നിതി ആയോഗ്‌

വികസനം കാക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പ്രത്യേക പദ്ധതിയെ അഭിനന്ദിച്ച് യുഎന്‍ഡിപി റിപ്പോര്‍ട്ട്; ഇത്തരം പദ്ധതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കണമെന്നും ശുപാര്‍ശ

Posted On: 11 JUN 2021 7:21PM by PIB Thiruvananthpuram

വികസനമാഗ്രഹിക്കുന്ന ജില്ലകള്‍ക്കായി നടത്തുന്ന പ്രത്യേക പദ്ധതിയെ (എഡിപി) അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭയുടെ വികസന പരിപാടി (യുഎന്‍ഡിപി). ഇന്നു പുറത്തിറക്കിയ സ്വതന്ത്ര മൂല്യനിര്‍ണയ റിപ്പോര്‍ട്ടിലാണ്, ഇന്ത്യയുടെ പ്രാദേശിക മേഖലകളുടെ വികസനത്തിന്റെ വിജയകരമായ മാതൃക യാണിതെന്ന് വിശേഷിപ്പിച്ചത്. ഈ മാതൃക ലോകത്തിന്റെ വിവിധ കോണുകളില്‍, വികസനത്തിലെ പ്രാദേശിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രയോജനപ്പെടുത്താനാകുന്നതാണെന്നും യുഎന്‍ഡിപി ശുപാര്‍ശ ചെയ്തു.

എഡിപിയുടെ കീഴില്‍ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ, ഒറ്റപ്പെട്ടയിടങ്ങളിലുള്ളതും ഇടതുതീവ്രവാദം ബാധിച്ചവയും ഉള്‍പ്പെടെയുള്ള, മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ജില്ലകളില്‍, 'കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മുമ്പത്തേക്കാള്‍ വളര്‍ച്ചയും വികാസവും അനുഭവപ്പെടുന്നു'. ഈ യാത്രയില്‍ ചില തടസ്സങ്ങള്‍ വന്നിട്ടും, 'പിന്നോക്ക ജില്ലകളില്‍ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍' എപിഡി വലിയ വിജയം കൈവരിച്ചു.

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവര്‍ക്ക് ഇന്ത്യയിലുള്ള യുഎന്‍ഡിപി പ്രതിനിധി ഷോക്കോ നോഡ, റിപ്പോര്‍ട്ട് കൈമാറി. ഇത് എഡിപിയുടെ പുരോഗതിയെക്കുറിച്ചു മനസ്സിലാക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ക്കായുള്ള ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്നു. പൊതുവായി ലഭ്യമായ വിവരങ്ങളുടെ വിശകലനവും, ജില്ലാ മജിസ്ട്രേറ്റുമാര്‍, കേന്ദ്ര പ്രഭാരി ഉദ്യോഗസ്ഥര്‍, ജില്ലാ അധികൃതര്‍, മറ്റ് വികസന പങ്കാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ കൂട്ടാളികളുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ആരോഗ്യവും പോഷകാഹാരവും; വിദ്യാഭ്യാസം; കൃഷിയും ജലസ്രോതസ്സുകളും; അടിസ്ഥാന സൗകര്യങ്ങള്‍; നൈപുണ്യവികസനവും സാമ്പത്തിക ഉള്‍പ്പെടുത്തലും എന്നിങ്ങനെ എഡിപിയുടെ അഞ്ച് പ്രധാന മേഖലകളിലെ യുഎന്‍ഡിപിയുടെ വിശകലനം, ജില്ലകളിലെ വികസനം ത്വരിതപ്പെടുത്തുന്നതിന് ഈ പരിപാടി ഉത്തേജകമായി മാറിയതായി കണ്ടെത്തി. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം എന്നിവയും ഒരു പരിധിവരെ കൃഷിയും ജലസ്രോതസ്സുകളും വന്‍ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടും മറ്റ് സൂചകങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിനായുള്ള സാധ്യതയാണ് കാണിക്കുന്നത്. 

