, നമ്മുടെ ഭാവനയുടെ കൂടിയുള്ള ഒരു പരീക്ഷണമാണ്. എല്ലാവര്‍ക്കുമായി കൂടുതല്‍ സമഗ്രവും കരുതലുള്ളതും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരവുമാണിത്. പ്രസിഡന്റ് മാക്രോണിനെപ്പോലെ, ശാസ്ത്രത്തിന്റെ ശക്തിയിലും ആ ഭാവി കൈവരിക്കാന്‍ നമ്മളെ സഹായിക്കുന്ന നൂതനാശയങ്ങളുടെ സാദ്ധ്യതകളിലും എനിക്കും വിശ്വാസമുണ്ട്.
******
(Release ID: 1727649)
Visitor Counter : 250
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada