ബഹിരാകാശ വകുപ്പ്‌

  ഈ വർഷം ഒക്ടോബറിൽ ദുബായിൽ നടക്കാനിരിക്കുന്ന വേൾഡ് എക്‌സ്‌പോയിൽ ഇന്ത്യയുടെ ബഹിരാകാശ ശേഷിയുടെ വ്യാപ്തി മുഴുവൻ ശോഭയോടെ പ്രദർശിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 14 JUN 2021 5:19PM by PIB Thiruvananthpuram



ന്യൂഡൽഹി ,ജൂൺ 14,2021



ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ ശേഷിയും വിജയഗാഥയും പ്രദർശിപ്പിക്കുന്നത് ലോകത്തെ  പ്രചോദിപ്പിക്കുക മാത്രമല്ല, ഭാവിയിൽ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും എങ്ങനെ ആസൂത്രണം ചെയ്യാമെന്നതിനെക്കുറിച്ചുള്ള അറിവുകൾ അവർക്ക്  പകർന്നു നൽകുകയും ചെയ്യുമെന്ന് കേന്ദ്ര  ആണവവോർജ്ജ, ബഹിരാകാശ സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യൻ സ്പേസ്  റീസേർച്ച് ഓർഗനൈസേഷന്റെയും (ISRO-Indian Space Research Organization) ബഹിരാകാശ വകുപ്പിന്റെയും നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരിക്കുന്ന, ദുബായിലെ വേൾഡ് എക്‌സ്‌പോയെക്കുറിച്ച് ഡോ. ജിതേന്ദ്ര സിങ്ങിനെ ധരിപ്പിക്കാനായി, മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും FICCI അംഗങ്ങളും ഒത്തു ചേർന്ന യോഗത്തിൽ, ഇന്ത്യയുടെ ബഹിരാകാശ ദർശനത്തെ വിതരണാധിഷ്ഠിത സമീപനത്തിൽ നിന്ന് ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിലൂടെയുള്ള ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്ക് പരിവർത്തനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഭാവി തലമുറയെ ഈ മേഖലയുടെ  സാധ്യതകളിലേക്ക്  ആകർഷിക്കുന്നതും അവരുടെ ശേഷി പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമിട്ട്  ഗവേഷണം-വികസനം, അത്യാധുനിക സാങ്കേതികവിദ്യ, ബഹിരാകാശ രംഗത്തെ പുതുസങ്കേതങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, മനുഷ്യന്റെ ബഹിരാകാശ യാത്ര തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള നീക്കം വിപ്ലവകരമായ നടപടിയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് ഒരു മത്സരാധിഷ്ഠിത ബഹിരാകാശ വിപണിയാക്കി ഇന്ത്യയെ മാറ്റുമെന്ന് മാത്രമല്ല ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കുമെന്നും  ചെയ്യും.

കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ബഹിരാകാശ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യവികസനത്തിനും സാധാരണ പൗരന്മാർക്ക് ജീവിതസൗകര്യങ്ങൾ ലഭ്യമാക്കാനും സഹായകമായിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് ദുബായിൽ വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഏകദേശം അതെ കാലയളവിലാണ് എക്സ്പോ നടക്കുന്നത്. 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോയിൽ ബഹിരാകാശ സാങ്കേതികവിദ്യ ഉൾപ്പെടെ 11 പ്രമേയങ്ങളിലൂന്നിയായിരിക്കും ഇന്ത്യയുടെ പ്രദർശനം. “മനസ്സുകളെ ഇണക്കി ചേർക്കുന്നു, ഭവിഷ്യകാലം സൃഷ്ടിക്കുന്നു” എന്നതാണ് എക്സ്പോയുടെ തലവാചകം.

 
 
IE/SKY
 


(Release ID: 1727013) Visitor Counter : 333