പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം

Posted On: 07 JUN 2021 7:49PM by PIB Thiruvananthpuram

നമസ്‌കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ! കൊറോണയുടെ രണ്ടാം തരംഗത്തിനെതിരായ നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ലോകത്തിലെ പല രാജ്യങ്ങളെയും പോലെ ഇന്ത്യയും ഈ പോരാട്ടത്തിനിടയില്‍ വളരെയധികം വേദന അനുഭവിച്ചു. നമ്മളില്‍ പലര്‍ക്കും ബന്ധുക്കളെയും പരിചയക്കാരെയും നഷ്ടപ്പെട്ടു. അത്തരത്തിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം.
സുഹൃത്തുക്കളെ,
കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയും ദുരന്തവുമാണിത്. ആധുനിക ലോകം അത്തരമൊരു പകര്‍ച്ചവ്യാധി കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. ഇത്രയും വലിയ ആഗോള മഹാവ്യാധിക്കെതിരെ നമ്മുടെ രാജ്യം പല മുന്നണികളിലും ഒരുമിച്ച് പോരാടി. ഒരു കോവിഡ് ആശുപത്രി പണിയുന്നത് മുതല്‍ ഐസിയു കിടക്കകളുടെ എണ്ണം കൂട്ടുന്നത് വരെയും ഇന്ത്യയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ ടെസ്റ്റിംഗ് ലാബുകളുടെ ഒരു വലിയ ശൃംഖല സൃഷ്ടിക്കുന്നത് വരെയും സഹകരിച്ച് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് പുതിയ ആരോഗ്യ അടിസ്ഥാന സൗകര്യം സൃഷ്ടിച്ചു. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം ഏപ്രില്‍, മെയ് മാസങ്ങളില്‍ അപ്രതീക്ഷിതമായി വര്‍ദ്ധിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത ഇത്രത്തോളം അളവില്‍ അനുഭവപ്പെട്ടിട്ടില്ല. ഈ ആവശ്യം നിറവേറ്റുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം നടന്നു. ഗവണ്‍മെന്റിന്റെ മുഴുവന്‍ സംവിധാനങ്ങളും അതില്‍ വ്യാപൃതമായിരുന്നു. ഓക്‌സിജന്‍ റെയിലുകള്‍ വിന്യസിച്ചു, വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കുകയും നാവിക സേനയെ വിന്യസിക്കുകയും ചെയ്തു. ദ്രാവക മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 മടങ്ങ് വര്‍ദ്ധിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ലഭ്യമായതെല്ലാം നേടാന്‍ എല്ലാ ശ്രമങ്ങളും നടത്തി. അതുപോലെ, അവശ്യ മരുന്നുകളുടെ ഉല്‍പാദനം പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് ലഭ്യമാകുന്നിടത്തുനിന്ന് കൊണ്ടുവരുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തുകയും ചെയ്തു.