വികസനം കാംക്ഷിക്കുന്ന ജില്ലകളും മറ്റു ജില്ലകളും താരതമ്യപ്പെടുത്തുമ്പോള്‍ എഡിപി ജില്ലകള്‍ മറ്റുള്ളവയെ മറികടന്നുവെന്നു കാണാം. ആരോഗ്യവും പോഷകാഹാരവും, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നീ മേഖലകള്‍ പരിഗണിക്കുമ്പോള്‍, വീടുകളിലെ 9.6 ശതമാനത്തിലധികം പ്രസവങ്ങളില്‍, വിദഗ്ധരായ പ്രസവശുശ്രൂഷകരുടെ സാന്നിധ്യം ഉണ്ടായതായി കണ്ടെത്തി. കഠിനമായ വിളര്‍ച്ചയുള്ള 5.8 ശതമാനത്തില്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നല്‍കി; വയറിളക്കം കണ്ടെത്തിയ 4.8 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളെ ചികിത്സിച്ചു; 4.5 ശതമാനത്തില്‍ കൂടുതല്‍ ഗര്‍ഭിണികള്‍ അവരുടെ ആദ്യ മൂന്നുമാസത്തിനുള്ളില്‍ പ്രസവപൂര്‍വ ബപരിചരണത്തിനായി രജിസ്റ്റര്‍ ചെയ്തു; പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാന്‍ മന്ത്രി സുരാക്ഷ ഭീമ യോജന, പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന എന്നിവ പ്രകാരം ഒരുലക്ഷം പേരില്‍ യഥാക്രമം 406 ഉം 847 ഉം കൂടുതല്‍ അംഗത്വം, 1580 പുതിയ അക്കൗണ്ടുകള്‍ എന്നിവ സജ്ജമാക്കി. ബിജാപൂരിലെയും ദന്തേവാഡയിലെയും 'മലേറിയ മുക്ത് ബസ്തര്‍ അഭിയാനും' യുഎന്‍ഡിപി ശുപാര്‍ശ ചെയ്യുന്നു. ഇത് ഈ ജില്ലകളിലെ മലേറിയ ബാധിതരുടെ എണ്ണത്തില്‍ യഥാക്രമം 71 ശതമാനവും 54 ശതമാനവും കുറയാനിടയാക്കി. ഇത് വികസനം ആഗ്രഹിക്കുന്ന ജില്ലകളില്‍ കാണപ്പെടുന്ന 'മികച്ച ശീലങ്ങളി'ലൊന്നാണ്. 

ആരോഗ്യവും പോഷകാഹാരക്കുറവും സംബന്ധിച്ച പരിപാടിയുടെ തുടര്‍ച്ചയായ മേല്‍നോട്ടം കോവിഡ് പ്രതിസന്ധിയെ കൂടുതല്‍ ഊര്‍ജസ്വലതയോടെ നേരിടാന്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാഹരണത്തിന്, 'അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിനും ആന്ധ്രയ്ക്കും അരികിലായി സ്ഥിതിചെയ്യുന്ന ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ല, അടച്ചുപൂട്ടലിന്റെ പ്രാരംഭ ഘട്ടത്തില്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനുള്ള പ്രവേശന കേന്ദ്രമായി മാറി. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി സ്ഥാപനസമ്പര്‍ക്ക വിലക്ക് കേന്ദ്രങ്ങളായി ഉപയോഗിച്ചതായി ജില്ലാ അധികൃതര്‍ അവകാശപ്പെട്ടു.'

