വിദ്യാഭ്യാസ മന്ത്രാലയം
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു
മാര്‍ഗനിര്‍ദേശങ്ങള്‍ സമഗ്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍
Posted On:
08 JUN 2021 12:43PM by PIB Thiruvananthpuram
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാല്‍ 'നിഷാങ്ക്' അനുമതി നല്‍കി. വിവിധ സ്വഭാവത്തിലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ യത്‌നങ്ങളും ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സമഗ്ര സംരംഭം പിഎം ഇ-വിദ്യ എന്ന പേരില്‍ 2020 മെയ് 17 ന് ആരംഭിച്ചിരുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക ഇ-ഉള്ളടക്കത്തിന്റെ വികസനം ഇതിന്റെ ഭാഗമാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചു.
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ (children with special needs- സിഡബ്ല്യുഎസ്എന്‍) എന്നും വിശേഷിപ്പിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമം ഇതാദ്യമായാണ് നടത്തുന്നത്. അതുവഴി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ് പൂര്‍ത്തീകരിക്കുന്നത്. ''ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍'' എന്ന പേരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പതിനൊന്ന് വിഭാഗങ്ങളും രണ്ട് അനുബന്ധങ്ങളുമാണുള്ളത്. റിപ്പോര്‍ട്ട് വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചത്.
ഇ-ഉള്ളടക്ക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ഇ-ഉള്ളടക്കം നാല് തത്വങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിക്കണം: അവ തിരിച്ചറിയപ്പെടുന്നതും പ്രവര്‍ത്തിപ്പിക്കാവുന്നതും മനസ്സിലാക്കാവുന്നതും കരുത്തുറ്റതുമായിരിക്കണം.
കുറിപ്പുകള്‍, പട്ടികകള്‍, രേഖാചിത്രങ്ങള്‍, ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, വിഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇ-ഉള്ളടക്കം പ്രവേശനക്ഷമതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം: ദേശീയ മാനദണ്ഡങ്ങള്‍ (ഇന്ത്യാ ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ - ജിഐജിഡബ്ല്യു 2.0), അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ (വെബ് ഉള്ളടക്ക പ്രാപ്യതാ മാനദണ്ഡങ്ങള്‍- ഡബ്ല്യുസിഎജി 2.1, ഇ- പ്രസിദ്ധീകരണം -ഇ-പബ്, വായ്‌നാ പരിമിതികളുള്ള കുട്ടികള്‍ക്കു സഹായകമായ മള്‍ട്ടിമീഡിയ സംവിധാനം - ഡയ്സി (daisy) മുതലായവ).
ഉള്ളടക്കം അപ്ലോഡുചെയ്ത വിതരണ പ്ലാറ്റ്ഫോമുകളും (ഉദാ. വിജ്ഞാനം പങ്കുവയ്ക്കുന്ന പോര്‍ട്ടലിനുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം- ഡിക്ഷ) ഉള്ളടക്കം പ്രാപ്യമാകുന്നതും സംവദിക്കുന്നതുമായ വായനാ പ്ലാറ്റ്‌ഫോമുകളോ സാമഗ്രികളോ (ഉദാ. ഇ-പാഠശാല) സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ന്യായമായ പ്രത്യേക സൗകര്യങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്
സാങ്കേതിക മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിന്റെ നാലാം വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്.
ഘട്ടം ഘട്ടമായി ഡിജിറ്റല്‍ പാഠപുസ്തകങ്ങളിലേക്ക് (എ.ഡി.ടി) പ്രവേശിക്കാവുന്ന പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്താം. എ ഡി റ്റികളുടെ ഉള്ളടക്കം ഓണ്‍, ഓഫ് സവിശേഷതകള്‍ ഉപയോഗിച്ച് ഒന്നിലധികം രീതികളില്‍ (കുറിപ്പ്, ശബ്ദരേഖ, വീഡിയോ, ആംഗ്യഭാഷ മുതലായവ) നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉള്ളടക്കത്തോടും പ്രവൃത്തികളോടും പലതരത്തില്‍ പ്രതികരിക്കുന്നതിന് കൂടുതല്‍ ഇണങ്ങുന്ന എ ഡി റ്റികള്‍ നല്‍കണം. എഡിടികള്‍ വികസിപ്പിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിലവിലുള്ള അന്തര്‍ദ്ദേശീയവും ദേശീയവുമായ അനുഭവത്തിനൊപ്പം എന്‍സിആര്‍ടിയുടെ സമീപകാല അനുഭവങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്തു: അച്ചടി, ഡിജിറ്റല്‍ രീതികളിലെ വായനയ്ക്കുതകുന്ന ബാര്‍ഖ പരമ്പര, എല്ലാവര്‍ക്കും പ്രാപ്യമായ പാഠപുസ്തകങ്ങള്‍, വൈകല്യമുള്ളവരും അല്ലാത്തവരുമായ പഠിതാക്കള്‍ക്കായി യുണിസെഫ് തയ്യാറാക്കിയ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടിന്റെ 5-ാം ഭാഗമായി അവതരിപ്പിച്ചിരിക്കുന്നു.
ബൗദ്ധിക, വികാസ പരിമിതികള്‍, ഒന്നിലധികം പരിമിതികള്‍, ഓട്ടിസം, കാഴ്ച പരിമിതി, കേള്‍വി പരിമിതി തുടങ്ങിയവയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, 2016ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമത്തില്‍ വ്യക്തമാക്കിയ 21 പരിമിതികള്‍ പ്രകാരമുള്ള അനുബന്ധ ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉള്ളടക്കം തയ്യാറാക്കുന്നവര്‍, ഉള്ളടക്കം രൂപകല്‍പ്പന ചെയ്യുന്നവര്‍, വികസിപ്പിക്കുന്നവര്‍, പ്രസാധകര്‍ എന്നിവരുമായി പങ്കിടുന്നതിന് ശുപാര്‍ശകളുടെ ഒരു സംഗ്രഹം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം നടപ്പാക്കല്‍ റോഡ്മാപ്പും റിപ്പോര്‍ട്ടിലുണ്ട്.
ആംഗ്യഭാഷാ വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും റിപ്പോര്‍ട്ടിന്റെ അനുബന്ധം -1 ല്‍ നല്‍കിയിരിക്കുന്നു.
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായി ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിന് തുടക്കമിടും. മികച്ച സാങ്കേതികവിദ്യയുടെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി മെച്ചപ്പെടാനാകുന്ന വിധം അവര്‍ ഊര്‍ജ്ജസ്വലരാണെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു.
***
(Release ID: 1725337)
Visitor Counter : 269