സുഹൃത്തുക്കളെ,
കൊറോണയെപ്പോലുള്ള അദൃശ്യവും പരിവര്‍ത്തനം സംഭവിക്കുന്നതുമായ ശത്രുവിനെതിരായ പോരാട്ടത്തിലെ ഏറ്റവും ഫലപ്രദമായ ആയുധം കോവിഡ് പ്രോട്ടോക്കോള്‍, മാസ്‌കിന്റെ ഉപയോഗം, രണ്ട് യാര്‍ഡിന്റെ ദൂരം, മറ്റെല്ലാ മുന്‍കരുതലുകളും പാലിക്കല്‍ എന്നിവയാണ്. വാക്‌സിന്‍ ഈ പോരാട്ടത്തില്‍ നമുക്ക് ഒരു സംരക്ഷണ കവചം പോലെയാണ്. ഇന്ന് ലോകമെമ്പാടുമുള്ള വാക്‌സിനുകളുടെ ആവശ്യകതയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളും വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളും വളരെ കുറവാണ്. എണ്ണാവുന്നത്രയേ ഉള്ളൂ. നമ്മള്‍ ഇന്ത്യയില്‍ വാക്‌സിനുകള്‍ വികസിപ്പിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് എന്തു സംഭവിക്കുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. കഴിഞ്ഞ 50-60 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, ഇന്ത്യയ്ക്ക് വിദേശത്ത് നിന്ന് വാക്‌സിന്‍ ലഭിക്കാന്‍ പതിറ്റാണ്ടുകള്‍ എടുത്തിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. വിദേശത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടും നമ്മുടെ രാജ്യത്ത് വാക്‌സിനേഷന്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. പോളിയോ, വസൂരി, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകള്‍ക്കാകട്ടെ, നാട്ടുകാര്‍ പതിറ്റാണ്ടുകളായി കാത്തിരുന്നു. 2014ല്‍ നാട്ടുകാര്‍ ഞങ്ങള്‍ക്ക് സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയപ്പോള്‍, ഇന്ത്യയില്‍ വാക്‌സിനേഷന്‍ കവറേജ് 60 ശതമാനം മാത്രമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഇത് വളരെയധികം ആശങ്കാജനകമാണ്. ഇന്ത്യയുടെ രോഗപ്രതിരോധ പദ്ധതി പുരോഗമിച്ചുകൊണ്ടിരുന്ന നിരക്ക് പ്രകാരം 100% വാക്‌സിനേഷന്‍ കവറേജ് ലക്ഷ്യത്തിലെത്താന്‍ രാജ്യത്തിന് ഏകദേശം 40 വര്‍ഷമെടുക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഞങ്ങള്‍ മിഷന്‍ ഇന്ദ്രധനുഷ് ആരംഭിച്ചു. മിഷന്‍ ഇന്ദ്രധനുഷ് വഴി പ്രതിരോധ ഘട്ടത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആവശ്യമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ശ്രമിക്കുമെന്നും ഞങ്ങള്‍ തീരുമാനിച്ചു. നാം ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിച്ചു, വാക്‌സിനേഷന്‍ കവറേജ് വെറും 5-6 വര്‍ഷത്തിനുള്ളില്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയര്‍ന്നു. അതായത്, നാം വേഗതയും വാക്‌സിനേഷന്‍ പദ്ധതിയുടെ ലക്ഷ്യവും വര്‍ദ്ധിപ്പിച്ചു.
ജീവന്‍ അപകടപ്പെടുത്തുന്ന നിരവധി രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ വാക്‌സിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി നാം നിരവധി പുതിയ വാക്‌സിനുകള്‍ ഉണ്ടാക്കി. ഒരിക്കലും വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളെയും ദരിദ്രരെയും ദരിദ്രരുടെ മക്കളെയും കുറിച്ച്  ആശങ്കയുണ്ടായതിനാലാണ് നാം ഇത് ചെയ്തത്. കൊറോണ വൈറസ് നമ്മെ ബാധിച്ചപ്പോള്‍ നാം 100% വാക്‌സിനേഷന്‍ കവറേജിലേക്ക് നീങ്ങുകയായിരുന്നു. ഇത്രയും വലിയൊരു ജനസംഖ്യയെ എങ്ങനെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയും എന്നതിനെക്കുറിച്ച് രാജ്യത്ത് മാത്രമല്ല ലോകത്തും ആശങ്കയുണ്ടായിരുന്നു. സുഹൃത്തുക്കളേ, ഉദ്ദേശ്യം ശുദ്ധമാകുമ്പോള്‍, വ്യക്തമായ നയവും നിരന്തരമായ കഠിനാധ്വാനവുമുണ്ടെങ്കില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. എല്ലാ ആശങ്കകളും അവഗണിച്ച് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നല്ല, രണ്ട് 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സിനുകള്‍ പുറത്തിറക്കി. ഇന്ത്യ വികസിത രാജ്യങ്ങള്‍ക്ക് പിന്നിലല്ലെന്ന് നമ്മുടെ രാജ്യവും രാജ്യത്തെ ശാസ്ത്രജ്ഞരും തെളിയിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ രാജ്യത്ത് 23 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി.