തത്സമയ വിവര നിരീക്ഷണം, ഗവണ്‍മെന്റ് പരിപാടികളിലും പദ്ധതികളിലുമുള്ള കേന്ദ്രീകരണം, ഗണ്യമായ തോതില്‍ എഡിപിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് തുടങ്ങിയവ സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

ലക്ഷ്യങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് സംസ്ഥാന- പ്രാദേശിക ഗവണ്‍മെന്റുകള്‍, വികസന പങ്കാളികള്‍, പൗരന്മാര്‍ എന്നിവയുള്‍പ്പെടെ എല്ലാ കൂട്ടാളികളെയും ഒന്നിച്ച് കൊണ്ടുവരുന്നതിനായുള്ള പരിപാടിയുടെ തനതായ സഹകരണ സ്വഭാവവും റിപ്പോര്‍ട്ട് തിരിച്ചറിയുന്നു.  ഈ സുപ്രധാന ഘടകമാണ്, പഞ്ചായത്തുകള്‍, വിശ്വാസ-സമുദായ നേതാക്കള്‍, അതത് ജില്ലകളിലെ വികസന പങ്കാളികള്‍, എന്നിവരുമായി കൂട്ടുചേര്‍ന്ന് 'ശക്തമായ കോവിഡ്-19 പ്രതിരോധം കെട്ടിപ്പടുക്കുന്നതിനും മഹാമാരിയുടെ വെല്ലുവിളികളെ നേരിടാനും' ജില്ലാ കമ്മീഷണര്‍മാരെ സഹായിച്ചത്. 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉള്‍പ്പെടെ, രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വം പരിപാടിയോട് കാണിച്ച ശ്രദ്ധേയമായ പ്രതിബദ്ധതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2018-ല്‍ പരിപാടി ആരംഭിച്ചതുമുതല്‍, 'താഴെത്തട്ടില്‍ മികച്ച കാര്യങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍മാരെ പ്രധാനമന്ത്രി നിരന്തരം പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു'.

എഡിപിയുടെ സമീപനമായ മൂന്ന് ഘടകങ്ങള്‍, 'ഏകോപനം, മത്സരം, സഹകരണം' എന്നിവ വിലയിരുത്തുമ്പോള്‍, അഭിമുഖം ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും, 'പരിപാടിയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഇടുങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന അവസ്ഥ എന്നതില്‍ നിന്നു സമന്വയിപ്പിച്ച ആസൂത്രണത്തിലേക്കും നിര്‍വഹണത്തിലേക്കും മാറാനായതില്‍ ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.' അതുപോലെ, മികച്ച നിരീക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും  'മത്സരബുദ്ധി' സഹായകരമാണെന്ന് കണ്ടെത്തി. ജില്ലകളുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുരോഗതി നിരീക്ഷിക്കുന്നതിനും ഇത് ഒരു പ്രചോദന ഘടകമാണ്.

ഈ പരിപാടി, ജില്ലകളുടെ സാങ്കേതികവും ഭരണപരവുമായ കഴിവുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, 'എല്ലാ ജില്ലകളിലുമുള്ള എഡി ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ സാങ്കേതിക സഹായ യൂണിറ്റുകള്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്, അല്ലെങ്കില്‍ സാങ്കേതിക വൈദഗ്ദ്ധ്യം, നൈപുണ്യ പരിശീലനം മുതലായവ നല്‍കുന്നതിന് വികസന പങ്കാളികളുമായി സഹകരിക്കുക, എന്നിവ ഉള്‍പ്പെടെ, ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, 

പരിപാടിയുടെ 'ചാമ്പ്യന്‍സ് ഓഫ് ചേഞ്ച്' ഡാഷ്ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ഡെല്‍റ്റ റാങ്കിംഗിനെയും റിപ്പോര്‍ട്ട് അഭിനന്ദിച്ചു. ഇത് സൃഷ്ടിച്ച മത്സരബുദ്ധിയോടെയുള്ള ചലനാത്മകമായ സംസ്‌കാരം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ താഴ്ന്ന നിലയിലുള്ള നിരവധി ജില്ലകളെ (അടിസ്ഥാന റാങ്കിംഗ് അനുസരിച്ച്) വിജയകരമായി മുന്നോട്ട് നയിച്ചു. സിംദേഗ (ഝാര്‍ഖണ്ഡ്), ചന്ദൗലി (ഉത്തര്‍പ്രദേശ്), സോന്‍ഭദ്ര (ഉത്തര്‍പ്രദേശ്), രാജ്ഗഢ് (മധ്യപ്രദേശ്) എന്നിവയാണ് പരിപാടിയുടെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പുരോഗമിച്ചവ എന്നു കണ്ടെത്തി.