സുഹൃത്തുക്കളെ,
ഇവിടെ ഒരു വിശ്വാസമുണ്ട് विश्वासेन सिद्धि: അതായത്, നമ്മില്‍ത്തന്നെ വിശ്വാസമുണ്ടാകുമ്പോള്‍ നമ്മുടെ പരിശ്രമങ്ങളില്‍ വിജയം ഉണ്ടാവുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ടായിരുന്നു. ഈ വിശ്വാസം കാരണം, നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ തിരക്കിലായിരിക്കുമ്പോള്‍, നാം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും മറ്റും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഏതാനും ആയിരക്കണക്കിന് കൊറോണ കേസുകള്‍ മാത്രമുള്ളപ്പോള്‍, ഒരേ സമയം വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയാം. എല്ലാവിധത്തിലും വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ഗവണ്‍മെന്റ് പിന്തുണച്ചു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സഹായം നല്‍കുകയും ഗവേഷണത്തിനും വികസനത്തിനും ധനസഹായം നല്‍കുകയും ചെയ്ത് എല്ലാ തലങ്ങളിലും ഗവണ്‍മെന്റ് തോളോട് തോള്‍ ചേര്‍ന്ന് നടന്നു.
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴില്‍ മിഷന്‍ കോവിഡ് സൂരക്ഷയിലൂടെ ആയിരക്കണക്കിന് കോടി രൂപ അവര്‍ക്ക് ലഭ്യമാക്കി. രാജ്യത്ത് വളരെക്കാലമായി തുടരുന്ന നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും കാരണം വാക്‌സിനുകളുടെ വിതരണം വരുംദിവസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കും. ഇന്ന് രാജ്യത്തെ ഏഴ് കമ്പനികള്‍ വ്യത്യസ്ത തരം വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നു. മൂന്ന് വാക്സിനുകളുടെ പരീക്ഷണം വിപുലമായ ഘട്ടത്തില്‍ നടക്കുന്നു. രാജ്യത്ത് വാക്‌സിനുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി വിദേശ കമ്പനികളില്‍ നിന്ന് വാക്‌സിനുകള്‍ വാങ്ങുന്ന പ്രക്രിയ ത്വരിതപ്പെടുത്തി. അടുത്ത കാലത്തായി, ചില വിദഗ്ധര്‍ നമ്മുടെ കുട്ടികളെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ദിശയിലും രണ്ട് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം നടക്കുന്നു. ഇതുകൂടാതെ, രാജ്യത്ത് ഒരു 'നാസല്‍' വാക്‌സിന്‍ സംബന്ധിച്ചും ഗവേഷണം നടക്കുന്നു. സിറിഞ്ചിന് പകരം അത് മൂക്കില്‍ ഉറ്റിക്കും. സമീപഭാവിയില്‍ ഈ വാക്‌സിന്‍ വിജയിക്കുകയാണെങ്കില്‍, ഇത് ഇന്ത്യയുടെ വാക്‌സിന്‍ പ്രചാരണത്തെ കൂടുതല്‍ ത്വരിതപ്പെടുത്തും.
സുഹൃത്തുക്കളെ,
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നത് മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഒരു വലിയ നേട്ടമാണ്. എന്നാല്‍ ഇതിനും പരിമിതികളുണ്ട്. വാക്‌സിന്‍ വികസിപ്പിച്ചതിനുശേഷവും, ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്, അതും സമ്പന്ന രാജ്യങ്ങളില്‍ മാത്രം. വാക്‌സിനേഷന്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ശാസ്ത്രജ്ഞര്‍ വാക്‌സിനേഷന്റെ രൂപരേഖ തയ്യാറാക്കി. മറ്റ് രാജ്യങ്ങളിലെ മികച്ച രീതികളുടെ അടിസ്ഥാനത്തിലും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും ഘട്ടം ഘട്ടമായി വാക്‌സിനേഷന്‍ നടത്താന്‍ ഇന്ത്യ തീരുമാനിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ വിവിധ യോഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളുടെ സഹപ്രവര്‍ത്തകരില്‍നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി ശ്രദ്ധിച്ചു. ഇതിനുശേഷം മാത്രമേ കൊറോണ നിമിത്തം കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കൂ എന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, 60 വയസ്സിന് മുകളിലുള്ള പൗരന്മാര്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ ലഭിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗത്തിന് മുമ്പ് നമ്മുടെ മുന്‍നിര തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? സങ്കല്‍പ്പിക്കുക; നമ്മുടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ആശുപത്രികള്‍ വൃത്തിയാക്കാന്‍ ജോലി ചെയ്യുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധ കുത്തിവയ്പ്പു നിമിത്തമാണ് മറ്റുള്ളവരെ പരിചരിക്കാനും ദശലക്ഷക്കണക്കിന് നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാനും അവര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ രാജ്യത്ത് കൊറോണ കേസുകള്‍ കുറയുന്നതിനിടയില്‍, വ്യത്യസ്ത നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മുമ്പാകെ വന്നു തുടങ്ങി. എന്തുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് എല്ലാം തീരുമാനിക്കുന്നത് എന്ന് ചോദിച്ചു. എന്തുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇളവ് നല്‍കാത്തത്? ലോക്ക്ഡൗണ്‍ ഇളവ് തീരുമാനിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളെ അനുവദിക്കാത്തത് എന്തുകൊണ്ട്? എല്ലാവരും തുല്യരല്ല എന്നതുപോലുള്ള അഭിപ്രായങ്ങളുമൊക്കെ സൃഷ്ടിച്ചു. ആരോഗ്യം പ്രാഥമികമായി ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് വാദിച്ചു. അതിനാല്‍, ഈ ദിശയില്‍ ഒരു തുടക്കം കുറിച്ചു. കേന്ദ്ര ഗവണ്‍മെന്റ് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസൃതമായി പ്രവര്‍ത്തിക്കാനായി അത് നല്‍കി. പ്രാദേശിക തലത്തില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, മൈക്രോ കണ്ടെയ്‌നര്‍ സോണുകള്‍ സൃഷ്ടിക്കുക, ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവ സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു.
സുഹൃത്തുക്കളെ,
ജനുവരി 16 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി പ്രധാനമായും കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലായിരുന്നു. എല്ലാവര്‍ക്കും സൗജന്യ വാക്‌സിനുകള്‍ നല്‍കുന്ന ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്. രാജ്യത്തെ പൗരന്മാരും അച്ചടക്കം പാലിക്കുകയും വാക്‌സിനേഷന്‍ എടുക്കുകയും ചെയ്തു. അതേസമയം, വാക്സിന്‍ വിതരണം വികേന്ദ്രീകൃതമാക്കി സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് നിരവധി സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുു. നിരവധി ശബ്ദങ്ങള്‍ ഉയര്‍ന്നു. വാക്‌സിനേഷനായി പ്രായപരിധി സൃഷ്ടിച്ചത് എന്തുകൊണ്ട്? മറുവശത്ത് ഒരാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് പ്രായപരിധി കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കേണ്ടത് എന്ന്. പ്രായമായവര്‍ക്ക് നേരത്തെ വാക്‌സിന്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വിവിധ സമ്മര്‍ദ്ദങ്ങളും സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളും ഇത് പ്രചാരണത്തിന്റെ രൂപത്തില്‍ നടത്തി.