മികച്ച പരിശീലനങ്ങളായി പരിപാടിക്കു കീഴിലെ നിരവധി സംരംഭങ്ങളെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ പ്രധാനം അസമിലെ ഗോള്‍പാറ ജില്ലാ ഭരണകൂടം 'ദേശീയ, ആഗോള വിപണികളില്‍ ജില്ലയുടെ ഗ്രാമീണ, വംശീയ, കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി' ആരംഭിച്ച ഇ-കൊമേഴ്സ് പോര്‍ട്ടലായ ഗോള്‍മാര്‍ട്ടാണ്. കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് ഈ സംരംഭം കര്‍ഷകരെയും ചില്ലറ വ്യാപാരികളെയും ഇടത്തട്ടുകാരുടെ  പിടിയില്‍ നിന്ന് മോചിപ്പിച്ചു. ഗോള്‍പാറയുടെ കറുത്ത അരി ഈ പോര്‍ട്ടലില്‍ പ്രിയങ്കരമാണ് - മാത്രമല്ല ഇത് കര്‍ഷകര്‍ക്ക് വളരെയധികം ലാഭകരമാണെന്ന് തെളിയിക്കപ്പെട്ടു. സമാനമായി, ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ല ആഗോള വിപണികളില്‍ ഉയര്‍ന്ന ആവശ്യവും നല്ല ലാഭവും കാരണം കറുത്ത നെല്ല് കൃഷി ചെയ്യുന്നതു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഈ പദ്ധതി വിജയകരമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള കറുത്ത അരി ഇപ്പോള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും കയറ്റുമതി ചെയ്യുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ സൂചകമായി 'വീടുകളുടെ വൈദ്യുതീകരണം' പോലുള്ളവ മിക്ക ജില്ലകളും പൂര്‍ത്തിയാക്കുന്നതിനോ അല്ലെങ്കില്‍ ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനോ ആയുള്ള കുറച്ച് സൂചകങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ചില പങ്കാളികള്‍ എടുത്തുകാട്ടി. ശരാശരി, ജില്ലകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അപകടസാധ്യതകള്‍ കുറയുകയും ചെയ്തപ്പോള്‍, ഏറ്റവും താഴേക്കുപോയ ജില്ലകള്‍ അപകടസാധ്യതകളുടെ വര്‍ദ്ധനയ്ക്ക്  സാക്ഷ്യം വഹിച്ചു, ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

എസ്ഡിജികളുടെ സുപ്രധാന കാതലായ ''ആരെയും ഉപേക്ഷിക്കരുത്'' എന്ന തത്വവുമായി എഡിപി യോജിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ പ്രതിബദ്ധത പരിപാടിയുടെ ദ്രുതഗതിയിലുള്ള വിജയത്തിന് കാരണമായി'.

മൊത്തത്തില്‍, പരിപാടിയുടെ ഗുണപരമായ സ്വാധീനം വിലമതിക്കുകയും 'വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് റിപ്പോര്‍ട്ട്. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ ഇതുവരെ നേടിയ വേഗത നിലനിര്‍ത്തുകയും ചെയ്യുന്നു. മൂല്യനിര്‍ണ്ണയത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, പരിപാടിയുടെ വിജയം വിശകലനം ചെയ്ത്  മറ്റ് മേഖലകള്‍ക്കും ജില്ലകള്‍ക്കും പകര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നു'.

പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും എല്ലാവര്‍ക്കും സമഗ്ര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് 2018 ജനുവരിയില്‍ പ്രധാനമന്ത്രി വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പരിപാടി ആരംഭിച്ചത്. 'ഏവര്‍ക്കുമൊപ്പം ഏവര്‍ക്കും വികസനം'.

റിപ്പോര്‍ട്ട് ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.

*****



(Release ID: 1726408) Visitor Counter : 248