സുഹൃത്തുക്കളെ,
വളരെയധികം ആലോചിച്ച ശേഷം, സംസ്ഥാന ഗവണ്‍മെന്റുകളും ശ്രമം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കേന്ദ്ര ഗവണ്‍മെന്റ് എന്തിന് എതിര്‍ക്കണം എന്ന തീരുമാനത്തിലെത്തി. സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്തും അവരുടെ അഭ്യര്‍ത്ഥന മനസ്സില്‍ വെച്ചുകൊണ്ടും ജനുവരി 16 മുതല്‍ പരീക്ഷണമായി തുടരുന്ന സംവിധാനത്തില്‍ ഒരു മാറ്റം വരുത്തി. സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് എന്നതിനാലും അവര്‍ക്ക് ഉത്സാഹമുണ്ട് എന്നതിനാലും 25 ശതമാനം ജോലികള്‍ അവര്‍ക്ക് നല്‍കാമെന്നു ഞങ്ങള്‍ കരുതി. തല്‍ഫലമായി, മെയ് 1 മുതല്‍ 25 ശതമാനം ജോലികള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. അത് പൂര്‍ത്തിയാക്കാന്‍ അവര്‍ തങ്ങളുടേതായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ക്രമേണ, അത്തരമൊരു സുപ്രധാന ദൗത്യത്തിലെ ബുദ്ധിമുട്ടുകള്‍ അവര്‍ മനസ്സിലാക്കാനും തുടങ്ങി. ലോകമെമ്പാടുമുള്ള വാക്‌സിനേഷന്റെ അവസ്ഥ സംസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു വശത്ത് മെയ് മാസത്തില്‍ രണ്ടാമത്തെ തരംഗമുണ്ടായതും മറുവശത്ത് വാക്‌സിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കുന്നതും മൂന്നാമതു വശത്തു സംസ്ഥാന ഗവണ്‍മെന്റുകളുടെ ബുദ്ധിമുട്ടുകളും ഞങ്ങള്‍ ശ്രദ്ധിച്ചു. മെയ് മാസത്തില്‍ രണ്ടാഴ്ച കടന്നുപോകുമ്പോള്‍, ചില സംസ്ഥാനങ്ങള്‍ മുമ്പത്തെ സമ്പ്രദായം മികച്ചതാണെന്ന് പരസ്യമായി പറയാന്‍ തുടങ്ങി. പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാനങ്ങളെ ഏല്‍പ്പിക്കണമെന്ന് വാദിച്ചവരും അവരുടെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ തുടങ്ങി. യഥാസമയം പുനര്‍വിചിന്തനം നടത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍ വീണ്ടും മുന്നോട്ട് വന്നത് ഒരു നല്ല കാര്യമാണ്. സംസ്ഥാനങ്ങളുടെ ഈ ആവശ്യത്തെത്തുടര്‍ന്ന്, ഇനി നാട്ടുകാര്‍ കഷ്ടപ്പെടേണ്ടതില്ലെന്നും അവരുടെ കുത്തിവയ്പ്പ് സുഗമമായി മുന്നോട്ട് പോകണമെന്നും ഞങ്ങള്‍ കരുതി, അതിനാല്‍ മെയ് ഒന്നിന് മുമ്പ്, അതായത് ജനുവരി 16 മുതല്‍ ഏപ്രില്‍ അവസാനം വരെ, നിലവിലുണ്ടായിരുന്ന പഴയ സമ്പ്രദായം നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
സുഹൃത്തുക്കളെ,
സംസ്ഥാനങ്ങളുമായുള്ള പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട 25 ശതമാനം ജോലിയുടെ ഉത്തരവാദിത്തം കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുമെന്ന് ഇന്ന് തീരുമാനിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ക്രമീകരണം നടപ്പിലാക്കും. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തും. യാദൃച്ഛികമായി, രണ്ടാഴ്ചയ്ക്ക് ശേഷം, ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം വരുന്നു. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് സൗജന്യ വാക്‌സിനുകള്‍ നല്‍കും. മൊത്തം വാക്‌സിന്‍ ഉല്‍പാദനത്തിന്റെ 75 ശതമാനം കേന്ദ്ര ഗവണ്‍മെന്റ് തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് സൗ ജന്യമായി നല്‍കും. അതായത്, രാജ്യത്തെ ഒരു സംസ്ഥാന ഗവണ്‍മെന്റിനും വാക്സിനായി ഒന്നും ചെലവഴിക്കേണ്ടതില്ല. ഇതുവരെ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വാക്‌സിനുകള്‍ ലഭിച്ചു.
ഇപ്പോള്‍ 18 വയസ് പ്രായമുള്ളവരും ഇതിന്റെ ഭാഗമാകും. കേന്ദ്ര ഗവണ്‍മെന്റ് തന്നെ എല്ലാ നാട്ടുകാര്‍ക്കും സൗജന്യ വാക്‌സിനുകള്‍ നല്‍കും. ദരിദ്രരായാലും താഴ്ന്ന മധ്യവര്‍ഗമായാലും മധ്യവര്‍ഗമായാലും ഉപരിവര്‍ഗമായാലും സൗജന്യ വാക്‌സിനുകള്‍ മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയില്‍ നല്‍കൂ. വാക്‌സിന്‍ സൗജന്യമായി ലഭിക്കാന്‍ ആഗ്രഹിക്കാത്തവരും സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ബുദ്ധിമുട്ടേണ്ടിവരില്ല. രാജ്യത്ത് 25 ശതമാനം വാക്‌സിന്‍ സ്വകാര്യമേഖലാ ആശുപത്രികള്‍ വാങ്ങുന്ന സംവിധാനം തുടരും. വാക്‌സിനു നിശ്ചയിച്ച വിലയ്ക്കു പുറമെ ഒരു ഡോസിന് പരമാവധി 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കഴിയും. ഇത് നിരീക്ഷിക്കാനുള്ള ചുമതല സംസ്ഥാന ഗവണ്‍മെന്റുകളുടെ പക്കലുണ്ടാകും.
സുഹൃത്തുക്കളെ,
ഇത് നമ്മുടെ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുണ്ട് प्राप्य आपदं न व्यथते कदाचित्, उद्योगम् अनु इच्छति चा प्रमत्त അതായത്, ജേതാക്കള്‍ വിപത്ത് വരുമ്പോള്‍ ഉപേക്ഷിക്കുന്നില്ല. മറിച്ച് സംരംഭകത്വം പുലര്‍ത്തുകയും കഠിനാധ്വാനം ചെയ്തു ജയം നേടുകയും ചെയ്യും. 130 കോടിയിലധികം ഇന്ത്യക്കാര്‍ പരസ്പര സഹകരണത്തോടെയും രാപ്പകല്‍ കഠിനാധ്വാനത്തിലൂടെയും കൊറോണയ്ക്കെതിരെ പോരാടി. ഭാവിയില്‍, നമ്മുടെ പരിശ്രമവും സഹകരണവും കൊണ്ട് മാത്രമേ നമ്മുടെ യാത്ര ശക്തിപ്പെടുകയുള്ളൂ. വാക്‌സിനുകള്‍ ലഭിക്കുന്നതിനുള്ള വേഗത നാം ത്വരിതപ്പെടുത്തുകയും വാക്‌സിനേഷന്‍ പദ്ധതിക്കു കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്യും. ഇന്ത്യയിലെ വാക്‌സിനേഷന്‍ ലോകത്തില്‍ ഏറ്റവു വേഗമുള്ള വാക്‌സിനേഷന്‍ പദ്ധതികളില്‍ പെടുന്നു എന്നു നാം ഓര്‍ക്കണം. പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് വേഗത കൂടുതലാണ്. നമ്മുടെ സാങ്കേതിക പ്ലാറ്റ്‌ഫോം കോവിന്‍ ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്നു. ഇന്ത്യയുടെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പല രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാക്‌സിനേഷന്റെ ഓരോ ഡോസും എത്രത്തോളം പ്രധാനമാണെന്ന് നാമെല്ലാവരും കാണുന്നു. എപ്പോള്‍, എത്ര ഡോസുകള്‍ ലഭിക്കുമെന്ന് ഓരോ സംസ്ഥാനത്തെയും ഏതാനും ആഴ്ചകള്‍ക്കുമുമ്പ് അറിയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ക്രമീകരണം നടത്തിയിട്ടുണ്ട്. മാനവികതയുടെ ഈ പവിത്രമായ പ്രവര്‍ത്തനത്തില്‍ വാദങ്ങളും രാഷ്ട്രീയ കലഹങ്ങളും പോലുള്ളവയെ ആരും നല്ലതായി കാണുന്നില്ല. വാക്‌സിനുകള്‍ പൂര്‍ണ്ണ അച്ചടക്കത്തോടെ നല്‍കേണ്ടത് ഓരോ ഗവണ്‍മെന്റിന്റെയും പൊതു പ്രതിനിധിയുടെയും ഭരണകൂടത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. അതിനാല്‍ വാക്‌സിനുകളുടെ ലഭ്യതയനുസരിച്ച് രാജ്യത്തെ ഓരോ പൗരനും നല്‍കാനാകും.
പ്രിയ നാട്ടുകാരേ,
വാക്‌സിനേഷനുപുറമെ, മറ്റൊരു പ്രധാന തീരുമാനത്തെക്കുറിച്ച് ഇന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം, കൊറോണ കാരണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവന്നപ്പോള്‍, പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ എട്ട് മാസത്തേക്ക് 80 കോടിയിലധികം നാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍ നമ്മുടെ രാജ്യം ഒരുക്കിയിരുന്നു. രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലും പദ്ധതി നീട്ടി. പ്രധാന മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന ഇപ്പോള്‍ ദീപാവലി വരെ നീട്ടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത്, ദരിദ്രരുടെ പങ്കാളിയായി അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഗവണ്‍മെന്റ് നിലകൊള്ളുന്നു.
അതായത് നവംബര്‍ വരെ എല്ലാ മാസവും 80 കോടിയിലധികം രാജ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നിശ്ചിത അളവില്‍ ലഭ്യമാകും. ഈ ശ്രമത്തിന്റെ ഉദ്ദേശ്യം എന്റെ പാവപ്പെട്ട സഹോദരീ സഹോദരന്മാരാരും അവരുടെ കുടുംബങ്ങളും പട്ടിണി കിടക്കരുത് എന്നതാണ്.
സുഹൃത്തുക്കളെ,
ഈ ശ്രമങ്ങള്‍ക്കിടയില്‍, പല ഭാഗങ്ങളില്‍ നിന്നായി വാക്‌സിനെക്കുറിച്ചുള്ള ആശയക്കുഴപ്പവും അഭ്യൂഹങ്ങളും ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ ആശങ്ക നിങ്ങളെ അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. വാക്‌സിനുകള്‍ക്കായുള്ള പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചതു മുതല്‍, ചില ആളുകള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സാധാരണക്കാരുടെ മനസ്സില്‍ സംശയം ജനിപ്പിച്ചു. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തുന്നതിനും നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമം നടന്നു. ഇന്ത്യയുടെ വാക്‌സിന്‍ വന്നപ്പോള്‍, പല വഴികളിലൂടെയും സംശയങ്ങളും ആശങ്കകളും ഉയര്‍ത്തുന്നതു വര്‍ദ്ധിച്ചു. വാക്‌സിന്‍ ഉപയോഗിക്കുന്നതിനെതിരെ വിവിധ വാദങ്ങള്‍ പ്രചരിപ്പിച്ചു. രാജ്യം അവരെയും നിരീക്ഷിക്കുന്നുണ്ട്. വാക്‌സിനെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുകയും കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ നിരപരാധികളായ സഹോദരങ്ങളുടെ ജീവിതവുമായി കളിക്കുന്നു.
അത്തരം അഭ്യൂഹങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. വാക്സിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് സഹകരിക്കണമെന്ന് സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങളോടും യുവാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ കൊറോണ കര്‍ഫ്യൂവില്‍ പലയിടത്തും ഇളവ് നല്‍കുന്നുണ്ട്, എന്നാല്‍ കൊറോണ അപ്രത്യക്ഷമായി എന്ന് ഇതിനര്‍ത്ഥമില്ല. കൊറോണയില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള നിയമങ്ങള്‍ നാം ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണം. കൊറോണയ്ക്കെതിരായ ഈ യുദ്ധത്തില്‍ നാമെല്ലാവരും വിജയിക്കുമെന്ന് ഇന്ത്യക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ ആശംസകളോടെ, എല്ലാ നാട്ടുകാര്‍ക്കും വളരെ നന്ദി!

 

***(Release ID: 1725836) Visitor Counter : 613